നടന്‍ വിക്രമന്‍നായര്‍ അന്തരിച്ചു

നാടകത്തിന്റെ അരങ്ങിൽ അഭിനേതാവായും സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ച വിക്രമൻ നായർ (78) അന്തരിച്ചു. ആറരപ്പതിറ്റാണ്ടുനീണ്ട നാടകജീവിതത്തിനൊപ്പംതന്നെ സിനിമ, സീരിയൽ രംഗങ്ങളിലും അദ്ദേഹം തിളങ്ങി. തിങ്കളാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. കുണ്ടൂപ്പറമ്പ് ‘കൃഷ്ണ’യിലായിരുന്നു താമസം. ഗുരുവായൂരപ്പൻ കോളേജിൽ ബിരുദപഠനം പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് നാടകത്തിൽ സജീവമായിരുന്നു.

മണ്ണാർക്കാട്‌ പൊറ്റശ്ശേരിയിൽ വെള്ളാറം പാടി ജാനകിയുടെയും വേലായുധൻ നായരുടെയും മകനായി 1945ലാണ്‌ ജനനം.
ജനനംകൊണ്ട് മണ്ണാർക്കാട്ടുകാരനാണെങ്കിലും കോഴിക്കോട് സെയ്ന്റ് ജോസഫ് ഹൈസ്കൂളിലെ വിദ്യാഭ്യാസകാലമാണ് വിക്രമൻനായരെ നാടക തത്പരനാക്കുന്നത്. 16 വയസ്സുമുതൽ കോഴിക്കോട്ടെ കലാസമിതിപ്രവർത്തകരുമായി സഹകരിച്ചുപോന്നിരുന്നു. കെ.ടി. മുഹമ്മദടക്കമുള്ള നാടകാചാര്യന്മാരോടൊപ്പം നാടകരംഗത്ത് തന്റേതായ കൈയൊപ്പ് പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. 1982ൽ സ്‌റ്റേജ്‌ ഇന്ത്യ എന്ന നാടകസമിതി തുടങ്ങി. തിക്കോടിയന്റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നായക നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. സ്റ്റേജ് ഇന്ത്യ എന്ന നാടക കമ്പനി സ്ഥാപിച്ചതും വിക്രമൻ നായരാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വൈറസ്, പാലേരി മാണിക്യം തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

10,000-ത്തിലധികം വേദികളിലായി 53 പ്രൊഫഷണൽ നാടകങ്ങൾ ഉൾപ്പെടെ ഇരുനൂറോളം നാടകങ്ങളിൽ വിക്രമൻ നായർ അഭിനയിച്ചിട്ടുണ്ട്. സംഗമം, സ്റ്റേജ് ഇന്ത്യ എന്നീ നാടക ട്രൂപ്പുകളിലും പ്രവർത്തിച്ചു. പുതുതായി ആരംഭിക്കുന്ന സീരിയലിൽ അഭിനയിക്കുന്നതിന് തിരുവനന്തപുരത്തേക്ക് പോവാനുള്ള തയ്യാറെടുപ്പിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *