ആർത്തീന്ദ്രൻ

ജി.കണ്ണനുണ്ണി

സത്യേന്ദ്രൻ എന്ന് വീട്ടുകാർ പേരിട്ട എനിക്ക് നാട്ടുകാർ ചാർത്തിതന്ന നാമമാണ് “ആർത്തീന്ദ്രൻ” എന്നത്. അവരെ തെറ്റുപറയാൻ പറ്റില്ല. സർവീസിൽ കയറിയത് മുതൽ കിട്ടാവുന്ന കാര്യങ്ങൾക്കെല്ലാം ഏതു പാവങ്ങളുടെ കൈയിൽ നിന്നും മുഖം നോക്കാതെ പിടിച്ചു പറിച്ചു വാങ്ങിയിട്ടുണ്ട് കൈക്കൂലി.

ജോലിയുടെ പേര് പറഞ്ഞു സ്ത്രീധനം എണ്ണി വാങ്ങിയായിരുന്നു വിവാഹം. പറമ്പ് വിറ്റും പറഞ്ഞ സ്വർണ്ണം തന്നു കല്യാണം നടത്തി അവർ. കല്യാണം കഴിഞ്ഞു മൂന്നാം മാസം ഞാൻ എഴുതി വാങ്ങി അവരുടെ ബാക്കിയുള്ള സ്വത്തു വകകൾ എല്ലാം തേനും പാലും ഒഴുക്കി നല്ലപിള്ള ചമഞ്ഞ്.

എന്റെ അന്നത്തെ വിശ്വാസം പൈസയും സ്വത്തും മാത്രമാണ് ജീവിതം എന്നായിരുന്നു. എന്നെ ചുറ്റിപറ്റി നിന്നവരെ എല്ലാം ഞാൻ വഴിയാധാരമാക്കി.കണ്ണീർ കുടിപ്പിച്ചു. ഒടുവിൽ അവരുടെ തീരാശാപം എന്റെ മേൽ വന്നു പതിച്ചു.

എന്റെ കുട്ടികൾ വളർന്നപ്പോൾ അതേ നാണയത്തിൽ എനിക്ക് തിരിച്ചടി നൽകി.അവർ എന്റെ ജീൻ തന്നെ ആണെന്ന കാര്യം ഞാൻ മറന്നു പോയിരുന്നു. എന്റെ സ്വത്തുവകകൾ അവർ എന്റെ കള്ളയൊപ്പിട്ടു സ്വന്തമാക്കി. അർഹിച്ച ശിക്ഷയാണത്.

ഇപ്പോൾ ഈ വൃദ്ധ സദനത്തിൽ സന്തോഷ ജീവിതമാണ്. ഞാൻ അന്ന് കൈക്കൂലി വാങ്ങിയ പാവം രാജുവിന്റെ മകൾ അവൾ പഠിച്ചു വലുതായി ഇന്ന് ഡോക്ടറായി.ആ കുട്ടിയാണ് ഇന്ന് എനിക്കും മറ്റു അന്തേവാസികൾക്കും മരുന്ന് കുറിച്ചു നൽകുന്നത്. കുറ്റബോധം ഇടയ്ക്ക് ഇടയ്ക്ക് തെകിട്ടി തെകിട്ടി വരും. ഒരു കൊച്ചു ജീവിതത്തിൽ സ്വന്തം സുഖത്തിനായി എത്ര ജീവിതങ്ങളെയാണ് തകർത്തെറിഞ്ഞത്. ഈ മഹാമാരികാലത്തു പോലും ദൈവത്തിനു പോലും വേണ്ടാത്ത ഒരുവൻ. ദൈവം ക്രൂരന്മാരെ പനപോലെ വളർത്തും എന്നു പറഞ്ഞത് സത്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *