പ്രണയത്തിന്‍റെ മരണം

ജിബി ദീപക്ക്


വർഷങ്ങൾക്ക് ശേഷമാണ് കോളേജിൽ ഒരുമിച്ച് പഠിച്ചിരുന്ന ഷീനയും, ജാസ്മിനും തമ്മിൽ കണ്ടുമുട്ടിയത്.
നഗരമദ്ധ്യത്തിലെ കോഫി ഷോപ്പിലിരുന്ന വിശേഷങ്ങൾ പങ്കു വെക്കുന്നതിനിടയിൽ ജാസ്മിനാണ് ആ വിഷയം സംസാരിച്ച് തുടങ്ങിയത് .
“ഷീനാ … നീ ഒരു ഭാഗ്യവതിയാണ്. പ്രണയിക്കുന്നവനെ സ്വന്തമാക്കാൻ സാധിക്കുക …..അതൊരു ഭാഗ്യം തന്നെയാണ്. “
പറയുന്നതിനിടയിൽ ജാസ്മിന്റെ കണ്ണുകളിൽ പരന്ന നിരാശ, ചൂടു കാപ്പി ഊതി കുടിക്കുന്നതിനിടയിൽ ഷീന ശ്രദ്ധിച്ചു.
കോളേജിൽ പഠിക്കുന്ന കാലത്ത് രണ്ടു പേർക്കും പ്രണയമുണ്ടായിരുന്നു. ഷീന തന്നെ പ്രണയിച്ചവനെ വിവാഹം കഴിച്ചു. പക്ഷേ വീട്ടുകാരുടെ ഭീഷണിക്കുമുന്നിൽ, ജാസ്മിന് തന്റെ പ്രണയം ഉപേക്ഷിക്കേണ്ടി വന്നു.

ചുണ്ടിൽ ഒരു ചിരി വരുത്താൻ പാടുപെട്ടുകൊണ്ട് ഷീന ചോദിച്ചു.
“നീ ഇപ്പോഴും മഹേഷിനെ പറ്റി ചിന്തിക്കാറുണ്ടോ?”
“വർഷമെത്ര കഴിഞ്ഞു …ഞാൻ മറ്റൊരാളുടെ ഭാര്യയായി …രണ്ടു കുട്ടികളുടെ അമ്മയായി. പ്രായം നാല്പത്തഞ്ചും കഴിയാറായി ….എന്നിട്ടും ഇന്നും മഹേഷ് എന്റെ മനസ്സിൽ നിന്നും മാഞ്ഞട്ടില്ല … അവനോടുള്ള പ്രണയവും മരിച്ചട്ടില്ല”
ജാസ്മിൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു നിർത്തിയതും ഷീന തുടർന്നു.
“നീയാണ് യഥാർത്ഥ ഭാഗ്യവതി…നിന്റെ മനസ്സിലെ ആ പ്രണയം ഇന്നും പച്ചപിടിച്ചു നില്പ്പുണ്ടല്ലോ ….നിങ്ങൾ വിവാഹിതരായെങ്കിൽ നിന്റെ പ്രണയവും മരിച്ചേനേ…..”


Leave a Reply

Your email address will not be published. Required fields are marked *