തമിഴിലേക്ക് ചുവടുറപ്പിച്ച് ഋതേഷ്

” തീ ” എന്ന ചിത്രത്തിലെ പരുക്കൻ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഋതേഷ് തമിഴ് നായകന്‍


റിലീസിനൊരുങ്ങുന്ന അനിൽ വി. നാഗേന്ദ്രൻ സംവിധാനം ചെയ്ത ” തീ ” എന്ന ചിത്രത്തിലെ പരുക്കൻ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഋതേഷ് ഇനി തമിഴിൽ നായകൻ.ചിത്രത്തിലെ “ധീരം.. വീരം…” എന്ന ഗാനം നിമിത്തമാണ് തമിഴ് സിനിമയിലെ നായക പദവി ഋതേഷിനെ തേടിവന്നത്.


അതിസാഹസികനും ഭയങ്കരനുമായ ‘ഘടോൽക്കചൻ’ എന്ന കഥാപാത്രത്തിന്റെ രൂപ ഭാവ ചലനങ്ങളെ ഉജ്ജ്വലമായി പകർന്നാടിയ തീ യിലെ തീം സോംഗ്, തമിഴ്നാട്ടിലെ ചില വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതാണ് ഋതേഷിന് ഗുണമായത്. തമിഴ്നാട് ആസ്ഥാനമായുള്ള ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ യൂ ക്രിയേഷൻസാണ് അനിൽ വി.നാഗേന്ദ്രന്റെ വിശാരദ് ക്രിയേഷൻസിനോടൊപ്പം ചേർന്ന് ” തീ “എന്ന ചിത്രം നിർമ്മിച്ചത്. വിശാരദ് ക്രിയേഷൻസ് യൂട്യൂബ് ചാനലിലൂടെ ഇതുവരെ പുറത്തു വന്ന തീ യിലെ ഗാനങ്ങളെല്ലാം വമ്പിച്ച ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നു. അനിൽ വി.നാഗേന്ദ്രൻ രചിച്ച് അഞ്ചൽ ഉദയകുമാർ ഈണമിട്ട് ശ്രീകാന്ത്, ആർ.കെ. രാമദാസ്, മണക്കാട് ഗോപൻ, കലാഭവൻ സാബു എന്നീ പ്രഗത്ഭ ഗായകർ ഒന്നിച്ചു പാടിയ “ധീരം.. വീരം..” എന്ന ത്രസിപ്പിക്കുന്ന ഒരൊറ്റ ഗാനം തന്നെ അഭിനേതാവിന് തമിഴിൽ നായക പദവി നേടിക്കൊടുത്തിരിക്കുകയാണ്.

https://youtu.be/4fazEVp_xUs


യൂ ക്രിയേഷൻസിന്റെ വാട്ട്സാപ്പ് കൂട്ടായ്മയിൽ ഈ ഗാനത്തിനും ഋതേഷിനും വലിയ അഭിനന്ദനമാണ് ലഭിച്ചത്. തമിഴിലെ ശ്രദ്ധേയനായ സംവിധായകനും നടനും നിർമ്മാതാവുമായ അതിയമാന്റെ ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ മുത്തു മൂവീസിനൊപ്പം ചേർന്നുകൊണ്ട് യൂ ക്രിയേഷൻസ് നിർമ്മിക്കാനൊരുങ്ങുന്ന തമിഴ് ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്ന സമയത്താണ് ഈ ഗാനം പുറത്തു വന്നത്. തൊട്ടാസിണുങ്ങി, സ്വർണ്ണമുഖി, തലൈമുറൈ, വീരനട തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ് അതിയമാൻ.


നിരവധി ഹിന്ദി, തമിഴ് സിനിമകൾക്കും ‘വസന്തത്തിന്റെ കനൽ വഴികളിൽ’, ‘തീ’ എന്നീ സിനിമകൾക്കും മികവോടെ ക്യാമറ ചലിപ്പിച്ച പ്രശസ്ത ഛായാഗ്രാഹകൻ കവിയരശിന്റെ സംവിധാനത്തിൽ ഒരു നാട്ടു റൗഡിയുടെ കഥ പറയുന്ന തമിഴ് ചിത്രത്തിൽ ശിവകാർത്തികേയൻ, കാർത്തി എന്നിവരിലൊരാളെ പരിഗണിക്കാനായിരുന്നു അതിയമാന്റെ താല്പര്യം. പക്ഷേ, “തീ” യിലെ പാട്ടു രംഗം കണ്ടതോടെ അതിയമാൻ തന്നെ ഋതേഷിന്റെ പേരു നിർദ്ദേശിക്കുകയായിരുന്നു. സംവിധായകൻ കവിയരശും യൂ ക്രിയേഷൻസിന്റെ നിർമ്മാതാവ് മലയമാനും ആ നിർദ്ദേശത്തെ സർവ്വാത്മനാ സ്വാഗതം ചെയ്യുകയും സന്തോഷവാർത്ത അനിൽ വി.നാഗേന്ദ്രനെ അറിയിക്കുകയുണ്ടായത്.

” തീ ” എന്ന ചിത്രം പുറത്തുവരാനിരിക്കെ ഈ അപ്രതീക്ഷിതമായ നേട്ടത്തിൽ ഋതേഷ് മാത്രമല്ല തീ യിലെ അഭിനേതാക്കളും അണിയറപ്രവർത്തകരുമെല്ലാം ഒരുപോലെ സന്തോഷത്തിലാണ്. യുവ എം.എൽ.എ മുഹമ്മദ് മുഹസിനെയും സാഗരയെയും നായകനും നായികയുമായി അവതരിപ്പിക്കുന്ന തീ യിൽ, അധോലോക നായകന്റെ മാരകലുക്കിലാണ് ജനപ്രിയ നടൻ ഇന്ദ്രൻസ്. പ്രേംകുമാർ, വിനു മോഹൻ, രമേഷ് പിഷാരടി, ഉല്ലാസ് പന്തളം, ഗായകൻ ഉണ്ണി മേനോൻ, അരിസ്റ്റോ സുരേഷ്, പയ്യൻസ് ജയകുമാർ, വി.കെ. ബൈജു, ആർട്ടിസ്റ്റ് സുജാതൻ, കോബ്രാ രാജേഷ്, സോണിയ മൽഹാർ, രശ്മി അനിൽ തുടങ്ങിയവരോടൊപ്പം കെ.സുരേഷ്കുറുപ്പ് എക്സ് എം.പി., കെ.സോമപ്രസാദ് എം.പി., സി.ആർ. മഹേഷ് എം.എൽ.എ, ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.


ബഹുഭാഷാചലച്ചിത്ര രംഗത്ത് സുദീർഘമായ അനുഭവ സമ്പത്തുള്ള കവിയരശ്, അഡയാർ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും റാങ്കോടു കൂടിയാണ് പാസ്സായത്. കാസർഗോഡ് നീലേശ്വരം സ്വദേശിയായ ഋതേഷിന്റെ കഴിവും അർപ്പണബോധവും തിരിച്ചറിഞ്ഞ അനിൽ വി. നാഗേന്ദ്രനാണ് അദ്ദേഹത്തെ വസന്തത്തിന്റെ കനൽ വഴികളിൽ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് ആനയിച്ചത്.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *