നവരാത്രി; രണ്ടാം ദിനം ആരാധിക്കേണ്ടത് ബ്രഹ്മചാരിണിദേവിയെ

നവരാത്രിയിലെ ഓരോ ദിനത്തിലും പ്രാര്‍ത്ഥിക്കേണ്ടതും ആരാധിക്കേണ്ടതും ഓരോ വ്യത്യസ്ഥ ഭാവത്തിലുള്ള ദേവിമാരെയാണ്. പാർവതീ ദേവിയുടെ ബ്രഹ്മചാരിണി ഭാവമാണ് നവരാത്രിയുടെ രണ്ടാംദിനം ആരാധിക്കുന്നത്. നവദുര്‍ഗ്ഗാ സങ്കല്പത്തിൽ രണ്ടാമത്തെ ഭാവമാണിത്.

ദധാനാ കരപത്മാഭ്യാമക്ഷമാലാ കമണ്ഡലു
ദേവി പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ

‘ബ്രഹ്മ’ പദം ശിവപ്രാപ്തിയെ സൂചിപ്പിക്കുന്നു. അതിനായി തപസ്സു ചെയ്തതിനാല്‍ ദേവി ബ്രഹ്മചാരിണി ആയി. ശിവപ്രാപ്തിയ്ക്കായി ശൈലപുത്രിയായി അവതരിച്ച പാര്‍വതി ദേവി നാരദ മഹര്‍ഷിയുടെ നിര്‍ദ്ദേശം അനുസരിച്ച് ബ്രഹ്മചാരിണി രൂപം സ്വീകരിച്ച് തപസ്സിനു പോയി.


ഇടതുകയ്യില്‍ കമണ്ഡലുവും വലതുകയ്യില്‍ അക്ഷമാലയും ഏന്തി ശുഭ്രവസ്ത്രം ധരിച്ചതാണ് ദേവിയുടെ രൂപം. ആഭരണങ്ങളായി രുദ്രാക്ഷമാണ് ദേവി ധരിച്ചിരിക്കുന്നത്‌. ബ്രഹ്മചാരിണി ദേവി മരത്തില്‍നിന്നും ഉണങ്ങി വീഴുന്ന ബില്വപത്രം (കൂവളയില) മാത്രം ഭക്ഷിച്ചു കഠിനതപസ്സു തുടര്‍ന്നു. പിന്നീട് ഇല പോലും ഭക്ഷിക്കാതെ അതികഠിന തപസ്സായി. അങ്ങനെ ഇലപോലും ഭക്ഷിക്കാതെ വര്‍ഷങ്ങളോളം തപസ്സു ചെയ്തതിനാല്‍ ബ്രഹ്മചാരിണി ദേവി ‘അപര്‍ണ’ എന്ന നാമത്തിലും അറിയപ്പെടുന്നു.

ദേവിയുടെ തപശക്തിയാല്‍ മൂന്നുലോകങ്ങളും കുലുങ്ങി വിറച്ചപ്പോള്‍ ബ്രഹ്മദേവന്‍ ശിവപ്രാപ്തി ഉടന്‍ ദേവിക്കുണ്ടാകുമെന്നും അതിനാല്‍ ഉടന്‍ തപസ്സു നിര്‍ത്തണമെന്നും അപേക്ഷിച്ചു.

ബ്രഹ്മചാരിണി ദേവി അറിവിന്‍റെ മൂര്‍ത്തിഭാവമാണ്. ദേവി തന്‍റെ ഉപാസകര്‍ക്ക് അവസാനമില്ലാത്ത അനുഗ്രഹങ്ങള്‍ നല്‍കുന്നു. എത്ര കഠിന പരിസ്ഥിതിയിലും ദേവി ഉപാസകന്‍റെ മനസ്സ് ചഞ്ചലപ്പെടില്ല. എവിടെയും ദേവീഭക്തര്‍ വിജയിക്കും.
ശിവപ്രാപ്തിക്കായി യോഗികള്‍ നവരാത്രി രണ്ടാംദിവസം ദ്വിതീയയ്ക്കു ബ്രഹ്മചാരിണി ദേവിയെ സ്വാധിഷ്ഠാന ചക്രത്തില്‍ ധ്യാനിക്കുന്നു. മുല്ലപ്പൂക്കളോടാണ് ദേവിക്ക് പ്രിയം.

Leave a Reply

Your email address will not be published. Required fields are marked *