തിരശ്ശീലവീണത് ഒരു നൂറ്റാണ്ടിന്‍റെ അനുഭവ പാരമ്പര്യത്തിന്

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനൽക്കാല വസതിയായ സ്കോട്ട്ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ആരോഗ്യ പ്രശ്നങ്ങൾ അവരെ അലട്ടിയിരുന്നു. വ്യാഴാഴ്ച രാവിലെയാണ് വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം അവരുടെ ആരോഗ്യ നിലയിൽ ഡോക്ടർമാർ ആശങ്ക അറിയിച്ചത്. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ബക്കിങ്ഹാം കൊട്ടാരം പ്രത്യേക വാർത്താക്കുറിപ്പിലൂടെയാണ് എലിസബത്തിന്റെ മരണവാർത്ത അറിയിച്ചത്.

1926 ഏപ്രില്‍ 21-ന് ജോര്‍ജ് ആറാമന്റെ (ഡ്യൂക്ക് ഓഫ് യോര്‍ക്ക്) യും എലിസബത്ത് രാജ്ഞി (ഡച്ചസ് ഓഫ് യോര്‍ക്ക്) യുടെയും മകളായാണ് ജനനം. ജോര്‍ജ് ആറാമന്റെ പിതാവും രാജാവുമായിരുന്ന ജോര്‍ജ് അഞ്ചാമന്റെ ഭരണകാലത്തായിരുന്നു എലിസബത്തിന്റെ ജനനം. ബ്രിട്ടീഷ് കിരീടത്തിലേക്കുള്ള പിന്തുടര്‍ച്ചാവകാശത്തില്‍ അമ്മാവന്‍ എഡ്വേഡിനും പിതാവിനും പിന്നില്‍ മൂന്നാമതായിരുന്നു എലിസബത്തിന്റെ സ്ഥാനം. ജോര്‍ജ് അഞ്ചാമന്റെ മരണത്തിന് പിന്നാലെ എഡ്വേഡ് രാജാവ് ആയെങ്കിലും വിവാഹമോചനവും അത് സംബന്ധിച്ച ഭരണഘടനാ പ്രതിസന്ധിക്കും പിന്നാലെ എഡ്വേഡ് രാജിവെച്ചു. തുടര്‍ന്ന് തുടര്‍ന്ന് എലിസബത്തിന്റെ പിതാവ് ജോര്‍ജ് ആറാമന്‍ ബ്രിട്ടന്റെ സിംഹാസനത്തിലെത്തി. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ മൂത്തമകളായ എലിസബത്ത് അധികാരത്തിലെത്തി.

1952 ഫെബ്രുവരി ആറിനായിരുന്നു എലിസബത്ത് ഭരണത്തിലേറിയത്. 1953 ജൂണ്‍ രണ്ടിന് കിരീടധാരണം നടന്നു. ഗ്രീക്ക് ഡാനിഷ് രാജകുടുംബത്തില്‍ ജനിച്ച ഫിലിപ്പ് രാജകുമാരനാണ് എലിസബത്തിന്റെ ഭര്‍ത്താവ്. 1947-നാണ് ഇവര്‍ വിവാഹിതരായത്. 2021 ഏപ്രില്‍ ഒമ്പതിന് ഫിലിപ്പ് അന്തരിച്ചു. അടുത്ത രാജാവായ ചാള്‍സ്, ആന്‍, ആന്‍ഡ്രൂ, എഡ്വാര്‍ഡ് എന്നിവരാണ് മക്കള്‍. 1997-ല്‍ കാര്‍ അപകടത്തില്‍ മരിച്ച ഡയാന സ്പെന്‍സര്‍, ചാള്‍സ് രാജകുമാരന്റെ ആദ്യഭാര്യയായിരുന്നു. പിന്നീട് 2005-ൽ കാമില പാര്‍ക്കറെ വിവാഹം ചെയ്തു.

രാജ്ഞിയുടെ ആരോഗ്യസ്ഥിയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണച്ചടങ്ങിന് ചരിത്രത്തിലാദ്യമായി സ്‌കോട്ട്ലന്‍ഡ് വേദിയായിരുന്നു. ചൊവ്വാഴ്ച സ്‌കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായ ലിസ് ട്രസിന്റെ സ്ഥാനാരോഹണ ചടങ്ങ് നടന്നത്. സാധാരണമായി ബക്കിങ്ഹാം കൊട്ടാരത്തിലോ തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ വിന്റ്സര്‍ കൊട്ടാരത്തിലോ വെച്ചാണ് രാജ്ഞി പുതിയ പ്രധാനമന്ത്രിയെ അവരോധിക്കുക. 70 വര്‍ഷത്തിലധികം അധികാരത്തിലിരുന്ന എലിസബത്ത് രാജ്ഞിക്ക് ഇതിനടയില്‍ ലിസ് ട്രസടക്കം 16 പ്രധാനമന്ത്രിമാരെ നിയമിക്കാന്‍ കഴിഞ്ഞു. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടനും അവിടുത്തെ ജനങ്ങള്‍ക്കും പ്രചോദനാത്മക നേതൃത്വം നല്‍കാന്‍ എലിസബത്തിന് കഴിഞ്ഞെന്നും അവരുടെ വിയോഗത്തില്‍ ദുഃഖിക്കുന്നെന്നും മോദി ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *