മലയാള സിനിമയുടെ മുത്തച്ഛന്‍

പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും കൊണ്ട് വെള്ളിത്തിരയിൽ മലയാളികളുടെ പ്രിയപ്പെട്ട മുത്തശ്ശനായിരുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.1996 ൽ ജയരാജ് സംവിധാനം ചെയ്ത ദേശാടനത്തിലെ കൊച്ചുമകനെയോർത്ത് സങ്കടപ്പെടുന്ന മുത്തശ്ശനായും കല്യാണരാമനിലെ കുസൃതിക്കാരൻ കാരണവരായും പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരം.


മുത്തച്ഛൻ വേഷങ്ങളിലൂടെയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി മലയാളസിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരനായത്. 76-ാം വയസ്സിലായിരുന്നു സിനിമയിലരങ്ങേറ്റം കുറിച്ചത്. കൈതപ്രത്തിന്‍റെ വീട്ടിലെത്തിയ സംവിധായകൻ ജയരാജ് തന്‍റെ ദേശാടനം എന്ന പുതിയ ചിത്രത്തിലേക്ക് മുത്തച്ഛൻ കഥാപാത്രമായി കൈതപ്രത്തിന്‍റെ ഭാര്യാപിതാവിനെ അഭിനയിപ്പിക്കാമോ എന്ന് ചോദിക്കുകയായിരുന്നു. അങ്ങനെ, മലയാളത്തിന് മനോഹരമായി കുസൃതിയോടെ ചിരിക്കുന്ന ഒരു മുത്തച്ഛനെ കിട്ടി.


എന്നും ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു അദ്ദേഹം ചെയ്തവയെല്ലാം. ‘ദേശാടന’ത്തിലെ മുത്തശ്ശനായി തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. രജനികാന്തിനൊപ്പം മണിച്ചിത്രത്താഴിൻ്റെ തമിഴ് പതിപ്പായ ചന്ദ്രമുഖി, കമൽ ഹാസനോടൊപ്പം പമൽ കെ സംബന്ധം ഐശ്വര്യറായിയുടെ
മുത്തശ്ശനായി കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. കൈക്കുടന്ന നിലാവ്, രാപ്പകല്‍, ഉടയോന്‍, ഒരാൾമാത്രം, പോക്കിരി രാജ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അദ്ദേഹം ആരാധകരെ കൈയിലെടുത്തു.


1922 ഒക്ടോബർ 25 ന് പുല്ലേലി ഇല്ലത്ത് നാരായണ വാധ്യാരുടെയും ദേവകി അന്തര്‍ജ്ജനത്തിന്റെയും മകനായി പയ്യന്നൂരിലെ കോറോം പുല്ലേലി വാധ്യാര്‍ ഇല്ലത്താണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ജനിച്ചത്. പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.


ചലച്ചിത്ര സംഗീത ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി മരുമകനാണ്. ചെറുമകനായ ദീപാങ്കുരനും സംഗീത സംവിധായകനാണ്. 97-ാം വയസ്സിൽ 2021 ജനുവരി 20-ന് കോവിഡ്-19 ബാധിച്ച് പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.


കമ്യൂണിസ്റ്റ് സഹയാത്രികനായ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പാർട്ടി പ്രവർത്തകനായി പല സമര പരിപാടികളിലും പങ്കെടുത്തിരുന്നു. പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് എ കെ ജി ഒളിവിൽ കഴിഞ്ഞത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ഇല്ലത്തായിരുന്നു. ഇ.കെ.നായനാര്‍, സി.എച്ച്.കണാരന്‍, കെ.പി.ഗോപാലന്‍, കെ.പി.ആര്‍, എ.വി.കുഞ്ഞമ്പു, സുബ്രഹ്മണ്യ ഷേണായി, ടി.എസ്.തിരുമുമ്പ്, വിഷ്ണു ഭാരതീയന്‍, കേരളീയന്‍ എന്നിവര്‍ക്കെല്ലാം ഒളിസ്ഥലവും അഭയസ്ഥാനവുമായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ വാദ്ധ്യാരില്ലം.

കടപ്പാട് എഴുത്ത് സാജി അഭിരാം

Leave a Reply

Your email address will not be published. Required fields are marked *