മലയാളത്തിന്‍റെ ഇതിഹാസ കഥാകാരന്‍’ഒ.വി വിജയന്‍’


മലയാളത്തിൽ ആധുനിക സാഹിത്യത്തിന് അടിത്തറ പാകിയ എഴുത്തുകാരനാണ് ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ എന്ന ഒ.വി. വിജയൻ. കാർ‍ട്ടൂണിസ്റ്റ് ചെറുകഥാകൃത്ത് നോവലിസ്റ്റ് ഒപ്പം പത്രപ്രവർത്തകനും കോളമെഴുത്ത് മുതലായ വിവിധ മേഖലകളിൽ പ്രവർത്തിച്ചു. 1930 ജൂലൈ 2 ന് പാലക്കാട് വിളയന്‍ചാത്തനൂരില്‍ ഒ.വി.വിജയന്റെ ജനനം.


അച്ഛൻ വേലുക്കുട്ടി, അമ്മ കമലാക്ഷിയമ്മ. ചെന്നൈ പ്രസിഡന്‍സി കോളജില്‍നിന്ന് ഇംഗ്ലിഷ് എം.എ. കുറച്ചുകാലം കോളജില്‍ അദ്ധ്യാപകന്‍. പിന്നീട് ശങ്കേഴ്‌സ് വീക്ക്‌ലി, പെട്രിയറ്റ്, ദ സ്റ്റേറ്റ്‌സ്മാന്‍ എന്നീ ആനുകാലികങ്ങളില്‍ പത്രപ്രവര്‍ത്തകന്‍. 1975 ൽ ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ നിശിതമായ വിമർശനം എഴുത്തിലൂടെയും കാർട്ടൂണുകളിലൂടെയും ആവിഷ്കരിച്ച ഇന്ത്യൻ എഴുത്തുകാരിൽ ഒരാൾ വിജയനാണ്. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം ഇതിനു തെളിവാണ്. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉൾക്കാഴ്ചയോടെ ദീർഘദർശനം ചെയ്ത ധർമ്മപുരാണം എന്ന നോവൽ വിജയനെ മലയാളത്തിലെ എഴു‍ത്തുകാരിൽ ശ്രദ്ധേയനാക്കി. നോവലുകളും കഥകളും സ്വയം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.


നോവല്‍, കഥ, ലേഖനം, കാര്‍ട്ടൂണ്‍ തുടങ്ങിയ വിഭാഗങ്ങളിലായി 30 കൃതികള്‍. 1990-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്; സാഹിത്യ അക്കാദമി അവാര്‍ഡ്, 1991-ല്‍ വയലാര്‍ അവാര്‍ഡ് (ഗുരുസാഗരം), 1992-ല്‍ മുട്ടത്തു വര്‍ക്കി അവാര്‍ഡ് (ഖസാക്കിന്റെ ഇതിഹാസം), 1999-ല്‍ എം.പി. പോള്‍ അവാര്‍ഡ് (തലമുറകള്‍) എന്നീ പുരസ്‌കാരങ്ങള്‍. 2001-ല്‍ കേരള ഗവണ്മെന്റിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം. 2003-ല്‍ പത്മഭൂഷണ്‍ ലഭിച്ചു.


ഭാര്യ ഡോക്ടർ തെരേസ ഗബ്രിയേൽ ഹൈദരാബാദ് സ്വദേശിയാണ്. ഏകമകൻ മധുവിജയൻ അമേരിക്കയിലെ ഒരു പരസ്യക്കമ്പനിയിൽ ക്രീയേറ്റീവ് ഡയറക്ടറായി ജോലിചെയ്യുന്നു. പ്രശസ്ത കവയിത്രിയും ഗാ‍നരചയിതാവുമായ ഒ.വി. ഉഷ, ഒ.വി വിജയന്റെ ഇളയ സഹോദരിയാണ്. അവസാനക്കാലത്ത് പാർക്കിൻസൺസ് രോഗം ബാധിച്ചിരുന്ന വിജയൻ 2005 മാര്‍ച്ച് 30-ന് അന്തരിച്ചു.


പ്രധാന കൃതികള്‍


നോവല്‍ / ധര്‍മ്മപുരാണം, ഗുരുസാഗരം, തലമുറകള്‍, ഖസാക്കിന്റെ ഇതിഹാസം, മധുരം ഗായതി, പ്രവാചകന്റെ വഴി.
കഥ / വിജയന്റെ കഥകള്‍, ഒരു നീണ്ട രാത്രിയുടെ ഓര്‍മ്മയ്ക്കായി, കാറ്റ് പറഞ്ഞ കഥ, അശാന്തി, ബാലബോധിനി, പൂതപ്രബന്ധവും മറ്റ് കഥകളും, കുറെ കഥാബീജങ്ങള്‍, ഒ.വി. വിജയന്റെ കഥകള്‍, എന്റെ പ്രിയപ്പെട്ട കഥകള്‍, അരക്ഷിതാവസ്ഥ, കടല്‍ത്തീരത്ത്


ലേഖനം / ഇതിഹാസത്തിന്റെ ഇതിഹാസം, ഘോഷയാത്രയില്‍ തനിയെ, ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മ, സന്ദേഹിയുടെ സംവാദം, വര്‍ഗ്ഗസമരം, സ്വത്വം
കുറിപ്പുകള്‍ / ഹൈന്ദവനും അതിഹൈന്ദവനും, അന്ധനും അകലങ്ങള്‍ കാണുന്നവനും, ഒ.വി. വിജയന്റെ ലേഖനങ്ങള്‍


ആക്ഷേപഹാസ്യം / എന്റെ ചരിത്രാന്വേഷണ പരീക്ഷകള്‍


കാര്‍ട്ടൂണ്‍ ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം, Tragic Idiom
സ്മരണ / സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരല്‍മീൻ.


കടപ്പാട് വിക്കി പീഡിയ

Leave a Reply

Your email address will not be published. Required fields are marked *