സാലഭഞ്ജികയായ് ……….

സുമംഗല സാരംഗി

ഏതോ വന വീഥിയിലൊരുനാളൊരു ശിലയായ് പിറവിയെടുത്തെന്നാലും
യുഗങ്ങളോളം തപസ്സിരുന്നു ഞാൻ
ശാപമോക്ഷത്തിനായ് നോമ്പുനോറ്റു
ഒരു നാളിലതു വഴിയെന്നെ കടന്നുപോം
ശില്പിതന്നകതാരിൽ മിന്നിത്തെളിഞ്ഞു
ശില തന്നുള്ളിലൊളിഞ്ഞിരിപ്പുണ്ടൊരു കോമളാംഗിയാം നാരിതൻ സുന്ദരരൂപം
കാരിരുമ്പൊക്കും കരാംഗുലികളാൽ
മനോഹരമായൊരു കവിതപോൽ കൊത്തിയൊരുക്കി അവനെന്നെ
തേജോമയരൂപിയാം നാരീ ശില്പമായ്
ഉടലളവുകളിലവനുടെകരവിരുതുകൾ
നർത്തനമാടിയപ്പോൾ അന്തരംഗത്തിൽ
അഭിമാന പുളകിതയായിരുന്നു ഞാനു
മെന്നുടെ അംഗലാവണ്യ സൗഭഗത്താൽ
ആത്മസംതൃപ്തിയോടെയാ ശില്‌പിതൻ
നയനങ്ങൾ ആനന്ദാശ്രു പൊഴിക്കവെ
അർദ്ധനിമീലിത നേത്രങ്ങളാൽ ഞാൻ
അവനെയും ദർശിച്ചു ദീർഘനേരം
ശില്പി തൻ മോഹനരൂപം കടക്കണ്ണിൽ
കോർക്കവെ തരളിതയായിടുന്നു ഞാൻ
ആത്മാവു നഷ്ടമായ വെറുമൊരു ശില
മാത്രമാണെന്ന സത്യം വിസ്മരിക്കുന്നു
ഝടുതിയിൽ ഒരു പിൻവിളിക്കു പോലും
കാത്തുനില്ക്കാതെയാ ശില്പിയെങ്ങോ നടന്നകന്നൂ … കദനം നിറയുന്നെന്നിൽ
നിശ്വാസമുതിരുന്നു വദനമോ വാടിടുന്നു
ഒരുനാളിലെന്നെയും പ്രതിഷ്ഠിച്ചീടുന്നു
ഏതോക്ഷേത്ര ഗോപുര വാതിൽക്കൽ പ്രണയ പ്രതീക്ഷകൾ വിസ്മരിക്കാതെ
തപം തുടരുന്നിന്നും …സാലഭഞ്ജികയായ്

Leave a Reply

Your email address will not be published. Required fields are marked *