1000 രൂപയുടെ കൂപ്പണടിച്ചാല്‍ സമ്മാനം 68 സെന്റ് സ്ഥലം !!!!

വേറിട്ട ഒരു ഭാഗ്യപരീക്ഷണത്തിന് മുതിര്‍ന്നിരിക്കുകയാണ് കല്ലൂർ നായരങ്ങാടി തുണിയമ്പ്രാലിൽ മുജി തോമസും ഭാര്യ ബൈസിയും.1000 രൂപ മുടക്കി കൂപ്പൺ എടുക്കുന്നവരിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് ഭൂമി സൗജന്യമായി നൽകുമെന്നാണു വാഗ്ദാനം. സ്വന്തം ഭൂമിയിൽ കൂപ്പൺ വിൽപനയുടെ പരസ്യ ബോർഡും സ്ഥാപിച്ചു കഴിഞ്ഞു. നാലുവര്‍ഷമായി സ്ഥലം വില്‍പന നടക്കാതെ വന്നപ്പോഴാണ് വ്യത്യസ്ത വഴി തെരെഞ്ഞെടുക്കാന്‍ ദമ്പതികള്‍ തീരുമാനിച്ചത്.

കടബാധ്യതയും മകന്റെ പഠനാവശ്യങ്ങളുമാണു ഭൂമി വിൽക്കാൻ ഇവരെ പ്രേരിപ്പിച്ചത്. ആദ്യം പ്രളയവും പിന്നീടു കോവിഡുമൊക്കെ വന്നപ്പോൾ ഭൂമിക്കച്ചവടം മൊത്തത്തിൽ തളർന്നതോടെയാണു സ്ഥലം വിൽക്കാനുള്ള ശ്രമം നടക്കാതായത്. വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച ചിലർ ന്യായവില പോലും വാഗ്ദാനം ചെയ്തില്ല. ഇതോടെ കൂപ്പൺ നറുക്കെടുപ്പു നടത്തി ഭൂമി കൈമാറിയാലോ എന്ന ആശയം വിരിഞ്ഞു. വക്കീലിനെ കണ്ട് ആശയം അവതരിപ്പിച്ചു. ടിക്കറ്റ് തുകയുടെ സമ്മാനനികുതി അടക്കം നിയമപ്രശ്നങ്ങൾ വക്കീൽ ശ്രദ്ധയിൽപ്പെടുത്തി. പിന്നീട് വില്ലേജ് ഓഫിസ് അധികൃതരെ വിവരമറിയിച്ചു.

ഓഗസ്റ്റ് 15ന് നായരങ്ങാടിയിൽ ഇവരുടെ ഉടമസ്ഥതയിലുള്ള മരിയ ഗാർമെന്റ്സിൽ നറുക്കെടുപ്പു നടത്താനാണു തീരുമാനം. നറുക്കെടുപ്പിൽ ഭൂമി ലഭിക്കുന്നയാൾ റജിസ്ട്രേഷൻ ചെലവുകൾ വഹിക്കേണ്ടിവരും. എന്തെങ്കിലും കാരണവശാൽ നറുക്കെടുപ്പു മുടങ്ങിയാൽ മറ്റൊരു തീയതിയിലേക്കു മാറ്റും. സാങ്കേതികമോ നിയമപരമോ ആയ മറ്റെന്തെങ്കിലും തടസ്സമുണ്ടായാലോ എന്ന ചോദ്യത്തിനും ഇവർക്കു മറുപടിയുണ്ട്, ‘അങ്ങനെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ കൂപ്പണിന്റെ പണം തിരിച്ചുനൽകുമെന്നും ഇവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *