പുഷ്പയെന്നാൽ ഫയർ ആക്ഷൻ മാസ്!

എസ്തെറ്റിക് വോയജർ

ആക്ഷൻ മാസ് മസാല – ഗംഭീരമായ സംഘട്ടന രംഗങ്ങൾ, പഞ്ച് ഡയലോഗുകൾ, റൊമാ൯സും മസാലയും. ഇതെല്ലാം ഗംഭീരമായി  ചേർത്തിണക്കിയ അല്ലു അർജുന്റെ ക്രൌഡ് പുള്ളറാണ് ‘പുഷ്പ- ദി റൈസ്’. അല്ലു അർജുന്റെ പതിവ് ചോക്ലേറ്റ് ലുക്കിൽ നിന്നും വേറിട്ടൊരു പക്കാ ലോക്കൽ ലുക്ക്- പടത്തിന്റെ തുടക്കത്തിൽ പുഷ്പ പറയുന്നപോലെ- “പക്കാ തെലുഗ്”.

ദുബായ് ഇബ്ൻ ബത്തൂത്ത മാളിലെ നോവോ സിനിമാസിൽ തെലുഗ് പതിപ്പാണ് കണ്ടത്. തെലുങ്കരെ സംബന്ധിച്ച്‌ ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും നന്നായി ചേർത്ത സിനിമ. അത് കൊണ്ട് തന്നെ ഓരോ രംഗങ്ങളും  ആഘോഷിക്കുകയാണ് അല്ലു ആരാധകർ. പേര് പോലെ തന്നെ പുഷ്പയെന്ന മരം വെട്ടുകാരൻ പുഷ്പരാജെന്ന ചന്ദന കൊള്ളക്കാരൻ ആകുന്ന കഥയാണ് ഒന്നാം ഭാഗം. “തഗ്ദലേ”(ഒതുങ്ങില്ല)  എന്ന് പറഞ്ഞു തോൾ ചെരിച്ച് താടിയിൽ ഇടതു കൈ ഉരുമ്മുന്ന സ്റ്റൈലിഷ് മേക്കോവറാണ് അല്ലുവിന്റെ പുഷ്പ. ചില രംഗങ്ങളിൽ  മോഹൻലാലിനെ അനുസ്മരിപ്പിക്കുന്ന മാനറിസം അല്ലു കാഴ്ച വെയ്ക്കുന്നുണ്ട്.

സിനിമയുടെ അവസാന അരമണിക്കൂറിലാണ് ഫഹദ് ഫാസിലിന്റെ എസ് പി ഭൻവാർ സിംഗ് ഷെഖാവത്തിന്റെ രംഗപ്രവേശം. ആദ്യമായാണ് ഒരു വില്ലന് തെലുഗു പ്രേക്ഷകർ കൈയടിക്കുന്നത് കാണുന്നത്. അത് പോലെ ഫഹദിന്റെ “പാർട്ടി ലേതു പുഷ്പ?”(പാർട്ടി തുടങ്ങാം പുഷ്പ) എന്ന ഡയലോഗ് പ്രേക്ഷകർ തന്നെ പറഞ്ഞു കൈയടിക്കുന്ന രംഗം ഒരു മലയാളി പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം  അഭിമാനിക്കാവുന്ന മുഹൂർത്തമാണ്. അത്ര മാത്രം സ്ക്രീൻ പ്രസ൯സ് ആണ് ഫഹദ് കാഴ്ച വെക്കുന്നത്. അതിനൊപ്പം മത്സരിക്കുന്ന അല്ലു അർജുൻ ശരിക്കും ചേലുള്ള ഒരു വിരുന്നാണ്. ഫഹദ് തന്നെയാണ് തെലുഗിൽ കഥാപാത്രത്തിന്  ശബ്ദം നൽകിയിരിക്കുന്നത്.

സൈക്കോ മൂഡിലെത്തുന്നുന്ന ഫഹദും അതിനെ വെല്ലുവിളിക്കുന്ന അല്ലുവും രണ്ടാം ഭാഗത്തിലേക്കുള്ള തുടക്കം മാത്രമാണെന്ന് വ്യക്തമാക്കിയാണ് ആദ്യഭാഗം അവസാനിക്കുന്നത്.  മൂന്നു മണിക്കൂ൪ പത്ത് മിനിറ്റ് പ്രേക്ഷകനെ പിടിച്ചിരുത്താൻ സിനിമയ്ക്ക് ആവുന്നുണ്ട്  എന്നത് സംവിധായകനും എഴുത്തുകാരനുമായ സുകുമാറിന്റെ കഴിവ് തന്നെയാണ്. ചടുലമായ രംഗങ്ങൾക്ക് തീവ്രത പകരുന്ന  ബിജിഎമ്മും സംഗീതവും ഒരുക്കിയിരിക്കുന്നത് ദേവി ശ്രീപ്രസാദാണ്.  ശബ്ദ മിശ്രണം റസൂൽ പൂക്കൂട്ടിയും ഛായാഗ്രഹണം പോളിഷ് ക്യാമറാമാൻ മിറാസ്ലേവ് കുബ ബ്രോസേകും നി൪വഹിച്ചിരിക്കുന്നു. 

രശ്മിക മന്ദനയുടെ  നായിക വേഷവും സാമന്തയുടെ ഐറ്റം ഡാൻസും സുനിലിന്റെ മംഗളം സീനു എന്ന വില്ലൻ കഥാപാത്രമായുള്ള പകർന്നാട്ടവും പ്രേക്ഷക൪ക്ക് ഹരം പകരുന്നതാണ്. രണ്ടാം ഭാഗം അല്ലു- ഫഹദ് പോരാട്ടം ആണെന്നു ഉറപ്പിക്കുമ്പോൾ കെജിഎഫിലെയോ ബാഹുബലിയിലെയോ പോലെ ഒരു ആകാംഷ നിറച്ചല്ല പുഷ്പയുടെ ഒന്നാം ഭാഗം അവസാനിക്കുന്നത്. മകനെ വളർത്താനുള്ള അമ്മയുടെ ഒറ്റയാൾ പോരാട്ടവും വ്യക്തിത്വം അപമാനിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന നായകൻ പുഷ്പയിലും ആവർത്തിക്കപ്പെടുന്നുണ്ട്. ആക്ഷൻ സിനിമകൾ ഇഷ്ടപെടുന്ന ഒരു സിനിമാപ്രേമിയെ തൃപ്തിപ്പെടുത്തുന്ന എല്ലാ ചേരുവകളുമുള്ള പുതുമകൾ ഇല്ലാത്ത സിനിമയാണ് പുഷ്പ.

Leave a Reply

Your email address will not be published. Required fields are marked *