ഭാവഗായകന്‍ @ 79

എത്ര കേട്ടാലും മതിവരാത്ത അനേകമനേകം ഗാനങ്ങളിലൂടെ ഗായകനായും നടനായുമൊക്കെ സിനിമാലോകത്ത് സജീവമായിട്ട് അരനൂറ്റാണ്ടിലേറെ കാലം പിന്നിട്ടെങ്കിലും ആ സ്വരത്തിന് ഇന്നും മധുരപതിനേഴ്.

1944 മാര്‍ച്ച് 3ന് എറണാകുളം രവിപുരത്ത് ഭദ്രാലയത്തിൽ രവിവർമ്മ കൊച്ചനിയൻ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും മകനായി ജനിച്ചു ഈ കുടുംബം പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. സുവോളജിയിൽ ബിരുദം നേടിയിട്ടുണ്ട്. സ്കൂള്‍ കലോത്സവങ്ങളിൽ മൃദംഗവും ലളിതഗാനത്തിലും നിരവധി സമ്മാനങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെയാണ് അദ്ദേഹം സംഗീതലോകത്തേക്ക് എത്തിയത്. സംഗീതത്തിൽ അദ്ദേഹത്തിന്‍റെ ആദ്യ ഗുരു രാമനാഥൻ മാഷാണ്. സിനിമയിൽ ദേവരാജൻ മാഷും. സ്വന്തം പിതാവിനെപ്പോലെയാണ് തനിക്ക് ദേവരാജൻ മാഷെന്ന് അഭിമുഖങ്ങളിൽ പി ജയചന്ദ്രൻ പറഞ്ഞിട്ടുണ്ട്.

അത്രയ്ക്ക് ജീവിതത്തിൽ അദ്ദേഹം സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ വാക്കുകള്‍. അര്‍ജ്ജുനൻ മാഷിനെ ദൈവതുല്യനായാണ് പി ജയചന്ദ്രൻ കാണുന്നത്. എം.എസ്. വിശ്വനാഥൻ, വി ദക്ഷിണാമൂര്‍ത്തി, ബാബുരാജ്, രാഘവൻ മാഷ് ഇവരും അദ്ദേഹത്തിന്‍റെ സിനിമാ സംഗീത ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയവരാണ്.1965-ൽ കളിത്തോഴൻ എന്ന സിനിമയിൽ പി ഭാസ്കരൻ എഴുതി ജി ദേവരാജൻ മാഷ് ഈണമിട്ട മഞ്ഞലയിൽ മുങ്ങി തോര്‍ത്തി…. എന്ന പാട്ടുപാടിക്കൊണ്ടാണ് സിനിമ സംഗീത ലോകത്തേക്ക് എത്തിയത്. ശേഷം ഇതുവരെ നിരവധി സിനിമകളിൽ മധുരതരമായ പാട്ടുകളിലൂടെ അദ്ദേഹം വിസ്മയിപ്പിച്ചിട്ടുണ്ട്.

എം.എസ് വിശ്വനാഥൻ സംഗീതം നൽകിയ പണിതീരാത്ത വീട് എന്ന ചിത്രത്തിനുവേണ്ടി ആലപിച്ച നീലഗിരിയുടെ സഖികളേ, ജ്വാലാ മുഖികളേ… എന്ന ഗാനത്തിന് 1972 ലെ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആദ്യമായി ലഭിച്ചു.

1973 ൽ പുറത്തിറങ്ങിയ മണിപ്പയൽ എന്ന സിനിമയിലെ തങ്കച്ചിമിഴ് പോൽ… എന്ന ഗാനത്തിലൂടെ എം.എസ്.​വിശ്വനാഥനാണ് അദ്ദേഹത്തെ തമിഴിൽ അവതരിപ്പിച്ചത്‌. എം. ബി. ശ്രീനിവാസൻ സംഗീതം നൽകിയ ബന്ധനം എന്ന ചിത്രത്തിലെ രാഗം ശ്രീരാഗം എന്ന ഗാനത്തിലൂടെ 1978 ൽ കേരള സംസ്ഥാന അവാർഡ് ലഭിച്ചു. 1985 ൽ ജി. ദേവരാജൻ സംഗീതം നൽകിയ ശ്രീ നാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സർവ്വ ശരണ്യ വിഭോ…. എന്ന ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും നിറം എന്ന ചിത്രത്തിലെ പ്രായം നമ്മിൽ.. എന്ന ഗാനം 1998 ൽ മികച്ച ഗായകനുള്ള മൂന്നാമത്തെ കേരള സംസ്ഥാന പുരസ്കാരത്തിന് അർഹനാക്കി. 1975 ൽ ആർ.‌കെ ശേഖറിന്റെ സംഗീത സംവിധാനത്തിൽ, അക്കാലത്ത് കേവലം 9 വയസ് പ്രായമുണ്ടായിരുന്ന ദിലീപ് ശേഖർ (ഇപ്പോൾ എ. ആർ റഹ്മാൻ) ആദ്യമായി ചിട്ടപ്പെടുത്തിയ പെൺപട എന്ന മലയാള സിനിമയ്ക്കുവേണ്ടി വെള്ളിത്തേൻ കിണ്ണം പോൽ…. എന്ന ഗാനം ആലപിച്ചിരുന്നു. 1984 ൽ പുറത്തിറങ്ങിയ വൈദേഹി കാത്തിരുന്താൾ എന്ന ചിത്രത്തിലൂടെ ഇളയരാജയുമായി രാസാത്തി ഒന്നെ കാണാതെ നെഞ്ച് കാത്താടി പോലാട്ത്…, കാത്തിരുന്തു കാത്തിരുന്തു…, മയങ്കിനേൻ സൊല്ല തയങ്കിനേൻ (1985 നാനേ രാജ നാനേ മന്ത്രി), വാഴ്കയേ വേഷം (1979 ആറിലിരുന്തു അറുപതു വരൈ), പൂവാ എടുത്തു ഒരു (1986 അമ്മൻ കോവിൽ കിഴക്കാലെ), താലാട്ടുതേ വാനം (1981 കടൽ മീൻകൾ) എന്നിവയുൾപ്പെടെ തമിഴ് ഭാഷയിൽ നിരവധി ജനപ്രിയ ഹിറ്റുകൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. 1994 ൽ എ. ആർ. റഹ്മാൻ സംഗീതം നൽകിയ കിഴക്കു ചീമയിലെ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചതിന്റെ പേരിൽ മികച്ച ഗായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. തമിഴ് ചലച്ചിത്ര സംഗീതത്തിന് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമെന്ന നിലയിൽ 1997 ൽ തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡിന് അർഹനായി. 2001 ന്റെ തുടക്കത്തിൽ ജയചന്ദ്രന് ‘സ്വരലയ കൈരളി യേശുദാസ് അവാർഡ്’ നൽകി ആദരിക്കുകയും ഈ പുരസ്കാരം ലഭിച്ച ആദ്യ ഗായകനാകുകയും ചെയ്തു.

മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ ജെ. സി ഡാനിയേൽ അവാർഡ് നൽകി കേരള സർക്കാർ അദ്ദേഹത്തെ ആദരിച്ചു. നഖക്ഷതങ്ങൾ, ട്രിവാൻഡ്രം ലോഡ്ജ് ഉൾപ്പെടെ ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. 2008 ൽ എ. ആർ. റഹ്മാൻ സംഗീതം നൽകിയ ADA … എ വേ ഓഫ് ലൈഫ് എന്ന ചിത്രത്തിനായി അൽക യാഗ്നിക്കിനൊപ്പം പാടിക്കൊണ്ട് ബോളിവുഡിലും അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടിലേറെയായി, ഇതുവരെ പതിനയ്യായിരത്തിലേറെ പാട്ടുകൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. പ്രതി പൂവൻ കോഴി എന്ന സിനിമയിലാണ് ഒടുവിലായി പാടിയത്. കര്‍ണാടക ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും 77-ാം പിറന്നാള്‍ ദിനത്തിൽ പാടിയ കീര്‍ത്തനങ്ങൾ ഏറെ ശ്രദ്ധനേടി. കര്‍ണാടക ശാസ്ത്രീയ സംഗീതത്തില്‍ ആദ്യമായാണ് അദ്ദേഹം കീര്‍ത്തനങ്ങള്‍ ആലപിച്ച് പുറത്തിറക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *