മഹാനടൻ ഓര്‍മ്മയായിട്ട് 51 വര്‍ഷം

മലയാള സിനിമയില്‍ നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ അതുല്യ നടനായിരുന്നു മാനുവേൽ സത്യനേശൻ നാടാർ എന്ന സത്യൻ മാസ്റ്റർ. അധ്യാപകന്‍, ഗുമസ്തന്‍, പട്ടാളക്കാരന്‍, പൊലീസ്, നാടക നടന്‍ അങ്ങിനെ ജീവിതത്തില്‍ പലവിധ വേഷങ്ങള്‍ ചെയ്ത സത്യനേശന്‍ നാടാർ മലയാള സിനിമയിലെ സത്യന്‍ മാസ്റ്ററായത് പകരംവെക്കാനില്ലാത്ത അഭിനയ പാടവം ഒന്നുകൊണ്ടു മാത്രമാണ്.

വെള്ളിത്തിരയിലെത്തിയ ആദ്യ നാളുകള്‍ മുതല്‍ അവസാന കാലഘട്ടത്തിലും അഭിനയ പ്രധാന്യമുള്ള സിനിമകളും കഥാപാത്രങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച മഹാനടനായിരുന്നു.1912 നവംബർ 9 ന് പഴയ തിരുവനന്തപുരം തിരുമലയ്ക്കടുത്ത് ആരമട എന്ന ഗ്രാമത്തിൽ മാനുവലിന്റേയും ലില്ലി അമ്മയുടേയും മകനായി സത്യൻ ജനിച്ചു. അക്കാലത്തെ ഉയർന്ന ബിരുദമായ വിദ്വാൻ പരീക്ഷ പാസായി സ്കൂൾ അദ്ധ്യാപകനായി സെ. ജോസഫ് സ്കൂളിൽ ജോലി നോക്കി. തുടർന്ന് സെക്രട്ടറിയേറ്റിൽ ഒരു വർഷത്തോളം ജോലി നോക്കി. 1941 ൽ പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളത്തിന്റെ മണിപ്പൂർ സേനയിൽ അം‌ഗമായി സേവനമനുഷ്ടിച്ചു പട്ടാളത്തിൽ നിന്നു പിരിഞ്ഞു തിരുവിതാംകൂറിൽ പോലീസ് ആയി ചേരുകയും ചെയ്തു. 1947-48 കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് വിപ്ലവ കാലത്ത് സത്യൻ ആലപ്പുഴ പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു. ആ കാലത്ത് പരിചയപ്പെട്ട സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതർ വഴി പലസിനിമ പ്രവർത്തകരെ കണ്ടെങ്കിലും അവസരം ലഭിച്ചില്ല. അക്കാലത്ത് കെ. ബാലകൃഷ്ണൻ കൗമുദി എന്ന സിനിമക്ക് വേണ്ടി തയ്യാറെടുക്കുന്നു എന്നറിഞ്ഞ് അദ്ദേഹത്തെ പോയി കാണുകയും തുടർന്ന് 1951ൽ സത്യന് ത്യാഗസീമ എന്ന സിനിമയിൽ അവസരം ലഭിച്ചു. അതിനുശേഷം പോലീസ് ജോലി ഉപേക്ഷിക്കുകയും സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

തന്റെ പേർ ചുരുക്കി സത്യൻ എന്നാക്കുകയും ചെയ്തു. എല്ലാ നായകരേയും പോലെ ആദ്യ സിനിമയായ ത്യാഗസീമ വെളിച്ചം കണ്ടില്ലെങ്കിലും.1952 ല്‍ പുറത്തിറങ്ങിയ ആത്മസഖി വന്‍ വിജയമായി. പിന്നെ, തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മലയാള സിനിമയുടെ വളര്‍ച്ചക്കൊപ്പം സത്യനും വളർന്നു. പക്ഷേ സത്യന്റെ ജീവിതത്തിലെ വഴിത്തിരിവായ ഒരു സിനിമ 1954 ൽ ഇറങ്ങിയ നീലക്കുയിൽ ആയിരുന്നു. മലയാളചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന മലയാളത്തിൽ തന്നെ രചിക്കപ്പെട്ട ആദ്യത്തെ മലയാളം സിനിമ. ആ സിനിമ രചിച്ചത് പ്രശസ്ത കഥകാരനായ ഉറൂബ് ആയിരുന്നു. സം‌വിധാനം ചെയ്തത് പ്രശസ്ത സം‌വിധായകൻ രാമു കാര്യാട്ട്- പി. ഭാസ്കരൻ സഖ്യം ആയിരുന്നു. പി. ഭാസ്കരൻ രചിച്ച് കെ. രാഘവൻ സം‌ഗീതം നൽകിയ ഈ സിനിമയിലെ ഗാനങ്ങൾ വളരെ പ്രശസ്തമായി. കേന്ദ്ര സർക്കാറിന്റെ രജത കമലം അവാർഡ് ലഭിച്ച ആദ്യത്തെ മലയാളചലച്ചിത്രമായിരുന്നു നീലക്കുയിൽ. ഈ ചിത്രത്തിന്റെ വിജയം സത്യനേയും കൂടെ അഭിനയിച്ച നായിക മിസ്. കുമാരിയേയും പ്രശസ്തരാക്കി.

തുടർന്ന് കെ.എസ്. സേതുമാധവൻ, എ. വിൻസെന്റ്, രാമു കാര്യാട്ട് എന്നീ സം‌വിധായകരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. സേതുമാധവൻ സം‌വിധാനം ചെയ്ത ഓടയിൽ നിന്ന് എന്ന ചിത്രത്തിലെ പപ്പു, ദാഹം എന്ന ചിത്രത്തിലെ ജയരാജൻ, നീലക്കുയിലിലെ ശ്രീധരന്‍ നായര്‍, തച്ചോളി ഒതേനന്‍, ഓടയില്‍ നിന്നിലെ പപ്പു, ചെമ്മീനിലെ പളനി, യക്ഷിയിലെ പ്രഫസര്‍ ശ്രീനിവാസന്‍, മൂലധനത്തിലെ കമ്മ്യൂണിസ്റ്റ് നേതാവ് രവി, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍, സ്‍നേഹസീമ, ആശാദീപം, ലോകനീതി, തിരമാല എന്നീ സിനിമകളിലൂടെ സത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായി.

കടല്‍പ്പാലത്തിലെ ഇരട്ട വേഷം മലയാളത്തിലെ ആദ്യ മികച്ച നടനുമാക്കി. ചെമ്മീൻ എന്ന സിനിമയിലെ വേഷം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു മികച്ച വേഷമായിരുന്നു. പുറമെ വളരെ ലളിതമെന്ന് തോന്നിപ്പിച്ച അഭിനയശൈലി അസാധ്യമായ ആഴങ്ങള്‍ ഉള്ളതായിരുന്നു. അതുകൊണ്ടാണ് ഒരുതവണയെങ്കിലും സിനിമയില്‍ സത്യനെ കണ്ടവര്‍ക്ക് സത്യന്‍ അവിസ്മരണീയനാകുന്നത്.

ആദ്യത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ച നടനും സത്യൻ തന്നെ. കടല്‍പ്പാലം എന്ന സിനിമയിലെ അഭിനയത്തിനാണ് സത്യന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. സത്യൻ ഇരട്ടവേഷത്തിലായിരുന്നു കടല്‍പ്പാലത്തില്‍ അഭിനയിച്ചത്. കേന്ദ്ര സർക്കാറിന്റെ രജത കമലം അവാർഡ് ലഭിച്ച ആദ്യത്തെ മലയാളചലച്ചിത്രത്തിലെ നായകനും സത്യൻ ആയിരുന്നു. മരണാനന്തരവും സത്യന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കരകാണാക്കടല്‍ എന്ന സിനിമയിലെ അഭിനയത്തിന് ആണ് സത്യന് അവാര്‍ഡ് കിട്ടിയത്.

ചലച്ചിത്രമേഖലയിൽ നിറഞ്ഞുനിൽക്കേ 1970 ഫെബ്രുവരിയിൽ സത്യന് ഗുരുതരമായ രക്താർബുദം സ്ഥിരീകരിച്ചു. ഏറെ ദിവസങ്ങളായി പനിയും വിളർച്ചയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ സത്യൻ അഭിനയം തുടർന്നു. ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ രക്തം ചർദ്ദിച്ച് കുഴഞ്ഞുവീണപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥ പലർക്കും മനസ്സിലായത്. തുടർന്ന് അദ്ദേഹം സ്വയം കാറോടിച്ചുപോയി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തെ കാണാൻ വന്ന മക്കളോട് ‘എനിക്കൊന്നുമില്ല. ഞാനൊന്നുറങ്ങട്ടെ’ എന്ന് അദ്ദേഹം പറഞ്ഞു. ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ. ഒടുവിൽ, 1971 ജൂൺ 15-ന് പുലർച്ചെ 4.30 ന് 59-ാം വയസ്സിൽ ഈ ലോകത്തോട് വിട പറഞ്ഞു. മലയാളക്കര ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. ജെസ്സിയായിരുന്നു സത്യന്റെ ഭാര്യ. സിനിമയിൽ കത്തിനിൽക്കുന്ന സമയത്ത് ഒരു നടൻ്റെ മരണം അക്കാലത്ത് അപരിചിതമായിരുന്നു. മൃതദേഹം പ്രത്യേക വിമാനത്തിൽ മദ്രാസിൽ നിന്ന് തിരുവനന്തപുരത്ത് എച്ചപ്പോൾ നിരവധി ആളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. തുടർന്ന് സത്യന്റെ വീട്ടിലും വി.ജെ.ടി. ഹാളിലും പൊതുദർശനത്തിനുവച്ചശേഷം പാളയം എൽ.എം.എസ്. കോമ്പൗണ്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തെ സംസ്കരിച്ചു. ഇന്നത്തെ നായക സങ്കല്പത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ രൂപവും ഭാവവുമായിരുന്നു അദ്ദേഹത്തിന്. ആസ്വാദക മനസ്സ് കീഴടക്കാൻ കലർപ്പില്ലാത്ത അഭിനയ ശൈലി മാത്രമേ വേണ്ടൂ എന്ന് അദ്ദേഹം തെളിയിച്ചു.

“മലയാള സിനിമാലോകത്ത് അക്ഷരാർഥത്തിൽ സത്യന്റെ സിംഹാസനമുണ്ട്. പ്രമുഖ സ്റ്റുഡിയോകളിലും സത്യന്റെ വീട്ടിലും അദ്ദേഹം സ്ഥിരമായി ഉപയോഗിച്ചിരുന്ന കസേരകളിൽ ഒന്നിരിക്കാനുള്ള മോഹവുമായി നടന്ന നടന്മാർ എക്കാലത്തും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അതേപ്പറ്റി പലകഥകളും ഉണ്ടായിട്ടുണ്ട്. ആരൊക്കെ അതിൽ കയറിയിരുന്നാലും സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും” ഇപ്പോഴും മാധ്യമങ്ങൾ ആ നടന് നൽകുന്ന ഏറ്റവും വലിയ ആദരവാണ്.

1946 മെയ് 3നായിരുന്നു വിവാഹം. മൂന്ന് മക്കൾ: പ്രകാശ്, സതീഷ്, ജീവൻ. മൂന്ന് പേരും അന്ധരായിരുന്നു. പ്രകാശ് സത്യൻ 2014 ഏപ്രിൽ 15ന് അന്തരിച്ചു. അദ്ദേഹത്തിന്റെ കാഴ്ച വളരേ നേർത്തത് മാത്രമായിരുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട് വിവിധ മാധ്യമങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *