ചിരിയിലൂടെ ചിന്തിപ്പിച്ച ബോബികൊട്ടാരക്കര

വലിയ സിനിമകളിലും ചെറിയ സിനിമകളിലും ചെറിയ കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ അബ്ദുൾ അസീസ് എന്ന ബോബി കൊട്ടാരക്കര. 1991 ൽ ശ്രീനിവാസൻ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ അന്ധമായ രാഷ്ട്രീയം കുടുംബ ബന്ധങ്ങളേയും സമൂഹത്തേയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നു എന്ന സന്ദേശം നൽകിയ രാഷ്ട്രീയ – കുടുംബ ആക്ഷേപഹാസ്യ ചിത്രമാണ് സന്ദേശം.

“മനസ്സിലായില്ല…. എന്തുകൊണ്ട് നമ്മൾ തോറ്റു എന്നുള്ളത് ലളിതമായിട്ടങ്ങ് പറഞ്ഞാലെന്താ …. ഈ പ്രതിക്രിയാ വാദകവും കൊളോണിയലിസവും എന്നൊക്കെ പറഞ്ഞ് കൺഫ്യൂഷനുണ്ടാക്കുന്നതെന്തിനാണ്? ….. കേരളക്കരയാകെ കൊച്ചു കുട്ടികൾ പോലും പറഞ്ഞു നടക്കുന്ന ഈ ഡയലോഗ് സന്ദേശം എന്ന ചിത്രത്തിൽ ബോബി കൊട്ടാരക്കര അവതരിപ്പിച്ച ഉത്തമൻ എന്ന കഥാപാത്രം പറയുന്നതാണ്. നിരവധി രാഷ്ട്രീയ പ്രവർത്തകർ ചോദിക്കാനാഗ്രഹിച്ച ഈ ചോദ്യം ശ്രീനിവാസൻ ബോബി കൊട്ടാരക്കരയിലൂടെയാണ് രാഷ്ട്രീയ താത്വികാചാര്യൻമാരോട് ചോദിച്ചത്.

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വീനസ്‌ തീയറ്ററിന് സമീപം തോപ്പിൽ കിഴക്കതിൽ അസ്റാഭവനിൽ പരീത് റാവുത്തരുടേയും ഹാജിറാബീബിയുടേയും മകനായി 1952 മാർച്ച് 11ന് ജനനം. വി. സാംബശിവനും കൊല്ലം ബാബുവും കഥാപ്രസംഗ വേദികളിൽ നിറഞ്ഞു നിന്ന കാലത്ത് കഥാപ്രസംഗ കലയിലേക്ക് പ്രവേശിച്ചു. കഥാപ്രസംഗത്തിൽ സജീവമായതോടേ അബ്ദുൾ അസീസ് എന്ന പേര് ബോബി കൊട്ടാരക്കര എന്നാക്കി. ബോബിയുടെ “ഉലക്ക” എന്ന ഹാസ്യ കഥാപ്രസംഗം ഏറെ പ്രസിദ്ധിയാർജ്ജിച്ചിരുന്നു. കഥാപ്രസംഗവേദിയിൽ നിന്ന് പിന്നീട് നാടക രംഗത്തേക്കും ചുവടു മാറി. കൊല്ലം കാളിദാസകലാ കേന്ദ്രം, ആലപ്പുഴ മലയാള കലാഭവന്‍, ആറ്റിങ്ങല്‍ ജനശക്തി, ആലുമ്മൂടന്റെ നാടക ഗ്രൂപ്പ് ബോബി സഹകരിക്കാത്ത നാടകസംഘങ്ങള്‍ കുറയും. 1975 ൽ എ ബി രാജ് സംവിധാനം ചെയ്ത തോപ്പിൽ ഭാസിയുടെ മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന ചിത്രത്തിലൂടെയാണ് ബോബി ചലച്ചിത്ര ലോകത്തേക്ക് വന്നത്. 1982 ൽ റിലീസായ ആക്രോശം എന്ന ചിത്രത്തിലൂടെ പ്രശസ്തനായെങ്കിലും ശേഷം മൂന്നു വർഷം ബോബിക്ക് മറ്റു സിനിമാ അവസരങ്ങൾ ലഭിച്ചില്ല. 1985 ൽ സിബി മലയിൽ സംവിധാനം ചെയ്ത “മുത്താരം കുന്ന് പി.ഓ.” എന്ന സിനിമയിലെ “രമണൻ” എന്ന കഥാപാത്രമാണ് ബോബിക്ക് വഴിത്തിരിവാകുന്നത്. ഇതിനെത്തുടർന്ന് ബോബി മലയാള സിനിമയിൽ സജീവസാന്നിദ്ധ്യമായി.

‘നാരദൻ കേരളത്തിലെ’ അപ്പുക്കുട്ടൻ, ‘അക്കരെ നിന്നൊരു മാരനി’ലെ ഗിരീഷ്, ‘നാടോടിക്കാറ്റി‘ലെ ബ്രോക്കർ, ‘വടക്കു നോക്കി യന്ത്ര‘ത്തിലെ സഹദേവൻ, ‘വരവേല്പി‘ലെ പപ്പൻ, ‘മഴവിൽക്കാവടി‘യിലെ മുരുകൻ എന്നിവയൊക്കെ ബോബി കൊട്ടാരക്കരയുടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ്. കണ്ണെഴുതി പൊട്ടും തൊട്ട്, ഗോളാന്തരവാർത്തകൾ, കാഴ്ചക്കപ്പുറം, ചിത്രം എന്നിവ ചില ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഇത് കൂടാതെ ചില ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, പ്രിയദർശൻ, രാജസേനൻ എന്നിവരുടെ ഒട്ടുമിക്ക ചിത്രങ്ങളിലും സ്ഥിരം വേഷങ്ങളുണ്ടായിരുന്നു. 1975 മുതൽ 2000 വരെ ഏകദേശം അമ്പതോളം സിനിമകളിൽ അഭിനയിച്ചു. രാജീവ്കുമാർ 2000-ൽ സംവിധാനം ചെയ്ത ‘വക്കാലത്ത് നാരാ‍യണൻ കുട്ടി’ സിനിമയുടെ ചിത്രീകരണ വേളയിൽ (ഡിസംബർ 3-ന്) 47 -ാം വയസിൽ അദ്ദേഹം മരണമടഞ്ഞത്. വൈകിട്ട് ചിത്രീകരണം കഴിഞ്ഞ് ഹോട്ടല്‍ മുറിയിലെത്തിയ അദ്ദേഹത്തിന് രാത്രി ഒന്നരയോടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം. അവസാനം പുറത്തു വന്ന ചിത്രം രാജസേനന്‍ സംവിധാനം ചെയ്ത ‘ഡാർ‍ലിംഗ് ഡാർലിംഗ്’ ആണ്. ബോബി അവിവാഹിതനായിരുന്നു.

ചെയ്യുന്ന വേഷങ്ങളൊക്കെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച ബോബി കൊട്ടാരക്കര ഇനിയും ചെയ്യാന്‍ ഒരുപാട് കഥാപാത്രങ്ങള്‍ ബാക്കി വെച്ചാണ് പ്രേക്ഷകരോട് വിടപറഞ്ഞത്.

കടപ്പാട് വായനക്കൂട്ടം (കലാഗ്രാമം ബുക്ക്‌ ക്ലബ്ബ് )

Leave a Reply

Your email address will not be published. Required fields are marked *