ചരിത്രമെഴുതി സന്ധ്യ.. കയ്യടിച്ച് മോദി

തന്‍റെ വാഹനത്തിലിരിക്കുന്ന യാത്രക്കാരെ സുരക്ഷിതമായി എത്തിക്കേണ്ട ചുമതല ഡ്രൈവര്‍ക്കാണ്. അതുപോലെതന്നെ ദിശതെറ്റാതെ യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കേണ്ട ഉത്തരവാദിത്വം സ്രാങ്കിനുണ്ട്. പുരുഷന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന മേഖലയിലേക്ക് കടന്നുചെല്ലുകയും അവിടെ തന്‍റെ കഴിവ് തെളിയിച്ച വനിതയുണ്ട്..

സംസ്ഥാനത്തെ ആദ്യ വനിത സ്രാങ്ക്.. ആരെന്നറിയാമോ സ്രാങ്ക് ലൈസന്‍സ് കൈപ്പിടിയിലാക്കിയ വനിത നമ്മുടെ ചേര്‍ത്തലക്കാരി സന്ധ്യയാണ്.ബോട്ടുകൾ, ബാർജുകൾ, മറ്റു ജലവാഹനങ്ങൾ എന്നിവ ഓടിക്കാനുള്ള സർട്ടിഫിക്കറ്റാണു പെരുമ്പളം തുരുത്തേൽ എസ്. സന്ധ്യ കരസ്ഥമാക്കിയത്.

പ്രധാനമന്ത്രിയുടെ അഭിനന്ദനം

നിരവധിപേരാണ് സന്ധ്യയെ അഭിന്ദിച്ച് രംഗത്തെത്തിയത്.സന്ധ്യയുടെ നേട്ടത്തിന്‍റെ തിളക്കത്തിന്‍റെ മാറ്റൊലി അങ്ങ് ഡല്‍ഹിയിലും എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി സന്ധ്യയെ അഭിനന്ദിച്ച് ഇങ്ങനെ ട്വീറ്റ് ചെയ്തു.

‘സ്ത്രീശക്തിക്കു സല്യൂട്ട്. വെള്ളത്തിലും കരയിലും ആകാശത്തും സ്ത്രീകളുടെ പുതിയ നേട്ടങ്ങൾ ഒരുവികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നാഴികക്കല്ലുകളായി മാറും’-.കേന്ദ്രമന്ത്രി വി. മുരളീധരനും ട്വിറ്ററിലൂടെ സന്ധ്യയെ അഭിനന്ദിച്ചു.

കേരള ഇൻലാൻഡ് വെസൽ (കെ. ഐ. വി. ) റൂൾ – 2010 പ്രകാരം നടന്ന സ്രാങ്ക് പരീക്ഷയിൽ സന്ധ്യ ജയിച്ചു. ബാർജ്, മത്സ്യബന്ധന വെസൽ തുടങ്ങിയ ജലവാഹനങ്ങളിൽ ജോലി ചെയ്യുന്നതിനു കെ. ഐ. വി. സ്രാങ്ക് ലൈസൻസ് വേണം. ബോട്ടിലെ പരിശീലനത്തിനുശേഷം നടന്ന എഴുത്തുപരീക്ഷയിലും ജയിച്ചതോടെയാണ് സ്രാങ്ക് ലൈസൻസ് ലഭിച്ചത്. ലാസ്കർ ലൈസൻസ് നേടി കുറഞ്ഞതു രണ്ടുവർഷം ജോലി ചെയ്താലേ സ്രാങ്ക് ലൈസൻസിന് അപേക്ഷിക്കാൻ കഴിയൂ. സ്റ്റിയറിങ് തിരിക്കൽ, ബോട്ട് ഓടിക്കൽ ഉൾപ്പെടെ മുഴുവൻ നിയന്ത്രണത്തിനും ചുമതലപ്പെട്ടയാളാണ് സ്രാങ്ക്.

വാട്ടര്‍മെട്രോയില്‍ ജോലിചെയ്യണം

തേവര, നെട്ടൂർ, ‍ ആലപ്പുഴ തൈക്കാട്ടുശ്ശേരി ഭാഗങ്ങളിൽ പുരവഞ്ചിയുൾപ്പെടെ ഓടിച്ച് പരിചയമുണ്ട് സന്ധ്യക്ക്. വിഴിഞ്ഞം, തിരുവനന്തപുരം, കൊല്ലം, കൊടുങ്ങല്ലൂർ, ആലപ്പുഴ തുടങ്ങിയ പോർട്ടുകളിൽ ഈ പരീക്ഷ നടത്തുന്നുണ്ട്. ആലപ്പുഴ പോർട്ട് ഓഫീസിൽനിന്നാണു സർട്ടിഫിക്കറ്റ് ലഭിച്ചത്. 226 എച്ച് പി വരെയുളള ജലയാനങ്ങൾ ഇനി സന്ധ്യയ്ക്ക് കൈകാര്യം ചെയ്യാം. ബോട്ട് മാസ്റ്റർ, ലാസ്കർ തുടങ്ങിയ പരീക്ഷകളിൽ മുൻപത്തെക്കാൾ കൂടുതൽ വനിതകൾ എത്തുന്നുണ്ടെന്നു സന്ധ്യ പറഞ്ഞു. നിലവിൽ യാത്രാബോട്ടുകളും മത്സ്യബന്ധന ബോട്ടുകളും ഓടിക്കുന്ന സന്ധ്യയ്ക്ക് വാട്ടർ മെട്രോയിൽ ജോലി ചെയ്യാനാണ് താല്പര്യം.

കുടുംബം


വൈക്കം സ്വദേശികളായപരേതനായ സോമന്റെയും സുലഭയുടെയും മകളാണു സന്ധ്യ. ഭർത്താവ്: അങ്കമാലി ഫുഡ് കോർപ്പറേഷൻ ഗോഡൗണിലെ കയറ്റിറക്കു തൊഴിലാളി മണി. മക്കൾ: ഹരിലക്ഷ്മി, ഹരികൃഷ്ണ.

Leave a Reply

Your email address will not be published. Required fields are marked *