ഇന്ത്യയുടെ ഇതിഹാസ അത്‌ലറ്റ് ‘പറക്കും സിഖ്’ അന്തരിച്ചു

ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം പറക്കും സിഖ് എന്ന മിൽഖാ സിങ് (91) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്നുണ്ടായ സങ്കീർണതകളെ തുടർന്നാണ് മരണം.

ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് മിൽഖാ സിങ്ങിനെ ചണ്ഡീഗഡിലെ പിജിഐഎംഇആർ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. മെയ് 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയിൽ അദ്ദേഹം നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്സിജൻ ലെവൽ കുറയുകയും ചെയ്തു. ഇതോടെ 91-കാരനായ താരത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

നേരത്തെ കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ച്ചാർജ് ആയശേഷം ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്തതിനെ തുടർന്ന് ചണ്ഡീഗഡിലെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു.

ഭാര്യയും ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റനുമായ നിർമൽ കൗറിന്റെ മരണത്തിന് അഞ്ചു ദിവസത്തിനു ശേഷമാണ് മിൽഖാ സിങ്ങിന്റെ മരണം സംഭവിച്ചിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൊഹാലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നിർമൽ.

പറക്കും സിഖ് എന്ന പേരിലറിയപ്പെടുന്ന മിൽഖ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും 400 മീറ്ററിൽ സ്വർണം നേടിയ ഏക ഇന്ത്യക്കാരനാണ്. 1958, 1962 വർഷങ്ങളിൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ മിൽഖ സിങ് 1956 മെൽബൺ ഒളിമ്പിക്സിലും 1960 റോം ഒളിമ്പിക്സിലും 1964 ടോക്യോ ഒളിമ്പിക്സിലും ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചു.

ഏഷ്യൻ ഗെയിംസിൽ നാല് തവണ സ്വർണ മെഡൽ നേടിയിട്ടുണ്ട്. 1960-ലെ റോം ഒളിമ്പിക്സിൽ 400 മീറ്ററിൽ നാലാം സ്ഥാനത്തെത്തി. 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്.

1958-ൽ കട്ടക്കിൽ നടന്ന ദേശീയ ഗെയിംസിൽ 200, 400 മീറ്ററിലും അദ്ദേഹം സ്വർണ്ണം നേടിയിട്ടുണ്ട്. 1964-ൽ കൊൽക്കത്തയിൽ നടന്ന ദേശീയ ഗെയിംസിൽ 400 മീറ്ററിൽ അദ്ദേഹം വെള്ളിയും നേടി. രാജ്യത്തിനായി അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 1959-ൽ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *