മലയാളത്തിന്‍റെ വാനമ്പാടിക്ക് 59ാം പിറന്നാള്‍

മലയാളികളുടെ സ്വന്തം വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനമാണ് ഇന്ന്. എന്നാൽ വർഷം കൂടുന്തോറും പാട്ടിന് മാധുര്യം കൂടുന്നതല്ലാതെ മറ്റൊരു മാറ്റവും ആ ശബ്ദത്തിനും ചിത്രയെന്ന വ്യക്തിക്കും സംഭവിച്ചിട്ടില്ല. പ്രായഭേദമന്യേ ഓരോ മലയാളിയുടെയും മനസ്സിൽ എഴുതിവച്ചിരിക്കുന്ന പേരാണ് കെ.എസ്.ചിത്ര.

പതിനായിരത്തലധികം പാട്ടുകൾ, മലയാളം, തമിഴ്, ഹിന്ദി കന്നഡ, ഭാഷകൾ പിന്നെയും നീളുന്നു. മലയാളത്തിലെ വാനമ്പാടിയെന്ന പേര് അതുകൊണ്ട് തന്നെ ചിത്രയ്ക്ക് മാത്രം സ്വന്തം. സ്വകാര്യമായി അറിയാത്ത ദൂരെ നിന്ന് ആരാധിക്കുന്നവരുടെ പോലും നാവിൽ ചിത്ര എന്ന് വെറും വാക്ക് വരില്ല മലയാളികൾ ചെവിയിലും ഹൃദയത്തിലും ഇപ്പോഴും എപ്പോഴും സൂക്ഷിക്കുന്ന പത്തു പാട്ടുകളുണ്ടെങ്കിൽ അവയിൽ പകുതിയും ചിത്രയുടെ തന്നെയാകും എന്നതാണ് സത്യം. ദക്ഷിണേന്ത്യയിൽ നൈറ്റിംഗേൽ,ഉത്തരേന്ത്യയിൽ പിയ ബസന്തി, കേരളത്തിൽ വാനമ്പാടി, തമിഴ്നാട്ടിൽ ചിന്നകുയിൽ, കർണ്ണാടകയിൽ കന്നഡ കോഗിലേ, ആന്ധ്രാപ്രദേശ് – തെലങ്കാന എന്നിവിടങ്ങളിൽ സംഗീത സരസ്വതി എന്ന പേരുകളിൽ അറിയപ്പെടാൻ ഭാഗ്യം ലഭിച്ച ഏക ഗായിക.

കരമന കൃഷ്‍ണൻ നായരുടെയും ശാന്ത കുമാരിയുടെയും മകളായി 1963 ജൂലൈ 27ന് ആണ് കെ എസ് ചിത്രയുടെ ജനനം. അച്ഛൻ തന്നെയായിരുന്നു ആദ്യ ഗുരു. കെ ഓമനക്കുട്ടി ടീച്ചറുടെ കീഴില്‍ കര്‍ണാടക സംഗീതം പഠിച്ചു. 1979ല്‍ എം ജി രാധാകൃഷ്‍ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിൽ ചെല്ലം ചെല്ലം എന്ന ഗാനം പാടിക്കൊണ്ടായിരുന്നു പിന്നണി ഗായികയായി തുടക്കം കുറിച്ചത്. 16 തവണ കേരള സംസ്ഥാന അവാര്‍ഡ് 6 തവണ ദേശീയ അവാര്‍ഡ്. 9 തവണ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ്. 4 തവണ തമിഴ്‍നാട് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്. 3 തവണ കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ഉൾപ്പെടെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഗായികയും കെ എസ് ചിത്രയാണ്. 2005-ൽ പത്മശ്രീ പുരസ്കാരവും 2021-ൽ പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു. 2005 ൽ യു.കെയിലെ ബ്രിട്ടീഷ് പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസ് അംഗീകരിച്ച ആദ്യത്തെ ഇന്ത്യൻ വനിതയാണ് ചിത്ര. 2009 ൽ കിംഗ്‌ഹായ് ഇന്റർനാഷണൽ മ്യൂസിക് ആൻഡ് വാട്ടർ ഫെസ്റ്റിവലിൽ ചൈന സർക്കാറിന്റെ ബഹുമതി നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക ഗായികയുമാണ്. 2001ൽ റോട്ടറി ഇന്റർനാഷണലിന്റെ അവാർഡിന് അർഹയായി.

ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ച ഗാനങ്ങളെ പരിചയപ്പെടാം.


1) 1986 ൽ പുറത്തിറങ്ങിയ സിന്ധുഭൈരവിചിത്രത്തിലെ എന്ന “പാടറിയേൻ പഠിപ്പറിയേൻ” എന്ന ഗാനത്തിനായിരുന്നു ചിത്രയ്ക്ക് ആദ്യത്തെ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. തമിഴിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ കെ ബാലചന്ദർ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘സിന്ധുഭൈരവി’. ശിവകുമാർ, സുഹാസിനി, സുലക്ഷണ, ഡൽഹി ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരുപക്ഷെ കെഎസ് ചിത്രയുടെ ശബ്ദത്തിലെ മാധുര്യത്തെ ഏറ്റവും നന്നായി ഉപയോഗിച്ച പാട്ടാകും ‘പാടറിയേൻ പഠിപ്പറിയേൻ’. ഇളയരാജയുടെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്. വൈരമുത്തുവാണ് തമിഴിൽ പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്. നാടൻ പാട്ടിന്റെ ഈണത്തിൽ വളരെ മെല്ലെയാരംഭിക്കുന്ന പാട്ട് പിന്നീട് അടിമുടി കർണാടക സംഗീതമായാണ് പിന്നീട് മാറുന്നത്.


2) മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി…. ഹരിഹരന്റെ സംവിധാനത്തിൽ വിനീത്, തിലകൻ, മോനിഷ, സലീമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ് നഖക്ഷതങ്ങൾ. ഇതിലെ അഭിനയത്തിന് മോനിഷക്ക് മികച്ച നടിക്കുള്ള ഉർവ്വശി അവാർഡ് ലഭിച്ചിരുന്നു. ഒ.എൻ.വി. കുറുപ്പ് എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീത പകർന്നത് ബോംബെ രവി ആണ്. ഒരു കാലത്ത് മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞൊരു ഗാനമായിരുന്നു.
3) ഇന്ദു പുഷ്പം ചൂടിനിൽക്കും രാത്രി… എം.ടി. വാസുദേവൻ നായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി 1989 ൽ ഭരതൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ് വൈശാലി. ഒഎൻവി കുറുപ്പിന്റെ വരികൾ വളരെ മനോഹരമായാണ് ചിത്ര പാടി അവതരിപ്പിച്ചത്. ചിത്രത്തിന് സംഗീതം നൽകിയത് ബോംബെ രവിയാണ്. 4 ഗാനങ്ങളാണ് ചിത്ര വൈശാലിക്ക് വേണ്ടി പാടിയത്. എല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു.
4) മാനാ മധുരൈ…. 1996 പുറത്തിറങ്ങിയ മിൻസാരക്കാനവ് എന്ന ചിത്രത്തിൽ എ.ആർ. റഹ്മാന്റെ സംഗീതത്തിൽ പാടിയ ഗാനമാണ് മാന മധുരൈ എന്ന ഗാനം. തമിഴ് സംഗീതത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച ഗാനങ്ങളായിരുന്നു ചിത്രത്തിലേത്. രാജീവ് മേനോനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രയ്ക്ക് നാലാമത്തെ ദേശീയ അവാർഡ് നേടിക്കൊടുത്ത ഗാനം ഒരു കാലത്തെ ട്രെൻഡ് സെക്ടർ ആയിരുന്നു.


5) പായ‌ലേം ചൻമൻ …..1997 ൽ
പ്രിയദർശനെ ഹിന്ദിയിലെ അറിയപ്പെടുന്ന ഒരു സം‌വിധായകൻ എന്ന പേര് നേടി കൊടുത്തത് വിരാസത് എന്ന ചിത്രമായിരുന്നു. ചിത്രത്തിൽ പായ‌ലേം ചൻമൻ എന്ന ഗാനമായിരുന്നു കെ എസ് ചിത്ര ആലപിച്ചത്. കുമാർ സാനുവും ചിത്രയും കൂടിയാണ് ഗാനം ആലപിച്ചത്. ജാവേദ് അക്തറിന്റെ വരികൾക്ക് സംഗീതം നൽകിയത് അനുമാലിക് ആയിരുന്നു. തബുവും അനിൽകപൂറുമാണ് ഗാനത്തിൽ അഭിനയിച്ചത്.
6) ഒവ്വരു പൂക്കളുമേ…… 2004 ൽ പ്രദർശനത്തിനെത്തിയ ഓട്ടോഗ്രാഫ് എന്ന ചിത്രത്തിൽ പി.എ വിജയുടെ വരികൾക്ക് ഭരദ്വാജ് സംഗീതം നൽകിയ ഈ ഗാനത്തിന് ചിത്രയ്ക്കും പിഎ വിജയ്ക്കും ദേശീയ അവാർഡ് ലഭിച്ചു. വര്‍ഷങ്ങള്‍ എത്ര പിന്നിട്ടാലും ഒട്ടും കുറയാത്ത സ്വരമാധുര്യത്തോടെ, മലയാളികള്‍ കെ എസ് ചിത്രയുടെ പാട്ടുകള്‍ കേള്‍ക്കുന്നു. കെ എസ് ചിത്രയുടെ പഴയ പാട്ടുകള്‍ക്ക് യുവതലമുറയിലും ആരാധകര്‍ ഏറെ.

കടപ്പാട് കലാഗ്രാമം ബുക്ക്‌ ക്ലബ്ബ്

Leave a Reply

Your email address will not be published. Required fields are marked *