നല്ല ദാമ്പത്യത്തിന് അറിയാം ഈ കാര്യങ്ങള്‍

മനുഷ്യര്‍ എല്ലാവരും വ്യത്യസ്തരാണ്. ദാമ്പത്യ ജീവിതത്തില്‍ വിള്ളലുണ്ടാകാതെ നോക്കേണ്ടത് പങ്കാളികള്‍ക്ക് തുല്യ ഉത്തരവാദിത്തമാണ്. പങ്കാളിയെ പരിഗണിക്കാതെയുള്ള പെരുമാറ്റങ്ങള്‍ തീര്‍ച്ചയായും ദാമ്പത്യബന്ധങ്ങളിലെ പൊരുത്തക്കേടുകള്‍ക്ക് കാരണമാകും. അത്തരും കാര്യങ്ങള്‍ ചൂണ്ടികാണിക്കുകയാണ് ഇന്നത്തെ ഫാമിലി കൌണ്‍സിലിംഗില്‍ ചെയ്യുന്നത്.


ദാമ്പത്യ ജീവിതത്തില്‍ സ്ത്രീക്കും പുരഷനും തുല്യ പങ്കാളിത്തമെന്ന് പറയുന്നെണ്ടെങ്കിലും പല കുടുംബങ്ങളില്‍ അങ്ങനെ അല്ല നടക്കുന്നത്. സ്ത്രീ വിഴുപ്പലക്കാനും എച്ചില്‍പാത്രം കഴുകാനും വിധിക്കപ്പെട്ടവളാണെന്നും അവള്‍ക്ക് ആഗ്രഹങ്ങളോ അഭിപ്രായങ്ങളോ ഇല്ല എന്ന് വിചാരിക്കുന്നവര്‍ ഇന്നും സമൂഹത്തിലുണ്ട്.

പരസ്പര ബഹുമാനം

ദമ്പതികള്‍ പരസ്പരം ബഹുമാനം ഉള്ളവര്‍ ആയിരിക്കണം. അത് വാക്കുകളില്‍ പോലും അത് ഉണ്ടാകാന്‍ ശ്രദ്ധിക്കണം. അപകീര്‍ത്തിപ്പെടുത്തുന്നതോ അപമാനിക്കുന്നതോ നിരുത്സാഹപ്പെടുത്തുന്നതോ ആയ പ്രസ്താവനകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം.
സ്ത്രീക്കും വ്യക്തിത്വവും സ്വതന്ത്രമായ ചിന്തകളും ആഗ്രഹങ്ങളും ഉണ്ടെന്ന് മനസിലാക്കി പങ്കാളിയെ ചേര്‍ത്തുനിര്‍ത്തുന്നത് പരസ്പര സ്‌നേഹം വര്‍ധിക്കാന്‍ ചെയ്യേണ്ട കാര്യമാണ്. നിങ്ങളുടെ ഭാര്യ നിങ്ങളെ ബഹുമാനിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ ആദ്യം അവളെ ബഹുമാനിക്കണമെന്ന് തിരിച്ചറിയുക.


ഭാര്യയുടെ വികാരങ്ങളോട് ബഹുമാനം പുലര്‍ത്തുക. ഒരുമിച്ചു ചേര്‍ന്ന് നാളുകളായെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയാനാവും. നിങ്ങളുടെ ഭാര്യയെ ബഹുമാനിക്കുക എന്നതിനര്‍ത്ഥം അവരെ അസ്വസ്ഥരാക്കുമെന്ന് നിങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കുക എന്നതാവണം.


ദേഷ്യം നിയന്ത്രിക്കാം


ശകാരിക്കുകയെന്നത് അനാദരവിന്റെ അടയാളമാണ്. നിങ്ങളോട് ആരെങ്കിലും ദേഷ്യപ്പെട്ടാന്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന അതേ മാനസികാവസ്ഥ തന്നെയാണ് അവര്‍ക്കും ഉണ്ടാവുകയെന്നു മനസിലാക്കുക. അവരും അസ്വസ്ഥരാകും. നിങ്ങള്‍ എത്രമാത്രം ദേഷ്യപ്പെട്ടാലും പരസ്പരം സംസാരിക്കുമ്പോഴെല്ലാം ശബ്ദം താഴ്ത്തി സംസാരിക്കാന്‍ ശ്രമിക്കുക.

ചെറിയ വഴക്കുകള്‍ക്ക് നിങ്ങളുടെ കുട്ടികളെയോ കുടുംബാംഗങ്ങളെയോ സാക്ഷികളാക്കാതിരിക്കുക. കാരണം മറ്റുള്ളവര്‍ അവളോട് എങ്ങനെ പെരുമാറും എന്നതിനെ ഇത് ബാധിച്ചേക്കാം. നിങ്ങളുടെ പൊരുത്തക്കേടുകള്‍ സ്വകാര്യമായി പരിഹരിക്കുക.

മനസ്സു തുറക്കാം


ഭാര്യാഭര്‍തൃ ബന്ധത്തില്‍ സത്യസന്ധതയുടെ സ്ഥാനം വളരെ വലുതാണ്. പരസ്പരം സത്യസന്ധരായിരിക്കുക. വിശ്വാസത്തെ നശിപ്പിക്കാതിരിക്കാന്‍ എല്ലാ കാര്യങ്ങളും മനസുതുറന്ന് പങ്കുവയ്ക്കുക.

കളിയാക്കല്‍ അരുത്

മറ്റുള്ളവരുടെ മുമ്പില്‍ പങ്കാളിയെ കുറിച്ച് തരംതാഴ്ത്തി സംസാരിക്കരുത്. അവര്‍ ചെയ്ത കാര്യങ്ങള്‍ നിങ്ങളില്‍ മുഷിപ്പുളവാക്കിയെങ്കില്‍ മറ്റുള്ളവരുടെ മുന്നില്‍ ഒരിക്കലും പ്രകോപിതനാവരുത്. സ്വയം നിയന്ത്രിക്കുക.നിങ്ങളുടെ പങ്കാളിയില്‍ നിങ്ങള്‍ കാണുന്ന കുറവുകളെക്കുറിച്ച് മറ്റുള്ളവരോട് പറയാതിരിക്കുക. പകരം, നിങ്ങള്‍ കാണുന്ന കുറവുകളെയും സ്വഭാവങ്ങളെയും കുറിച്ച് അവരോടു തന്നെ തുറന്നുപറയുകയും മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുക.

നല്ല കേള്‍വിക്കാര്‍ ആവുക

നിങ്ങള്‍ക്ക് നിങ്ങളുടെ തീരുമാനങ്ങളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളോ കാഴ്ചപ്പാടുകളോ ഉണ്ടെങ്കില്‍ നിങ്ങളുടെ ഭാര്യയുടെ ഭാഗം കൂടി കേള്‍ക്കാന്‍ തയ്യാറാകുക. അവളുടെ അഭിപ്രായത്തെയും മാനിക്കുക. അവള്‍ നിര്‍ദ്ദേശങ്ങളോ ഉപദേശങ്ങളോ നല്‍കുമ്പോള്‍ ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്യുക.

വ്യക്തിത്വം മാനിക്കുക

നിങ്ങളുടേതായ ചിന്തകള്‍, വിശ്വാസങ്ങള്‍, തത്ത്വങ്ങള്‍ എന്നിവ ഭാര്യയില്‍ ഒരിക്കലും അടിച്ചേല്‍പിക്കരുത്. നിങ്ങള്‍ക്കും നിങ്ങളുടെ ഭാര്യക്കും കാര്യങ്ങളെക്കുറിച്ച് ഒരേ മനസ്സാമെങ്കില്‍ നല്ലൊരു ദാമ്പത്യത്തിന് യോജിച്ചതാണത്. പല ദമ്പതികളും വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാകുമെന്നതിനാല്‍ അവരില്‍ വ്യത്യാസങ്ങളുമുണ്ടാകാം. അവളുടെ ആഗ്രഹത്തിനെതിരായി നിങ്ങളുടെ വഴികളിലൂടെ അവളെ നടത്താന്‍ നിര്‍ബന്ധിതരാക്കാതിരിക്കുക.


നിങ്ങളുടെ ഭാര്യക്ക് സ്വന്തം ഇച്ഛാശക്തിയും കാര്യങ്ങള്‍ ചെയ്യാനുള്ള മുന്‍ഗണനകളും കാഴ്ചപ്പാടുകളുമുണ്ട്. അവള്‍ മറ്റൊരു അന്തരീക്ഷത്തില്‍ വളര്‍ന്നാണ് നിങ്ങളിലെത്തിയതെന്ന് മനസിലാക്കുക. നിങ്ങളുടെ ആദര്‍ശം സ്വീകരിക്കാന്‍ അവളെ നിര്‍ബന്ധിതയാക്കാതിരിക്കുക. നിങ്ങളുടെ ഭാര്യയെ അംഗീകരിക്കുകയും നിങ്ങളോടുള്ള അഭിപ്രായ വ്യത്യാസങ്ങളെ മാനിക്കുകയും ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *