കറുത്ത വർഗ്ഗക്കാരുടെ ദൈവം

ജിബി ദീപക്ക്(അദ്ധ്യാപിക,എഴുത്തുകാരി)

‘ലോകം മാറ്റി മറിക്കാന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം.’
‘കറുത്തവര്‍ഗ്ഗക്കാരുടെ ദൈവം’ എന്നറിയപ്പെടുന്ന നെല്‍സണ്‍ മണ്ടേലയെ ദക്ഷിണാഫ്രിക്കക്കാര്‍ മാത്രമല്ല ലോകമെമ്പാടുമുള്ള മനുഷ്യസ്‌നേഹികള്‍ ആരാധിച്ചുപോരുന്ന ഒരു വ്യക്തിത്വമാണ്.
തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തിലാണ് മണ്ടേല ജനിച്ചത്. അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 18, നെല്‍സണ്‍ മണ്ടേല ദിനമായി എല്ലാ വര്‍ഷവും ആചരിക്കുമെന്ന് 2009 നവംബറില്‍ യു.എന്‍ പൊതുസഭ പ്രഖ്യാപിച്ചിരുന്നു.

നെല്‍സണ്‍ മണ്ഡേല ചെറുപ്പകാലത്ത്(ഫയല്‍ ചിത്രം)


വളരെ ലളിതമായി ജീവിതം നയിച്ച ഒരു വ്യക്തിയായിരുന്നു മണ്ടേല. മദ്യപാനം, പുകവലി എന്നീ ശീലങ്ങളൊന്നും തന്നെ അദ്ദേഹത്തിനുണ്ടായിരുന്നില്ല. തന്റെ വികാരങ്ങള്‍ പുറത്തു പ്രകടിപ്പിക്കാതെ, തന്നിലേക്കു തന്നെ അടക്കിവെക്കുന്ന ഒരു പ്രകൃതക്കാരനായിരുന്നു അദ്ദേഹം. മൂന്നു തവണ വിവാഹിതനായ മണ്ടേലക്ക് 6 കുട്ടികളും 17 ചെറുമക്കളുമുണ്ട്.


ജോഹന്നാസ് ബര്‍ഗില്‍വെച്ച് പരിചയപ്പെട്ട ഈവ്‌ലിന്‍ ആയിരുന്നു ആദ്യ ഭാര്യ. 1944 ല്‍ ആരംഭിച്ച ഈ ദാമ്പത്യം 1957 വിവാഹമോചനത്തില്‍ കലാശിച്ചു. രണ്ടാം ഭാര്യയായ വിന്നി മഡികിസേല ജോഹന്നാസ്ബര്‍ഗില്‍ വെച്ചാണ് മണ്ടേലയെ പരിചയപ്പെടുന്നത്. ജോഹന്നസ്ബര്‍ഗിലെ കറുത്ത വര്‍ഗ്ഗക്കാരിയായ ആദ്യത്തെ സാമൂഹ്യപ്രവര്‍ത്തകയായിരുന്നു വിന്നി. എന്നാല്‍ ഈ ബന്ധവും പിന്നീട് വിവാഹമോചനത്തിലേക്കെത്തി. 1998 ല്‍ തന്റെ എണ്‍പതാം ജന്മദിനത്തില്‍ ഗ്രേക്കാ മാഷേല്‍ നെ മൂന്നാം വിവാഹം കഴിച്ചു.


