സത്യൻ അന്തിക്കാട് – മീര- ജയറാം കൂട്ടുകെട്ട് ; ചിത്രത്തിന്റെ പേര് ” മകൾ “

സത്യൻ അന്തിക്കാട് – ജയറാം – മീരാ ജാസ്മിൻ കൂട്ടുകെട്ടിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി സത്യൻ അന്തിക്കാട്.” മകൾ ” എന്നാണ് ചിത്രത്തിന്റെ പേര്. സത്യൻ അന്തിക്കാട് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്. അഞ്ച് വർഷത്തിനുശേഷം മീരാജാസ്മിൻ നായികയായി മടങ്ങിയെത്തുന്ന ചിത്രമാണിത്. ജയറാം ആണ് ചിത്രത്തിൽ നായകവേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയാകാറായി. ചിത്രത്തിന്റെ പേര് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

സത്യന്‍ അന്തിക്കാടിന്‍റെ പോസ്റ്റ്

“പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയാകാറായി. ഇത് വരെ പേരിട്ടില്ലേ എന്ന് പലരും ചോദിച്ചു തുടങ്ങി. പൊതുവെ വൈകി പേരിടുന്നതാണ് എന്റെയൊരു പതിവ്. അത് മനഃപൂർവ്വമാണെന്ന് ചിലരൊക്കെ പറയാറുണ്ട്. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാൻ ഒരു സമയമുണ്ട്.
ഇപ്പോൾ പുതിയ സിനിമയുടെ പേര് മനസ്സിൽ തെളിഞ്ഞിരിക്കുന്നു.

“മകൾ”.

അത് നിങ്ങളുമായി പങ്കു വക്കുന്നു.
‘ഒരു ഇന്ത്യൻ പ്രണയകഥ’യും, ‘കുടുംബപുരാണ’വും, ‘കളിക്കള’വുമൊക്കെ നിർമ്മിച്ച ‘സെൻട്രൽ പ്രൊഡക്ഷൻസാണ്’ നിർമ്മാതാക്കൾ. ഡോ. ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. അവിസ്മരണീയമായ ദൃശ്യാനുഭവങ്ങൾ നൽകുന്ന എസ്. കുമാറാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്.

ജയറാമും, മീര ജാസ്മിനും വീണ്ടും ഞങ്ങളോടൊപ്പം ചേരുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഞാൻ പ്രകാശനിലെ ടീന മോളായി വന്ന ദേവിക സഞ്ജയ് ഇത്തവണയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
കാത്തിരിക്കുക. തിയേറ്ററുകളിലൂടെത്തന്നെ ‘മകൾ’ നിങ്ങൾക്കു മുമ്പിലെത്തും.”എന്നാണ് സത്യൻ അന്തിക്കാട് ഫേസ്ബുക്ക് പേജിൽ കുറച്ചിരിക്കുന്നത്.


പതിവ് പോലെ തന്നെ ഒരു ദൃശ്യവിരുന്നാവും അന്തിക്കാട് ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രേക്ഷക അഭിപ്രായം. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ മാത്രം പ്രേക്ഷകർ ആഗ്രഹിക്കുന്നതും കിട്ടുന്നതും ആയ ഒരു കേരളീയ അനുഭൂതി ഉണ്ട്. അതിൽ അഭിനേതാക്കളെ കാണുവാൻ കഴിയില്ല. കുറെ പച്ചയായ മനുഷ്യരും ഗ്രാമീണ പശ്ചാത്തലവും. ഇതു തന്നെയാണ് പുതിയ ചിത്രത്തിലും സിനിമാപ്രേമികൾ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *