എക്സ്പോ 2020 വേദിയിൽ മിന്നും താരമായി മിറ

എക്സ്പോ 2020 ഉദ്ഘാടന ചടങ്ങിൽ മിന്നും താരമായി മിറയെന്ന ഇന്ത്യൻ പെൺകുട്ടി. ഒരു നാടോടിക്കഥ പറയുന്ന രീതിയിൽ അവതരിപ്പിച്ച പരിപാടിയിൽ എമിറാത്തി മുത്തശ്ശനോടൊപ്പം കൊച്ചുമകളായ അറബിപ്പെൺകുട്ടിയായി വേഷമിട്ടത് ദുബായ് ജെഎസ്എസ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി മിറാ സിങ് (11). സ്വദേശി ബാലികമാരടക്കം ഒട്ടേറെ പെൺകുട്ടികളെ മറികടന്നാണ് ഇന്ത്യക്കാർക്ക് അഭിമാനം പകർന്ന് ഉത്തരാഖണ്ഡ് നൈനിറ്റാൾ സ്വദേശി മിറയ്ക്ക് ഈ അപൂർവാവസരം ലഭിച്ചത്.

പ്രതീക്ഷ’ എന്ന പ്രമേയത്തിൽ അറബ് നാടോടിക്കഥാശൈലിയിൽ രണ്ടര മണിക്കൂറോളം നീണ്ട ഉദ്ഘാടനച്ചടങ്ങിന്റെ ആദ്യവസാനം വരെ മിറാ സിങ് വിസ്മയനേത്രങ്ങൾ തുറന്ന് പ്രത്യക്ഷപ്പെട്ടു. അറബ് പെൺകുട്ടിക്ക് മുത്തശ്ശൻ നാടിന്റെ ചരിത്രവും പൈതൃകവും മറ്റും പകർന്നു കൊടുക്കുന്നതായിരുന്നു പ്രമേയം.

അദ്ദേഹം നൽകിയ അത്ഭുതവളയം ഉപയോഗിച്ച് അവൾ വർണക്കാഴ്ചകൾ ആസ്വദിക്കുന്നു. കഴിഞ്ഞുപോയ സുവർണകാലം അവളുടെ മുന്നിൽ പീലിവിടർത്തിയാടുന്നു. അതിന്റെ അഭൗമ സൗന്ദര്യത്തിൽ മുഴുകി വേദിയിൽ ഒഴുകി നടക്കുകയായിരുന്നു മുത്തശ്ശന്റെ പ്രിയപ്പെട്ട കൊച്ചുമകൾ. പഴയ തലമുറ പുതുതലമുറയ്ക്ക് കൈമാറുന്ന നന്മയുടെ കാഴ്ചകൾ. ഈ കഥാപാത്രത്തെ വളരെ തന്മയത്വത്തോടെയാണ് മിറാ സിങ് അവതരിപ്പിച്ചത്.

കൊച്ചുകുട്ടിയായിരുന്നപ്പോഴേ യുഎഇയിലെ മോഡലിങ് രംഗത്ത് ശ്രദ്ധേയായ മിറാ സിങ് ഈ മേഖലയിൽ ഇതിനകം ശ്രദ്ധേയനായ മലയാളി ബാലൻ ഐസിൻ ഹാഷിനൊപ്പം ഒട്ടേറെ പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

സ്വദേശി ബാലികമാരടക്കം നിരവധി കുട്ടികൾ പങ്കെടുത്ത ഓഡിഷനിലൂടെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ തെരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം ആദ്യവാരം പരിപാടിയുടെ റിഹേഴ്സൽ ആരംഭിച്ചിരുന്നു. സ്വദേശി നടൻ ഹബീബ് ഗുലൂം ആണ് മുത്തശ്ശനായി വേഷമിട്ടത്.

ദുബായിൽ ബിസിനസുകാരനായ ജിതിൻ സിങ് ശ്വേത ദമ്പതികളുടെ മകളാണ് മിറാ സിങ്. ഏക സഹോദരൻ: അർമാൻ സിങ്.

Leave a Reply

Your email address will not be published. Required fields are marked *