അടുക്കളത്തോട്ടം ഒരുക്കാന്‍ എന്തൊക്കെ ചെയ്യണം?

ചെറിയൊരു അടുക്കളത്തോട്ടമെങ്കിലും നമ്മുടെ വീടുകളില്‍ കാണും.നമ്മുടെ ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികള്‍, ലഭ്യമായ ശുദ്ധജലം, അടുക്കള, കുളിമുറിയില്‍ നിന്നുള്ള പാഴ്ജലം എന്നിവ ഉപയോഗിച്ച് നമ്മുടെ അടുക്കളത്തോട്ടത്തില്‍ ഉണ്ടാക്കിയെടുക്കാം.

ഉപയോഗിക്കാത്ത ജലം കെട്ടിക്കിടക്കുന്നത് തടയാനും, വീടിനു പിന്നിലുള്ള ചെറിയ കൃഷിയിടത്തില്‍ നിന്ന് നമുക്കാവശ്യമായ പച്ചക്കറികള്‍ ലഭ്യമാക്കുവാനും, പരിസര മലിനീകരണം ഒഴിവാക്കാനും, കീടങ്ങളെ നിയന്ത്രിക്കാനും, രാസവളം പ്രയോഗിക്കാതെ നല്ല പച്ചക്കറി ലഭിക്കാനും കഴിയുന്നു. ഈ സുരക്ഷാ മാര്‍ഗ്ഗത്തിലൂടെ, രാസവള പ്രയോഗത്തിലൂടെ പച്ചക്കറികളിലുണ്ടാവുന്ന വിഷാംശം തടയാനും കഴിയും.

തൈകള്‍ നടുന്ന സമയം


വെയില്‍ കുറഞ്ഞ സമയത്താണ് തൈകള്‍ പറിച്ച് നടേണ്ടത്. വൈകുന്നേരങ്ങളില്‍ നടുന്നതാണ് ഏറ്റവും നല്ലത്.


വിത്ത് നടുന്ന ആഴം


വിത്ത് നടാനുളള കുഴിയെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. വലിപ്പമനുസരിച്ചു പല ആഴത്തിലാണ് വിത്ത് നടേണ്ടത്


ചെടികളുടെ അകലം


കൃഷി ചെയ്യുന്ന ഇനങ്ങളുടെ വളര്‍ച്ചാ സ്വഭാവം, മണ്ണിന്റെ ഫലപുഷ്ടി എന്നിവയെ ആശ്രയിച്ച് അകലം കണക്കാക്കാം. കുറ്റി പയര്‍ ഇനങ്ങള്‍ 25 ; 15 സെമീ അകലവും പടരുന്ന വള്ളിപ്പയര്‍ ഇനങ്ങള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലവും ആകാം.


വിത്തുകള്‍ നടുന്നതിനുളള മുന്നൊരുക്കം


വെണ്ട, പയര്‍, പാവല്‍, പടവലം, മത്തന്‍. ചുരയ്‌ക്ക തുടങ്ങിയ വിത്തുകള്‍ നടുന്നതിനു രണ്ട്- മൂന്ന് മണിക്കൂര്‍ എങ്കിലും സ്യൂഡോമോണസ് ലായനിയില്‍ കുതിര്‍ത്ത് വെക്കണം. വിത്തുകള്‍ കരുത്തോടെ മുളച്ച് വരാന്‍ ഇത് സഹായിക്കുന്നു.


തടത്തിലെ മണ്ണ് മണ്ണിടലും ഇളക്കലും


ഫോര്‍ക്ക് ഉപയോഗിച്ച് മൂന്നാഴ്‌ച്ചയില്‍ ഒരിക്കല്‍ പച്ചക്കറികളുടെ വേര് മുറിയാതെ മണ്ണിളക്കി കൊടുക്കണം. ഇത് വേരിനെ വളവും വെള്ളവും വലിച്ചെടുക്കാന്‍ സഹായിക്കും. കൂടാതെ പച്ചക്കറികള്‍ക്ക് ചുറ്റും രണ്ടോ മൂന്നോ തവണകളായി മണ്ണ് നല്‍കുന്നതു ചെടികള്‍ വീണു പോകാതിരിക്കാനും വിളവിനും ഗുണകരമാണ്.


കള പറിക്കല്‍


പച്ചക്കറി തടത്തിലെ കളകളും പുല്ലും സമയത്ത് പറിക്കണം. പറിച്ച കളകള്‍ തടത്തില്‍ തന്നെ പുതയിട്ടു കൊടുക്കാം. തടത്തിലെ മണ്ണില്‍ ഈര്‍പ്പം, വായുസഞ്ചാരം, ജൈവാംശം എന്നി നിലനില്‍ക്കാന്‍ ഇതു സഹായിക്കുന്നു.


വളപ്രയോഗവും കീടനിയന്ത്രണവും


വളങ്ങള്‍ പരമാവധി പൊടിച്ചോ, വെള്ളത്തില്‍ കലക്കിയോ മണ്ണില്‍ ചേര്‍ക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്താൽ വളങ്ങള്‍ മണ്ണില്‍ അലിഞ്ഞു അവ വേരുകള്‍ വലിച്ചെടുക്കും. കൂടാതെ വളപ്രയോഗവും കീടനിയന്ത്രണങ്ങളും വൈകുന്നേരങ്ങളിലാണ് ചെയ്യുന്നതാണ് നല്ലത്.


താങ്ങ്, പന്തല്‍ ഒരുക്കല്‍


പാവല്‍, പയര്‍,പടവലം തുടങ്ങിയ പന്തലില്‍ വളരുന്നവയ്‌ക്ക് വള്ളി കയറി പന്തലിക്കാനുള്ള സാഹചര്യമൊരുക്കണം.


വെള്ളം എപ്പോള്‍


മണ്ണിന്റെ ഘടന, കാലാവസ്ഥ, എന്നിവ അനുസരിച്ച് നനക്കുന്നതിന്റെ ഇടവേള മാറികൊണ്ടിരിക്കും. ചരല്‍ കൂടുതലുള്ള മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ കൂടുതല്‍ തവണ നനയ്‌ക്കണം. ചെടികള്‍ പൂക്കുന്നതു വരെ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ നനച്ചാല്‍ മതി. പൂവിട്ട് കായഫലമായി തുടങ്ങിയാല്‍ ഒരോ ദിവസവും നനയ്‌ക്കണം.


വിത്ത് ശേഖരണം


ഏറ്റവും ആദ്യത്തെയും അവസാനത്തെയും ഒഴിവാക്കി രണ്ടാമത്തേയോ മൂന്നാമത്തെയോ ഫലം വിത്തിനായി തെരഞ്ഞെടുക്കണം. നടാനുള്ള വിത്തുകള്‍ ശേഖരിക്കുമ്പോള്‍ നന്നായി മൂത്തതു വേണം ശേഖരിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *