മുരളി, ഓര്‍മ്മയായിട്ട് 13 വര്‍ഷം.

മലയാള സിനിമയിലെ ക്ഷോഭിക്കുന്ന നടന്‍, ആയിരം മുഖങ്ങള്‍, ആയിരം ഭാവങ്ങള്‍ മുരളി ഒരു രവമായിട്ടല്ല, ഗര്‍ജ്ജനമായി തന്നെ വെള്ളിത്തിരയില്‍ നിറഞ്ഞാടുകയായിരുന്നു. നായകന്‍, പ്രതിനായകന്‍, വില്ലന്‍, രാഷ്ട്രീയക്കാരന്‍, അച്ഛന്‍, മുത്തച്ഛന്‍, കാമുകന്‍ ചെയ്ത വേഷങ്ങളിലെല്ലാം ഒരു മുരളി സ്പര്‍ശമുണ്ടായിരുന്നു.

പ്രത്യേക കാറ്റഗറിയില്‍ അല്ലെങ്കില്‍ ഒരു വേഷത്തില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ സാധിക്കുന്നതായിരുന്നില്ല ആ നടന വൈഭവത്തെ, പ്രതീക്ഷകളും ചിന്തകളെയും കാറ്റില്‍ പറത്തി മുരളി ആരൊക്കെയായി നമുക്ക്മു ന്നിലെത്തുകയായിരുന്നു.കൊല്ലം ജില്ലയിലെ കൊട്ടാരക്കരക്കടുത്ത് കുടവട്ടൂരിലെ കാര്‍ഷിക കുടുംബത്തില്‍ വെളിയം കുടവട്ടൂര്‍ പൊയ്കയില്‍ വീട്ടില്‍ കെ. ദേവകിയമ്മയുടെയും പി.കൃഷ്ണപിള്ളയുടെയും മകനായി 1954 മേയ് 25 നായിരുന്നു മുരളിയുടെ ജനനം. കുടവട്ടൂര്‍ എല്‍.പി. സ്‌കൂളില്‍ ആണ് മുരളിയുടെ വിദ്യാഭ്യാസം തുടങ്ങിയത്. തൃക്കണ്ണമംഗലം എസ്.കെ.വി.എച്ച്.എസ്. ആണ് മുരളി പഠിച്ച മറ്റൊരു സ്‌കൂള്‍.

കുടവട്ടൂര്‍ എല്‍.പി. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അദ്ധ്യാപകന്‍ സ്‌കൂളില്‍ അവതരിപ്പിച്ച നാടകത്തിലെ ബാലതാരമായാണ് മുരളി ആദ്യം സ്‌റ്റേജിലെത്തുന്നത്.പ്രീഡിഗ്രിക്കു തിരുവനന്തപുരത്തും ഡിഗ്രിക്ക് ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിലാണ് മുരളി പഠിച്ചത്. പിന്നീട് തിരുവനന്തപുരം ലാ അക്കാദമിയില്‍ എല്‍.എല്‍.ബി. പാസായി. ആരോഗ്യവകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്കായും പിന്നീട് യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റായും നിയമനം ലഭിച്ചതോടെ മുരളി നാടകാഭിനയത്തിനു സമയം കണ്ടെത്തി. ആ കാലത്താണ് സാഹിത്യ നിരൂപകനും നടനുമായിരുന്ന നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടക സംഘവുമായിട്ട് മുരളി ബന്ധപ്പെടുന്നത്.

ചിത്രങ്ങളുടെ എണ്ണത്തിലല്ല ഗുണത്തിലാണ് കാര്യം എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ നോട്ടവും ലക്ഷ്യവും അതുതന്നെയായിരുന്നു. വെങ്കലം, ചമയം, അമരം, ആര്‍ദ്രം, കാണാക്കിനാവ് തുടങ്ങി മുരളിയുടെ അഭിനയത്തിന്റെ തനതു മുദ്ര പ്രേക്ഷക ഹൃദയങ്ങളില്‍ രേഖപ്പെടുത്തുകത്തന്നെ ഉണ്ടായി. ‘നീയെത്ര ധന്യ’ എന്ന ചിത്രത്തില്‍ കാര്‍ത്തികയുമൊത്തുള്ള ഒരു ഗാനരംഗം ഉണ്ട്. പ്രവാസികളുടെ ചുണ്ടില്‍ എന്നും തത്തിക്കളിക്കുന്ന ആ ഗാനരംഗം ഒ.എന്‍.വി കുറുപ്പിന്റെതാണ്.

”അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍
ഒരുമാത്ര വെറുതെ നിനച്ചു പോയി ”
പിന്നെ ചകോരത്തില്‍ ഒരു ഹാസ്യനടന്റെ റോളാണ് മുരളി ചെയ്തത്. അത് അപാരമായ അഭിനയ വൈഭവംത്തന്നെ കാഴ്ചവച്ചു. മുരളി ആദ്യം അഭിനയിച്ച സിനിമ തച്ചില്‍ ഫിലിംസിന് വേണ്ടി ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി ആണ് (1979) പക്ഷേ ആ ചിത്രം പുറത്തിറങ്ങിയില്ല. തുടര്‍ന്ന് അപ്രതീക്ഷിതമായി അരവിന്ദന്റെ ചിദംബരം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് മീനമാസത്തിലെ സൂര്യന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഹരിഹരന്റെ പഞ്ചാഗ്‌നിയാണ് ആദ്യം റിലീസായ ചിത്രം. വെങ്കലത്തിലെ ഗോപാലന്‍ മൂശാരി, ആകാശദൂതിലെ ജോണി, അമരത്തിലെ കൊച്ചുരാമന്‍, ആധാരത്തിലെ ബാപ്പൂട്ടി മുരളി പകര്‍ന്നാടിയ വേഷങ്ങള്‍ പലതായിരുന്നു. 4 തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും 2 തവണ സഹനടനുള്ള പുരസ്കാരവും മുരളിക്ക് ലഭിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങള്‍ വേറെയും.

2013 ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരു ആണ് അവസാന ചിത്രം.നെയ്ത്തുകാരനിലെ അപ്പുമേശ്രി എന്ന കഥാപാത്രം ജീവസ്സുറ്റതാക്കി 2002 ലെ ദേശീയ അവാര്‍ഡും ലഭിച്ചു. അമരത്തിലെ കൊച്ചുരാമനെന്ന കഥാപാത്രം ഒരിക്കല്‍ പോലും ഓര്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല.അഭിനയത്തിന് സഹനടനും ആധാരം എന്ന ചിത്രത്തിന് നല്ല നടനുള്ള സംസ്ഥാന സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി.

ഇടതുപക്ഷ ചിന്താഗതിക്കാരനും കടുത്ത ഈശ്വരവിശ്വാസിയും പ്രത്യേകിച്ച് മൂകാംബിക ഭക്തനുമായ മുരളി പൊതുവേദികളില്‍ ചന്ദനക്കുറിയും, കസവുമുണ്ടും പുഞ്ചിരിയുമായി നില്‍ക്കുന്നത് കാണുമ്പോള്‍ അനിര്‍വചനീയമായ ഒരു ആകര്‍ഷണീയത ഓരോ മനസ്സിലും ആഴത്തില്‍ വേരോടുന്നു. പക്ഷേ കാലത്തിന്റെ കണ്ണുകള്‍ക്ക് അത് നിഗ്രഹിക്കാനാകാതെ പോയി. 1999 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ലോകസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

സംഗീത നാടക അക്കാഡമി ചെയര്‍മാന്‍ എന്ന നിലയില്‍ നിസ്തുലമായ പ്രവര്‍ത്തനമാണ് മുരളി കാഴ്ചവെച്ചത്. സി.എന്‍. ശ്രീകണ്ഠന്‍നായരുടെ ലങ്കാലക്ഷ്മി എന്ന നാടകത്തില്‍ രാവണനായി അഭിനയിച്ച മുരളി അദ്ദേഹം അഭിനയകലയ്ക്ക് നവ്യമായ ഒരു പഠനം തന്നെ നല്‍കി. ഐതിഹാസിക കഥാപാത്രങ്ങളെ ഇത്രത്തോളം ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ഒരു നടന്‍ എന്ന നിലയില്‍ ചലച്ചിത്രമേഖലയിലും നാടകവേദിയിലും മുരളിയുടെ സ്ഥാനം ഒന്നുവേറെ തന്നെയാണ്.

ആശാന്‍ കവിതകളെക്കുറിച്ച് മുരളി എഴുതിയ ആഖ്യാനപാഠം ഒരു നടനുമപ്പുറം കാവ്യ സംസ്‌കാരത്തില്‍ അദ്ദേഹത്തിനുള്ള ആഴം വര്‍ദ്ധിപ്പിക്കുന്നതായിരുന്നു.ഏതു കഥാപാത്രവും ഗംഭീരമാക്കാന്‍ തനിയ്ക്കു ശേഷിയുണ്ടെന്നു പലകുറി തെളിയിച്ച നടന്‍. ഭാരതത്തിലെ കര്‍ണ്ണന്റെയോ അല്ലെങ്കില്‍ രാമായണത്തിലെ രാവണന്റെയൊക്കെയോ ആയിരുന്നു എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.ചമയം ധനം, താലോലം, തുടങ്ങി പല ചിത്രങ്ങളിലെ നിരവധി കഥാപാത്രങ്ങളിലൂടെ ആ മഹാനായ നടന്‍ ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു.

അഭിനേതാവ് കരുത്തനാണെങ്കില്‍ കഥാപാത്രങ്ങള്‍ക്ക് കൈവരുന്ന ഊര്‍ജ്ജം തിട്ടപ്പെടുത്താനാകില്ല. അത്തരമൊരു നടനായിരുന്നു മുരളി. ലഭിച്ച കഥാപാത്രങ്ങളെയൊക്കെ അദ്ദേഹം അഗ്നിപോലെ ജ്വലിപ്പിച്ചു. കൈലിമുണ്ടും, ചുണ്ടിലെരിയുന്ന ബീഡിയുമായി ഒട്ടനേകം നാടന്‍ കഥാപാത്രങ്ങളെ അനശ്വരമാക്കിത്തീര്‍ത്തു. മുരളി ഒരു സിനിമാനടന്‍ മാത്രമായിരുന്നില്ല, സാമൂഹ്യസാംസ്‌കാരിക രംഗത്തെക്കുറിച്ചൊക്കെ അപാരമായ അറിവുണ്ടായിരുന്നു അദ്ദേഹത്തിന്. വാണിജ്യ സിനിമകളില്‍ പങ്കാളിയാവുമ്പോഴും സ്വന്തം വ്യക്തിത്വം സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പരുക്കന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കാണികളെ വിസ്മയിപ്പിച്ച നടനാണ് മുരളി.

മീനമാസത്തിലെ സൂര്യനിലെ അബുബേക്കറും, ലാല്‍സലാമിലെ സഖാവ് ഡി.കെ.യും ആധാരത്തിലെ ബാപ്പൂട്ടിയും, വെങ്കലത്തിലെ മൂശാരിയുമൊക്കെ മുരളിയിലെ അഭിനയപ്രതിഭകള്‍ക്കുള്ള പൊന്‍തൂവല്‍ തന്നെയാണ്. അനുഭവങ്ങളുടെ തീവ്രതയായിരുന്നു മുരളി എന്ന നടന്റെ ശക്തി. വെള്ളിത്തിരയില്‍ അകലമില്ലാ എന്ന തോന്നല്‍ മുരളിയുടെ പല റോളുകളിലൂടെയും പ്രേക്ഷകര്‍ മനസ്സിലാക്കി. ഏതുവേഷവും അനായാസമായി ചെയ്തു ഫലിപ്പിക്കാന്‍ കഴിയുമെന്നതിന് തെളിവാണ് മുരളിയുടെ ചകോരത്തിലെ കഥാപാത്രം.2009 ആഗസ്റ്റിലാണ് ഈ അനുഗ്രഹീത നടന്‍ നമ്മളില്‍ നിന്നും വിടപറഞ്ഞത്.

കടപ്പാട് വായനക്കൂട്ടം (കലാഗ്രാമം ബുക്ക്‌ ക്ലബ്ബ് )

Leave a Reply

Your email address will not be published. Required fields are marked *