കടമ്മനിട്ട ഓര്‍മ്മയായിട്ട് 14 വര്‍ഷം

മലയാളകവിതയെ ജനകീയവല്‍ക്കരിക്കുന്നതില്‍ പ്രധാനിയായിരുന്ന കടമ്മനിട്ട രാമകൃഷ്ണന്‍ ഓര്‍മ്മയായിട്ട് ഇന്ന് 14ാം ആണ്ട്.കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായിമാറി.

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയില്‍ പടയണി ആചാര്യൻ മേലേത്തറയിൽ കടമ്മനിട്ട രാമൻ നായർ ആശാന്‍റേയും കുട്ടിയമ്മയുടേയും മകനായാണ് രാമകൃഷ്ണൻ ജനിച്ചത്.1965ൽ “ഞാൻ” എന്ന കവിത പ്രസിദ്ധപ്പെടുത്തി. 1976ലാണ് ആദ്യ പുസ്തകം പുറത്തിറങ്ങിയത്.മലയാള കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ച കവിതകളായിരുന്നു കടമ്മനിട്ടയുടേത്.

ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾതന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഏറെ വിജയം നേടി. വൈദേശികമായ ഇറക്കുമതിച്ചരക്കാണ്‌ ആധുനികകവിത എന്ന് വാദിച്ച പരമ്പരാഗത നിരൂപന്മാർക്കുപോലും കടമ്മനിട്ടക്കവിത ആവിഷ്കരിച്ച കേരളീയ ഗ്രാമീണതയുടേയും വനരൗദ്രതയുടേയും വയൽമണങ്ങളുടേയും ചന്ദനത്തൈമരയൗവനത്തിന്റേയും മൗലികസൗന്ദര്യത്തിനു മുൻപിൽ നിശ്ശബ്ദരാകേണ്ടിവന്നു.

1960കളിൽ കേരളത്തിൽ ശക്തമായിരുന്ന നക്സലേറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം രാമകൃഷ്ണന്റെ രചനകളിൽ നിഴലിക്കുന്നുണ്ട്. സമകാലികരായ കവികളിലധികവും പ്രകൃതി കേന്ദ്രീകൃത രചനകളിൽ ശ്രദ്ധയൂന്നിയപ്പോൾ മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ. 2008 മാർച്ച് 31 അദ്ദേഹം ഈ ലോകത്തില്‍‌ നിന്ന് വിടവാങ്ങി.


കൃതികൾ


കുറത്തി
കുഞ്ഞേ മുലപ്പാൽ കുടിക്കരുത്
മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു
വെള്ളിവെളിച്ചം
ഗോദോയെ കാത്ത് (സാമുവൽ ബക്കറ്റിന്റെ “വെയ്റ്റിംഗ് ഫോർ ഗോദോ” എന്ന നാടകത്തിന്റെ വിവർത്തനം)
സൂര്യശില (ഒക്ടാവിയോ പാസിന്റെ “സൺ‌സ്റ്റോൺ” എന്ന കൃതിയുടെ വിവർത്തനം)
കോഴി
കാട്ടാളൻ


പുരസ്കാരങ്ങൾ


കടമ്മനിട്ടയുടെ കവിതകൾ എന്ന പുസ്തകം 1982ൽ ആശാൻ പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടി.
അബുദാബി മലയാളി സമാജം പുരസ്കാരം.
ന്യൂയോർക്കിലെ മലയാളം ഇന്റർനാഷണൽ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം.
മസ്കറ്റ് കേരള സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പുരസ്കാരം.

.

Leave a Reply

Your email address will not be published. Required fields are marked *