വെള്ളത്തിനുള്ളിലെ നരകവാതില്‍‌‍

സമുദ്ര നിരപ്പിൽ നിന്നും ഏകദേശം രണ്ടായിരം അടി ഉയരത്തിൽ പരന്നു കിടക്കുന്ന തടാകം.കണ്ണീരുപോലെ തെളിഞ്ഞ വെള്ളവുമായി പോർച്ചുഗലിലെ നക്ഷത്ര മലനിരകൾക്കു മുകളിൽ സ്ഥിതി ചെയ്യുന്ന ആ തടാകം പതിറ്റാണ്ടുകളായി തനിക്കുള്ളിൽ ഒരു രഹസ്യം ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു.

മനോഹരമായ ജലവിതാനത്തിനുള്ളിൽ നിന്നും നരകത്തിലേക്ക് തുറക്കുന്ന ഒരു വാതിൽ !‌ഒറ്റ നോട്ടത്തിൽ അപകടകരമായ ഒരു ചുഴി.തടാകത്തിനുള്ളിൽ ഈ ചുഴി എങ്ങനെ ഉണ്ടായി എന്ന് അത്ഭപ്പുതപ്പെട്ട് സൂക്ഷിച്ച് നോക്കിയാൽ കാണാം, മറ്റൊരു ലോകത്തിലേക്കെന്ന പോലെ ഒരു തുരങ്കം.

ആറുപതിറ്റാണ്ടുകൾക്കു മുൻപ് വെള്ളത്തിനു നടുവിൽ വൃത്താകൃതിയിൽ നിർമ്മിക്കപ്പെട്ട ഒരു അണക്കെട്ടാണ് അവിശ്വസനീയമെന്ന് വിശേഷിപ്പിക്കാവുന്ന ഈ കാഴ്ചയൊരുക്കുന്നത്.1955ൽ നിർമ്മിക്കപ്പെട്ട ഈ അണക്കെട്ട് 2014 വരെ ഒരു രഹസ്യമായി തുടരുകയായിരുന്നു.പോർച്ചുഗലിലെ ജല-വൈദ്യുത സംവിധാനത്തിന്റെ ഭാഗമായാണ് ഇത് നിർമ്മിക്കപ്പെട്ടത്.പാറക്കൂട്ടങ്ങളും ചെറുചെടികളും ഒക്കെയായി പ്രകൃതി തന്നെ സൃഷ്ടിച്ചത് എന്ന് തോന്നും വിധമാണ് ഈ ചെറിയ അണക്കെട്ടിന്റെ നിർമ്മാണം.

പാതാളത്തിലേക്കെന്ന പോലെ തുറന്നു കിടക്കുന്നതിനാലാവണം നരകത്തിലെ കിണർ ( Covao do Conchos) എന്നാണ് ഈ നിർമ്മിതിക്കു നൽകിയിരിക്കുന്ന പേര്.റൈബെയ്റ ഡാസ് നേവ്സ് ‘ എന്ന നദിയിൽ നിന്നും ലാഗ്വ കോംപ്രിഡ അണക്കെട്ടിലേക്ക് ജലം എത്തിക്കുന്നതിനായാണ് അണക്കെട്ട് നിർമ്മിച്ചത്.48 മീറ്റർ വ്യാസമുള്ള അണക്കെട്ടിൽ നിന്നും 1519 മീറ്റർ നീളമുള്ള തുരങ്കത്തിലൂടെയാണ് ലാഗ്വ കോംപ്രിഡയിലേക്ക് ജലം എത്തുന്നത്.

പ്രകൃതിയുമായി ചേർന്നു നിൽക്കുന്നു എന്നത് തന്നയാണ് ഈ അണക്കെട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത.മനുഷ്യ നിർമ്മിതമാണെങ്കിലും അണക്കെട്ടു മൂലം തടാകത്തിന്റെ സ്വാഭാവികതയ്ക്ക് തെല്ലും കോട്ടം തട്ടിയിട്ടില്ല.മനുഷ്യന് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ഈ ഭൂപ്രദേശത്ത് പതിറ്റാണ്ടുകൾക്ക് മുൻപ് ഇത്ര മനോഹരമായ ഈ അണക്കെട്ട് എങ്ങനെ നിർമ്മിച്ചു എന്നതും ആശ്ചര്യം ജനിപ്പിക്കുന്ന കാര്യമാണ്.എന്തു തന്നെയായാലും നരകത്തിലെ കിണർ ഇന്ന് പോർച്ചുഗീസിന്റെ അമൂല്ല്യ സ്വത്തു തന്നെയാണ്.


കടപ്പാട് പ്രവീണ്‍പ്രകാശ്

Leave a Reply

Your email address will not be published. Required fields are marked *