മണ്ടേലയെയും, തുടര്‍ന്നു വന്ന വര്‍ണ്ണവിവചേന വിരുദ്ധ പ്രവര്‍ത്തകരെയും മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ വളരെയധികം സ്വാധീനിച്ചിരുന്നു. മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ സത്യാഗ്രഹം ആരംഭിച്ചതിന്റെ നൂറാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് 2007 ജനുവരി 29-30 തിയതികളില്‍ ദില്ലിയില്‍ നടന്ന സമ്മേനളനത്തില്‍ മണ്ടേലയും സന്നിഹിതനായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ചരിത്രം എഴുതപ്പെടുമ്പോള്‍ അതില്‍ ഒഴിവാക്കാനാവാത്ത ഒരു വ്യക്തിത്വമാണ് ഗാന്ധിയുടേതെന്ന് മണ്ടേല അഭിപ്രായപ്പെട്ടിട്ടുണ്ട്. ‘ഗാന്ധി എന്ന വ്യക്തിയുടെ പിന്നില്‍ ഒറ്റക്കെട്ടായി നിന്ന് കോണ്‍ഗ്രസ് പൊരുതി നേടിയ സ്വാതന്ത്ര്യം ആണ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രചോദനം.’ എന്ന് ഗാന്ധിയുടെ പ്രതിമ ദക്ഷിണാഫ്രിക്കയില്‍ അനാച്ഛാദനം ചെയ്യവേ മണ്ടേല പറയുകയുണ്ടായി.

ഫിഡല്‍ കാസ്ട്രോയ്ക്കൊപ്പം നെല്‍സണ്‍ മണ്ഡേല(ഫയല്‍ ചിത്രം)


ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യം സ്വപ്‌നം കണ്ട ഒരു നേതാവായിരുന്നു നെല്‍സണ്‍ മണ്ടേല. അതുകൊണ്ടു തന്നെ സ്വകാര്യ സ്വത്തുമടസ്ഥത, മുതലാളിത്തം എന്നിവക്കെതിരെയെല്ലാം അദ്ദേഹം വ്യക്തമായ കാഴ്ചപ്പാട് സ്വീകരിച്ചിരുന്നു. മണ്ടേലയെ മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ വളരെയധികം സ്വാധീനിച്ചിരുന്നു.


വിറ്റ്വാട്ടര്‍സ്രാന്‍ഡ് സര്‍വ്വകലാശാലയില്‍ നിയമപഠനം നടത്തിയിരുന്നവരില്‍ ഏക കറുത്തവര്‍ഗ്ഗക്കാരനായിരുന്നു മണ്ടേല. വര്‍ണ്ണവിവേചനത്തിനും വംശീയമായ വേര്‍തിരിവിനും വേണ്ടി നിലകൊണ്ടിരുന്നതുമായ നാഷണല്‍ പാര്‍ട്ടിയുടെ 1948 ലെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മണ്ടേല ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 1952 ലെ സമരത്തിലും, 1955 ലെ പീപ്പിള്‍സ് കോണ്‍ഗ്രസിലും സജീവമായി പങ്കെടുക്കുകയുണ്ടായി.
ഈക്കാലത്ത് കമ്യൂണിസത്തെ കൂടുതല്‍ അടുത്തറിയാനായി മണ്ടേല ശ്രമിച്ചു. കാള്‍മാര്‍ക്‌സ്, ഫ്രെഡറിക ഏംഗല്‍സ്, ലെനിന്‍, മാവോ സേതൂങ്ങ് തുടങ്ങിയവരുടെ രചനകള്‍ അദ്ദേഹം വായിച്ചു മനസ്സിലാക്കാന്‍ തുടങ്ങി. ‘വൈരുദ്ധ്യാത്മക ഭൗതികവാദം’ എന്ന ആശയത്തില്‍ മണ്ടേല വളരെയധികം ആകൃഷ്ടനായിരുന്നു.

മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ക്ലിന്‍റനൊപ്പം നെല്‍സണ്‍ മണ്ഡേല(ഫയല്‍ ചിത്രം)

ഗറില്ലാ യുദ്ധങ്ങളില്‍ നിപുണരായിരുന്ന മാവോ സേതൂങ്ങും, ചെഗുവേരയും നടത്തിയ ഗറില്ലാ യുദ്ധങ്ങളെക്കുറിച്ചുള്ള രേഖകള്‍ മണ്ടേല ആവശേപൂര്‍വ്വം വായിക്കുമായിരുന്നു. വളരെക്കാലത്തെ അഹിംസാസമരം വിജയിക്കുന്നില്ലെന്നും, ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലും, ആക്രമവും വര്‍ദ്ധിക്കുകയാണെന്നും കണ്ടതിനാലുമാണ്. അവസാനത്തെ പോംവഴിയായി സായുധ സമരത്തെ ആശ്രയിക്കേണ്ടി വന്നതെന്ന് മണ്ടേല പിന്നീട് പ്രസ്താവിക്കുകയുണ്ടായി. പല പല ഘട്ടങ്ങളിലായി ജീവിതത്തിന്റെ നല്ലൊരു ഭാഗവും ജയിലില്‍ ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു നേതാവാണ് നെല്‍സണ്‍ മണ്ടേല.


തന്റെ ജീവിതം ആഫ്രിക്കന്‍ വംശജരുടെ സമരത്തിനായി ഉഴിഞ്ഞുവെച്ചിരിക്കുകയാണെന്നും വെള്ളക്കാരുടെയോ കറുത്തവരുടെയോ ആധിപത്യത്തിനു താന്‍ എതിരാണെന്നും എല്ലാവരും തുല്യവകാശത്തോടെയും, സാഹോദര്യത്തോടെയും സഹവസിക്കുന്ന ജനാധിപത്യത്തിലൂന്നിയ ഒരു സ്വതന്ത്ര സമൂഹത്തിനുവേണ്ടിയാണ് താന്‍ ജീവിക്കുന്നതെന്നും വേണ്ടി വന്നാല്‍ ഇതിനുവേണ്ടി ജീവന്‍ പോലും പരിത്യാഗം ചെയ്യാന്‍ സന്നദ്ധനാണെന്നും മണ്ടേല സമൂഹത്തോട് വിളിച്ചു പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യ തെരഞ്ഞെടുപ്പ് 27 ഏപ്രില്‍ 1994 നും നടന്നു. അങ്ങനെ 62% വോട്ടുകള്‍ നേടി മണ്ടേല ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരനായ പ്രസിഡന്റായി സ്ഥാനമേറ്റു.

വെള്ളക്കാരെ രാജ്യത്തുനിന്നും പൂര്‍ണ്ണമായും ഒഴിവാക്കാതെ, അവരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഭരണതന്ത്രം നിര്‍മ്മിച്ചെടുക്കാനാണ് മണ്ടേല ലക്ഷ്യം വെച്ചത്.
76-ാമത്തെ വയസ്സില്‍ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണ്ണമായി വിരമിച്ചു. ജയില്‍ വാസക്കാലത്ത് മണ്ടേല രചിച്ച ആത്മകഥയുടെ പേരാണ് ‘Long walk to freedom’. അദ്ദേഹത്തിന് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ തുറന്ന മനസ്സോടെ അതില്‍ വ്യക്തമായി എഴുതുകയും അഭിപ്രായപ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്.


1993-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഫ്രഡറിക് ഡിക്ലര്‍ക്കിനോടൊപ്പം പങ്കിട്ടു. 1990-ല്‍ ഭാരത സര്‍ക്കാര്‍ ഭാരതരത്‌ന പുരസ്‌ക്കാരം നല്‍കി ഇദ്ദേഹത്തെ ആദരിച്ചു. ഈ പുരസ്‌കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയും, നോബല്‍ സമ്മാനം ലഭിക്കുന്നതിനു മുമ്പ് ഭാരതരത്‌നം ലഭിച്ച ഏക വീദേശീയനുമായി ഖ്യാതി നേടി.


സമൂഹത്തിനു വേണ്ടി ജീവിച്ച്, കറുത്തവര്‍ഗ്ഗക്കാര്‍ക്ക് സ്വാതന്ത്ര്യവും, അവകാശങ്ങളും വാങ്ങിക്കൊടുത്തുകൊണ്ട് സമൂഹത്തില്‍ നല്ലൊരു നേതാവായി ജീവിച്ചുകാണിച്ചുകൊണ്ട് ജോഹന്നാസ് ബര്‍ഗിലെ സ്വന്തം വസതിയില്‍വെച്ച് 2013 ഡിസംബര്‍ 5ന് ആ വ്യക്തിത്വം നമ്മോട് യാത്ര പറഞ്ഞു മറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *