നൂറ്റാണ്ടുകൾ പഴക്കമുള്ള തിരുവോണമല

തുലാം മാസത്തിലെ തിരുവോണ നാളിൽ ഉത്സവം കൊണ്ടാടുന്ന പുരാതന ക്ഷേത്രം നമുക്കുണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് വേങ്ങരയിലെ ഊരകം മല അഥവാ തിരുവോണ മല. സമുദ്ര നിരപ്പില്‍ നിന്നും രണ്ടായിരത്തി ഇരുന്നൂറ് അടി ഉയരത്തില്‍, കണ്ണമംഗലം ഊരകം പഞ്ചായത്തുകളുടെ അതിര്‍ത്തിയായി കണക്കാക്കുന്ന സ്ഥലമാണ് തിരുവോണം മല.

രണ്ടായിരം വര്‍ഷത്തില്‍പരം പഴക്കം ഉണ്ടെന്ന് കരുതപ്പെടുന്ന കരിങ്കല്‍ നിര്‍മിതിയായ തിരുവര്‍ച്ചനാംകുന്ന് ശങ്കര നാരായണ സ്വാമി ക്ഷേത്രമാണ് മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്നത്. ശബരിമല കഴിഞ്ഞാൽ ഏറ്റവും പഴക്കം കൂടിയ ക്ഷേത്രമാണ് ഇതെന്ന് കരുതപ്പെടുന്നു. ഗജ പ്രിതിഷ്ടാക്രിതിയില്‍ ഉള്ള ശ്രീകോവില്‍ ആകെ കേരളത്തില്‍ നാലെണ്ണം ഉള്ളതില്‍ ഒരെണ്ണം ഇവിടെയാണ്‌ ഉള്ളത്.

ദൂരെ പരപ്പനങ്ങാടി കടലില്‍ നിന്നുള്ള സൂര്യന്‍റെ പ്രതിഫലനം ഇവിടെ ശ്രീകോവിലിനുള്ളിലേക്ക് വരുന്ന രീതിയില്‍ ആണ് ശ്രീകോവിലിന്‍റെ നിര്‍മാണം. ഇവിടേയ്ക്ക് ജലം എടുക്കുന്നതിന് വേണ്ടിയുള്ള പാറയില്‍ നിന്നുള്ള പ്രത്യേക തരം നീരൊഴുക്കും കാണേണ്ടത് തന്നെയാണ്.


കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റിപറ്റിയുള്ള മലനിരകളാണിവ. ചെരുപ്പടി മല എന്നറിയപ്പെടുന്നതാണ് ഇക്കൂട്ടത്തിൽ കൂടുതൽ അറിയപ്പെടുന്നത്. അവിടെനിന്നും നാല് കിലോമീറ്റർ കൂടെ ഊരകം ഭാഗത്തേക്ക്‌ സഞ്ചരിച്ചാൽ തിരുവോണമലയുടെ അടിവാരത്തിൽ എത്താം.


കുത്തനെ മുകളിലേക്ക് ഏതാണ്ട് മുപ്പത് മിനുട്ട് സമയം വേണം നല്ല ആരോഗ്യമുള്ളവർക്കും കേറിചെല്ലാൻ. ആയിരക്കണക്കിന് വർഷം പുറകിൽ എത്തിയ ഒരു അന്തരീക്ഷമാണ് മുകളിൽ. കേരളത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രമായിരുന്ന അതിന്റെ ചരിത്രം പറഞ്ഞാൽ 2000 വർഷം വരെ കണക്കാക്കേണ്ടിവരും. ക്ഷേത്ര ഭിത്തിയിൽ വട്ടെഴുത്തിൽ ചിലതൊക്കെ കൊത്തിവെച്ചിട്ടുണ്ട്. ശങ്കരനാരായണ ക്ഷേത്രം എന്നായിരുന്നു ഈ പുരാതന ദേവാലയം അറിയപ്പെട്ടിരുന്നത്. തകർച്ചയുടെ പാതയിൽ ഏറെ ദൂരം സഞ്ചരിച്ച ഈ ശിലാ നിർമ്മിതി ഇനിയൊരു പുരാവസ്തുവായി കാത്തുസൂക്ഷിക്കുന്നതാണ് സാധ്യമായൊരു നടപടി.

പുൽമേടുകളും, സസ്യലതാതികളും, തടാകങ്ങളും, പക്ഷികളും ഒക്കെ നില കൊളളുന്ന ഈ പുണ്യഭൂമി അതി മനോഹരമാണ്. പടിഞ്ഞാറ് ഭാഗത്തു നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റും ഇവിടുത്തെ പ്രത്യേകതയാണ്. ധാരാളം അപൂർവ്വ യിനത്തിൽപെട്ട സൂക്ഷ്മ ജീവികളെയും ഇവിടെ കാണുന്നു. കരിന്തേളുകളും, കരിഞ്ചേരാട്ടകളും ധാരാളമായി അവിടെ കാണാം. വാനരപ്പടയുടെ വിഹാര സ്ഥലമാണ് താഴ്വാരം. ഏതായാലും തിരുവേണം മലയുടെ സൗന്ദര്യം നുകരാനും വിശ്വാസികൾക്ക് ദർശന സായൂജ്യത്തിനും പറ്റിയ സ്ഥലമാണ് തിരുവോണം മല.

കരിങ്കല്ലിൽ വെട്ടിയെടുത്ത കൂറ്റൻ കല്ലുകൾ പരസ്പരം ഇണക്കിചേർത്ത ആ പ്രാചീന വാസ്തുവിദ്യ ഇനി പുനസൃഷ്ടിക്കാൻ നമുക്കാവില്ല. അതുകൊണ്ട് തന്നെ തകർത്തെറിയപ്പെട്ട ഈ അമൂല്യ മനുഷ്യധ്വാനം ഇനി സങ്കൽപ്പങ്ങളിൽ മാത്രം. ഒരുപക്ഷേ പഴയ പ്രതാപം നിലനിന്നിരുന്നെങ്കിൽ ഇന്ന് കേരളത്തിലെ ഏറ്റവും തിരക്കുള്ള ക്ഷേത്രം ഇതായേനെ.
ജൈന നിർമ്മിതിയുടെ ഒരുപാട് അടയാളങ്ങൾ ഇവിടെയുണ്ട്. നിലവിൽ അന്ത്യ ശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ഇപ്പോഴത്തെ കാഴ്ച്ചകൾ കാണുമ്പോൾ ഉള്ളിലൊരു നഷ്ടബോധം ആർക്കും അനുഭവപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *