ഇ.എം. എസ് കേരള നവോത്ഥാന നായകന്‍

കേരളം ലോകത്തിനു നല്‍കിയ അമൂല്യപ്രതിഭയായ സഖാവ് ഇ എം എസിന്റെ ചരമവാര്‍ഷികമാണ് ഇന്ന്. ജന്മികുടുംബത്തില്‍ പിറന്ന ഇ എം എസ് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന പോരാട്ടങ്ങളില്‍ ഇടപെട്ടാണ് പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് ദേശീയ പ്രസ്ഥാനത്തിലും സജീവമായി. 1934ലും 1938-40ലും കെപിസിസി സെക്രട്ടറിയായി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ് പാര്‍ടിയിലെത്തി. കേരളത്തില്‍ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പില്‍ ഇ എം എസും അംഗമായിരുന്നു. പാര്‍ടിയില്‍ പ്രത്യക്ഷപ്പെട്ട ഇടത്-വലത് പ്രവണതകള്‍ക്കെതിരെ ശക്തമായി പോരാടി.

സമൂഹത്തെ വിശകലനംചെയ്ത് നിരവധി പുസ്തകങ്ങള്‍ അദ്ദേഹം എഴുതി. കേരള സംസ്ഥാന രൂപീകരണത്തിനുവേണ്ടിയുള്ള ആശയപരവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങളിലും സഖാവ് മുഴുകി. “ഒന്നേകാല്‍ കോടി മലയാളികള്‍’, “കേരളം മലയാളികളുടെ മാതൃഭൂമി’, “കേരള ചരിത്രം-മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍’ തുടങ്ങിയ കൃതികളില്‍ കേരളത്തിന്റെ സാംസ്കാരികവും സാമൂഹ്യവുമായ സവിശേഷതകള്‍ ഇ എം എസ് വിലയിരുത്തി.

ഫ്യൂഡല്‍ സമ്പ്രദായത്തിന്റെ പ്രത്യേകതകളെ ശരിയായി വിലയിരുത്തുന്നതിനും ഇ എം എസ് നല്‍കിയ സംഭാവന എക്കാലവും നിലനില്‍ക്കുന്നതാണ്. ജാതി-ജന്മി-നാടുവാഴിത്തം എന്നായിരുന്നു ഇ എം എസ് ഇവിടുത്തെ ജന്മിത്വത്തെ വിശേഷിപ്പിച്ചത്. കേരളത്തിന്റെ കാര്‍ഷികപ്രശ്നങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണ ആദ്യകാലഘട്ടത്തില്‍ത്തന്നെ ഇ എം എസ് പുലര്‍ത്തിയിരുന്നു. കുട്ടിക്കൃഷ്ണമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് അദ്ദേഹം എഴുതിയ വിയോജനക്കുറിപ്പ് പരിശോധിച്ചാല്‍ കേരളത്തിലെ ഭൂപ്രശ്നത്തെക്കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാട് കാണാനാകും. ഭൂപരിഷ്കരണം നടപ്പാക്കുമ്പോള്‍ കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശ്നങ്ങള്‍ സവിശേഷമായി കാണേണ്ടതിന്റെ പ്രാധാന്യം ഇ എം എസ് എടുത്തുപറഞ്ഞു.

സംസ്ഥാനങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ വരുന്ന സാഹചര്യം എങ്ങനെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം എന്ന് പ്രവൃത്തിയിലൂടെ മാതൃകാപരമായി തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1957ലെ സര്‍ക്കാരിന്റെ വികസനപരമായ നേട്ടങ്ങള്‍ക്ക് ഇ എം എസിന്റെ സവിശേഷമായ സംഭാവന ഉണ്ട്. കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ട നിരവധി പദ്ധതികള്‍ ഈ കാലഘട്ടത്തിലാണ് ഉണ്ടായത്. ഇത് ഭരണാധികാരി എന്നനിലയിലുള്ള ഇ എം എസിന്റെ പ്രാവീണ്യം വ്യക്തമാക്കുന്നു.1957ലെ സര്‍ക്കാരിന് നേതൃത്വംകൊടുത്ത് കേരളസമൂഹത്തെ മുന്നോട്ടുനയിക്കുന്നതിനുള്ള ദിശാബോധം സഖാവ് നല്‍കുകയുണ്ടായി. ഈ മാറ്റത്തിന്റെ ഭാഗമായി രൂപപ്പെട്ടുവന്ന പുതിയ പ്രശ്നങ്ങളെ മനസ്സിലാക്കാനും പരിഹരിക്കുന്നതിനായി ഇടപെടാനും ഇ എം എസിന് കഴിഞ്ഞു. അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതിന് നേതൃത്വംനല്‍കിയത് ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. കേരളം നേടിയ നേട്ടങ്ങള്‍ വിലയിരുത്തി, കോട്ടങ്ങള്‍ പരിഹരിക്കുന്നതിന് ജനങ്ങളെ ആകമാനം അണിനിരത്തുന്നതിനുള്ള പരിശ്രമം കൂടിയായിരുന്നു ഏറെ അംഗീകാരം നേടിയ ഈ ഉദ്യമം.

സാര്‍വദേശീയ പ്രശ്നങ്ങളെ ശരിയായ ദിശയില്‍ മനസ്സിലാക്കുകയും അത് ലളിതമായി ജനങ്ങളില്‍ എത്തിക്കുന്നതിനുമുള്ള അസാധാരണമായ പാടവം ഇ എം എസ് പ്രദര്‍ശിപ്പിച്ചിരുന്നു. എല്ലാ വിഷയങ്ങളെയും മാര്‍ക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തി പാര്‍ടി കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് വിശദീകരിക്കുന്നതിനുള്ള ആ അസാധാരണ പാടവമാണ് “ചിന്ത’യിലെ ചോദ്യോത്തര പംക്തികളില്‍ നിറഞ്ഞുനിന്നത്. അത് പാര്‍ടി വിദ്യാഭ്യാസത്തിന്റെ മികച്ച മാതൃകയായി എന്നും നിലനില്‍ക്കുന്നു.

കോടതിയുടെ തെറ്റായ സമീപനങ്ങള്‍ക്കെതിരെയും ഇ എം എസ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സമീപനങ്ങളില്‍നിന്നുകൊണ്ട് ഇടപെട്ടിട്ടുണ്ട്. ഇത്തരം ഇടപെടലിന്റെ ഭാഗമായി കോടതി അലക്ഷ്യ നടപടികളെയും അദ്ദേഹത്തിന് നേരിടേണ്ടിവന്നു. സാഹിത്യം, ഭാഷ, വിദ്യാഭ്യാസം എന്നീ മേഖലയില്‍ ഇ എം എസ് നല്‍കിയ സംഭാവന എന്നും ഓര്‍ക്കപ്പെടുന്നതാണ്. സാഹിത്യത്തിന്റെയും സാംസ്കാരത്തിന്റെയും മേഖലകളില്‍നിന്ന് തൊഴിലാളിവര്‍ഗത്തെ മാറ്റിനിര്‍ത്തിയിരുന്ന കാലഘട്ടത്തില്‍ അതിനെതിരെ ശക്തമായ പോരാട്ടത്തിന് അദ്ദേഹം നേതൃത്വംനല്‍കി. മാര്‍ക്സിയന്‍ സൗന്ദര്യദര്‍ശനങ്ങളെ മലയാളത്തില്‍ സ്ഥാപിക്കുന്നതിനുള്ള ഇടപെടല്‍ കൂടിയായിരുന്നു അത്. മാതൃഭാഷാ പഠനത്തിന്റെ പ്രാധാന്യവും അദ്ദേഹം ഒട്ടും കുറച്ചു കണ്ടില്ല. സംസ്ഥാനങ്ങളുടെ അധികാരം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിലും ഇ എം എസ് സജീവമായി.

അധികാരവികേന്ദ്രീകരണ പ്രക്രിയ തൊഴിലാളിവര്‍ഗത്തെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ട് അനിവാര്യമായിത്തീരുന്നു എന്ന കാര്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യന്‍ സാഹചര്യത്തെ മനസ്സിലാക്കിക്കൊണ്ട് മാര്‍ക്സിസം-ലെനിനിസം പ്രയോഗിക്കുന്നതിനുള്ള നിരന്തരമായ ഇടപെടലുകളായിരുന്നു പാര്‍ടി ജനറല്‍ സെക്രട്ടറി എന്ന നിലയിലുള്ള ഇ എം എസിന്റെ പ്രവര്‍ത്തനം. അന്തരിക്കുന്നതുവരെ പാര്‍ടിയുടെ പരമോന്നത ഘടകങ്ങളില്‍ അദ്ദേഹം അംഗമായിരുന്നു. ദേശീയ തലത്തില്‍ മാത്രമല്ല സാര്‍വദേശീയ തലത്തിലും അംഗീകാരം നേടിയ കമ്യൂണിസ്റ്റ് നേതാവായിരുന്നു ഇ എം എസ്.

കടപ്പാട്

Leave a Reply

Your email address will not be published. Required fields are marked *