സില്‍ക്ക് ഓര്‍മ്മയായിട്ട് ഇന്നേക്ക് കാല്‍നൂറ്റാണ്ട്

സമൂഹത്തിൽ സ്മിത എന്ന നടി എന്തിനെയാണ് പ്രതിനിധാനം ചെയ്തത് എന്നത് സാംസ്കാരികമായ തലത്തിൽ നിർവചിക്കേണ്ട ഒരു ചോദ്യമാണ്. അതേസമയം സ്ക്രീനിലെ സ്മിത പ്രേക്ഷകസമൂഹത്തിന്റെ കാമപൂരണങ്ങളുടെ ആസക്തി കലർന്ന രൂപകമായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. പുതിയ കാലം അല്ലെങ്കിൽ സിനിമയുടെ നവ-വാണിജ്യഭാഷ ഇത്തരം പ്രതിനിധാനങ്ങളെ ഐറ്റം നമ്പർ താരമായി മാത്രം അടയാളപ്പെടുത്തുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഈ കാലത്ത് സിൽക്ക് സ്മിത കേവലം ഐറ്റം നമ്പറുകാരി മാത്രമായിരുന്നോ എന്നത് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. .
വെളുപ്പ് / കറുപ്പ് / നായിക / എക്സ്ട്രാനടി സ്വത്വബോധങ്ങളിലും മാനദണ്ഡങ്ങളിലും നിഴലിക്കുന്ന സിനിമാസാമ്രാജ്യത്തിന്റെ അകംരാഷ്ട്രീയത്തിൽ സ്മിത പ്രതിനിധീകരിച്ചത് ആസക്തിയുടെ നിറവുകളെ മാത്രമായിരുന്നില്ല. മറിച്ച് സിനിമ കാലാകാലങ്ങളിൽ പുറംതള്ളിയ ആവശ്യം കഴിഞ്ഞ, അസ്പൃശ്യരുടെ ശേഷിപ്പും കൂടിയാണ്. ആന്ധ്രയിലെ എളൂരു എന്ന ഗ്രാമത്തിൽ നിന്ന്, തികച്ചും ദരിദ്രമായ കുടുംബപശ്ചാത്തലത്തിൽ നിന്നെത്തിയ വിജയലക്ഷ്മി എന്ന സെല്ലുലോയ്ഡിലെ സിൽക്ക് സ്മിത കൊത്തിവലിക്കുന്ന നോട്ടങ്ങളും എത്തിനോക്കാൻ പ്രേരിപ്പിക്കുന്ന ചലനങ്ങളും കൊണ്ട് പ്രേക്ഷകനെ മോഹിപ്പിച്ച് കീഴടക്കുന്ന തലത്തിലേക്ക് വളർന്നത് കേവലമായ വളർച്ചയുടെ സിനിമാപരിണാമമായി മാത്രം കാണാനാവില്ല.


നടി/ശരീരം/കഥാപാത്രം ഇത്തരത്തിലുള്ള പരികൽപ്പനകളെ വാണിജ്യസിനിമയുടെ കെട്ടുകാഴ്ച്ചകളുടെ പശ്ചാത്തലത്തിൽ നിർവചിക്കുമ്പോൾ അതിന് ഭിന്നാർത്ഥങ്ങളുണ്ട്. ക്യാമറയുടെ കണ്ണുകൾ കഥാപാത്രത്തിൽ നടിയുടെ ശരീരത്തിലേക്ക് സഞ്ചരിക്കുമ്പോൾ സിനിമ വാണിജ്യാർത്ഥത്തിൽ പൂർണ്ണതയിലെത്തുകയും അതേസമയം ആ ശരീരത്തെ സമൂഹം സദാചാരപരമായി വേറിട്ട് നിർത്തുകയുമാണ് ചെയ്യുന്നത്. അതായത് സിനിമയും ജീവിതവും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ സാക്ഷ്യമാണ് സ്മിത അടക്കമുള്ള നിരവധി ബിംബങ്ങൾ തങ്ങളുടെ അനുഭവം കൊണ്ട് പറഞ്ഞിട്ടുപോയത്.


ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാലോകത്തെ കീഴടക്കിയ സിൽക്ക് ഇന്നൊരു ദുരന്തസമാനമായ ഓർമ്മയാണ്. എത്രയോ പേരെ പോലെ സിനിമയുടെ വെള്ളിവെളിച്ചത്തിൽ എരിഞ്ഞടങ്ങിപ്പോയവരിൽ ഒരാൾ. സ്ക്രീനിൽ ആളിക്കത്തിച്ച ആസക്തിയുടെ കൊള്ളിയാൻ മിന്നലുകൾ അവസാനിച്ചുവീണപ്പോൾ ആരും അത്ഭുതപ്പെട്ടില്ല. കാരണം സിനിമയുടെ വ്യാകരണങ്ങളിൽ ഇത്തരം ദുരൂഹമായ പിൻവാങ്ങലുകളുടെ കണ്ണീർ പുരണ്ട ചരിത്രവുമുണ്ട്. അല്ലെങ്കിൽ പെട്ടെന്ന് കൈവരുന്ന സമ്പത്തും പ്രശസ്തിയും കീഴടക്കുന്ന പുതിയ ആകാശങ്ങൾ..ഇവ പുതിയ താരോദയങ്ങൾക്ക് മാത്രമല്ല പുതിയ ഈയാംപാറ്റകളെയും സൃഷ്ടിച്ചിട്ടുണ്ട്.


ദുരൂഹമരണങ്ങളുടേയും ആത്മഹത്യയുടേയും നീണ്ട കഥകൾ ഇന്ത്യൻ സിനിമയ്ക്ക് പുതിയ കാര്യമൊന്നുമല്ല. ദിവ്യഭാരതിയും ശോഭയും തുടങ്ങി സിൽക്കിലും മയൂരിയിലും അത്ര പ്രശസ്തരല്ലാത്ത എത്രയോ പേരിൽ ആ കഥകൾ നീണ്ടുനിൽക്കുന്നു. 200 ഓളം ചിത്രങ്ങളിൽ സ്മിത അഭിനയിച്ചിട്ടുണ്ട്. കാമം പുരണ്ട കണ്ണുകളും വശ്യത നിറച്ച വാചികാഭിനയവും യൗവനത്തിന്റെ നിറവും കൊണ്ട് എത്രയോ ആരാധകവൃന്ദങ്ങളെ അവർ തീപിടിപ്പിച്ചു. കാലം അവരെ സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് നിർത്താതെ സഞ്ചരിച്ചുകൊണ്ടിരുന്ന തിരക്കുള്ള ഒരു നടിയാക്കി മാറ്റി. ചാനലുകൾ ഇല്ലാത്ത കാലത്തെ പ്രശസ്തിയായിരുന്നു അവരുടേത് എന്നോർക്കണം. എന്നിട്ടും മരണം എത്തുന്ന കാലത്ത് അവശേഷിപ്പിച്ചത് സമ്പാദ്യമടക്കമുള്ള നഷ്ടത്തിന്റെ കണക്കുകളായിരുന്നു സ്മിതയുടെ ജീവിതപുസ്തകം. സാമ്പത്തികമായ സ്ഥിരത മറ്റ് തിരിച്ചടികൾക്കിടയിലും പലരേയും പിടിച്ചുനിൽക്കാൻ പ്രേരിപ്പിക്കുമെന്ന് ചിലരുടെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.


എൺപതുകളിലൂടെയാണ് സ്മിതയുടെ സിനിമാകാലം സജീവമാകുന്നത്. വണ്ടിചക്രവും മൂന്നാംപിറയും സിലുക്ക് സിലുക്ക് എന്ന ചിത്രവും തുടങ്ങി അവർ തമിഴിലും തെലുങ്കിലും സജീവമായി. ഹിന്ദിയിലടക്കം വിവിധ ഭാഷകളിൽ അഭിനയിച്ച് നിറഞ്ഞുനിന്നു. പ്രത്യേകിച്ച് മുന്നാംപിറയിലെ കഥാപാത്രം ഏറെ ശ്രദ്ധേയമായി. പിന്നീട് എത്രയോ സിനിമകളിലൂടെ അവർ പ്രേക്ഷകരിൽ കാമവും ഹൃദയമിടിപ്പും സൃഷ്ടിച്ചു.


ഇണയെത്തേടി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും മലയാളീ പ്രേക്ഷകന്റെ നെഞ്ചിലേക്കും സ്മിത വശ്യമായ ചിരിയോടെ കാലുകൾ ഉയർത്തിവെച്ചു. തുമ്പോളി കടപ്പുറം, അഥർവം, സ്ഫടികം, നാടോടി, തുടങ്ങിയ ജനപ്രിയചിത്രങ്ങളിൽ അവർ ചെറിയതും ശ്രദ്ധേയവുമായി വേഷങ്ങൾ ചെയ്തു. ലയനം പോലുള്ള ലൈംഗികാതിപ്രസരമുള്ള ചിത്രങ്ങളിലും അവർ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. അഭിനയത്തിൽ ടൈപ്പ് ചെയ്യപ്പെട്ട, ആ അർത്ഥത്തിൽ ഒരു പ്രത്യേക ചുറ്റുവട്ടത്തിലേക്ക് അവർ ഒതുങ്ങിപ്പോകുകയും ചെയ്തു.


ഒരുകാലത്ത് സിൽക്ക് സ്മിത ഒരു ലഹരി തന്നെയായിരുന്നു തെന്നിന്ത്യയിലെ കൗമാരത്തിനും യൗവനത്തിനും. ലഹരികൾക്ക് വീര്യം കൂടുമെങ്കിലും അവ പെട്ടെന്ന് തന്നെ തിരിച്ചിറങ്ങുമെന്നത് ഈ വിയോഗങ്ങളുടെ മറ്റൊരു അനുഭവപാഠം. ലൈംഗികാസക്തിയുടെ കേവലാനന്ദത്തിന്റെ രൂപകമായി സ്മിതയെ കൂടുതൽ പേരും വിലയിരുത്തിയേക്കാം. പക്ഷേ സാമൂഹികമായ അർത്ഥത്തിൽ ഓരോ തൊഴിൽ സാഹചര്യങ്ങളും അതിന്റെ വാണിജ്യവിപണന സാധ്യതകളും മനുഷ്യനെ എന്തൊക്കെയാക്കിമാറ്റാം എന്ന് സ്മിത തെളിയിച്ചു. പ്രത്യേകിച്ച്് പുരുഷാധിഷ്ഠിത-മൂലധന വ്യവഹാരങ്ങളുടെ ഈ കമ്പോളലോകത്ത് സിൽക്ക് പുരുഷകേന്ദ്രീകൃത ഛോദനകളെ കുറച്ചുകാലത്തേക്കെങ്കിലും പ്രലോഭനത്തിന്റെ മുൾമുനയിൽ നിർത്തി സംതൃപ്തരാക്കിയിട്ടുണ്ട്. ആ അർത്ഥത്തിൽ വലിയ പരാജയങ്ങൾക്കിടെ സംഭവിക്കുന്ന ചെറിയ വിജയമാണ് സ്മിതയുടേത് എന്നതിൽ സംശയമില്ല.


വീട്ടുകാരോ നാട്ടുകാരോ കാണുമോ എന്ന ടിപ്പിക്കൽ സദാചാര-ശങ്കകൾക്കിടയിലും സ്മിതയടക്കമുള്ള മാദകറാണിമാർ സൃഷ്ടിച്ച ആസക്തിയുടെ ആരോഹണാവരോഹണങ്ങൾ മലയാളിക്ക് എന്തായാലും മറക്കാനിവില്ലെന്നുറപ്പാണ്. മാധ്യമങ്ങളുടെ കണ്ണിൽ അവർ കേവല മാദക-ഐറ്റം-സെക്സ് നടി നിർവചനങ്ങളിൽ സ്റ്റിക്കർ ചെയ്യപ്പെട്ടവരാണ്. കൊച്ചുപുസ്തകങ്ങളിലും ടാക്കീസുകളിലെ ഉച്ചപ്പടങ്ങളിലും മാത്രമായി ജീവിക്കാൻ വേണ്ടി പരിമിതപ്പെട്ട എത്രയോ നടിമാരുണ്ട് സിനിമയിൽ. ഒരർത്ഥത്തിൽ വ്യവസ്ഥിതിയാണ് അവരെയെല്ലാം ഇത്തരം കണ്ണികളിലും ക്ലിക്കുകളിലും കൊളുത്തിവരിഞ്ഞ് അടയാളപ്പെടുത്തിവെച്ചത് എന്നതാണ് സത്യം.


ജീവിതം സിനിമയിലെ പോലെ സുന്ദരമല്ലെന്ന് സുന്ദരമായ സ്വന്തം സിനിമകളെ അപനിർമ്മിച്ച / പ്രതിനിർവചിച്ച അവരുടെയെല്ലാം ജീവിതങ്ങൾ തെളിയിക്കുന്നു. കെ ജി ജോർജിന്റെ ഭാഷയിൽ പറഞ്ഞാൽ സിനിമാസമൂഹത്തിന്റെ ‘ഇരകൾ’. സിനിമയുടെ വാണിജ്യാതിർത്തികൾ മോഹിപ്പിക്കുന്ന പുതിയ വ്യാഖ്യാനങ്ങൾ സൃഷ്ടിക്കുന്ന ഈ കാലത്ത് ഇത്തരം കഥാപാത്രങ്ങൾ / സാന്നിദ്ധ്യങ്ങൾ സൃഷ്ടിച്ച സാംസ്കാരികമായ കീഴാളപ്രതിനിധാനമാണ് സ്മിതയടക്കമുള്ളവരുടെ പ്രസക്തി. ഇനിയും മരിക്കാത്ത ആ വശ്യമായ ചിരിയും നെഞ്ചിടിപ്പിക്കുന്ന ഉടലിനുമൊപ്പം അത് എത്രപേർ ഓർക്കും…

കടപ്പാട് ഫേസ് ബുക്ക്

Leave a Reply

Your email address will not be published. Required fields are marked *