‘ആർദ്രമീ ധനുമാസരാവുകളിലൊന്നിൽ ആതിരവരും പോകുമല്ലേ സഖീ…… എൻ.എൻ. കക്കാട് ഓര്‍മ്മയായിട്ട് മുപ്പത്തിയാറാണ്ട്

ആധുനിക മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എൻ.എൻ. കക്കാട് എന്നറിയപ്പെടുന്ന നാരായണൻ നമ്പൂതിരി കക്കാട്. കാല്പനികതാവിരുദ്ധതയായിരുന്നു കക്കാടിന്റെ കവിതകളുടെ മുഖമുദ്ര. മനുഷ്യസ്നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളിൽ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലർന്നിരുന്നു. ബാല്യം മുതൽക്കേ അനാരോഗ്യം കൊണ്ട് അദ്ദേഹം കഷ്ടപ്പെട്ടിരുന്നു. കലാ കേരളം അദ്ദേഹത്തെ അംഗീകരിക്കുന്നത് വളരെ താമസിച്ചായിരുന്നു. പല ആശയങ്ങളും രൂപങ്ങളുമായി മല്ലിട്ട് മലയാള സാഹിത്യത്തിൽ തന്റേതായ ഒരു പാത വെട്ടിത്തെളിക്കുകയായിരുന്നു അദ്ദേഹം. രാമായണം, മഹാഭാരതം തുടങ്ങിയ കൃതികളിൽ നിന്ന് ലഭിച്ച കവിതാ വാസനയാൽ അദ്ദേഹം കുട്ടിക്കാലത്തു തന്നെ ശ്ലോകങ്ങൾ രചിച്ചിരുന്നു.

‘ആർദ്രമീ ധനുമാസരാവുകളിലൊന്നിൽ
ആതിരവരും പോകുമല്ലേ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടു നിൽക്കട്ടെ
നീയെന്നണിയത്തുതന്നെ നിൽക്കൂ’….. എന്നുപാടി മലയാള കവിതയ്ക്ക് പുതിയ ആസ്വാദനതലം തന്നെ കക്കാട് പകർന്നുനൽകി.

അദ്ദേഹത്തിനെ ജനപ്രിയനാക്കുന്നതിൽ സഫലമീയാത്ര എന്ന കവിത വഹിച്ച പങ്ക് വിസ്മരിക്കാനാകുന്നതല്ല. അർബുദ രേഗബാധിതനായ അവസ്ഥയിലാണ് അദ്ദേഹം സഫലമീയാത്ര രചിക്കുന്നത്. രോഗശയ്യയിൽ കിടന്ന് ധനുമാസത്തിലെ തിരുവാതിരയെ വരവേൽക്കുന്ന കവിയുടെ വരികൾ ആസ്വാദകർക്ക് എന്നും നീറുന്ന ഒരോർമ്മയാണ്. എന്നാൽ രോഗത്തെ അതിജീവിച്ച കക്കാട് അതിന്റെ സ്മരണയിൽ നന്ദി തിരുവോണമേ നന്ദി എന്ന മറ്റൊരു കവിതയും എഴുതി. കോഴിക്കോട് അവിടനല്ലൂരിൽ നാരായണൻ തമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി 1927 ജൂലായ് 14നാണ് കക്കാട് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ വേദങ്ങളിലും ഇതിഹാസങ്ങളിലും പ്രാവീണ്യം നേടിയ കക്കാട് ചിത്രമെഴുത്ത്, ശാസ്ത്രീയ സംഗീതം, ഓടക്കുഴൽ എന്നിവയും സ്വായത്തമാക്കി. കോഴിക്കോട് സാമൂതിരി ഹൈസ്കൂളിലും, തൃശൂർ കേരളവർമ്മ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി തൃശൂർ വിവേകോദയം ഹൈസ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് റൈറ്ററായും പ്രൊഡ്യൂസറായും ജോലി ചെയ്തു. കോഴിക്കോട് ആകാശവാണി നിലയത്തിലെ സ്റ്റാഫ് ആർട്ടിസ്റ്റുകളുടെ അസ്സോസിയേഷൻ ഭാരവാഹിയായി പ്രവർത്തിച്ചു.

കേരള സാഹിത്യ അക്കാദമി, കേരള സാഹിത്യ സമിതി, വള്ളത്തോൾ വിദ്യാപീഠം, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നിവകളിലും പ്രവർത്തിച്ചിട്ടുണ്ട്. ആശയസമ്പുഷ്ടവും അതേ സമയംതന്നെ ലളിതവുമായിരുന്നു കക്കാടിന്റെ കവിതകൾ. കമ്മ്യൂണിസ്റ്റെന്നും നക്സലൈറ്റെന്നും വർഗീയവാദിയെന്നും മുദ്രകുത്തപ്പെട്ടെങ്കിലും കക്കാട് മൗനം ദീക്ഷിച്ചു. ആ മൗനം തന്നെയായിരുന്നു അവയ്ക്കുള്ള മറുപടിയും. ജീവിതത്തിൽ പാലിച്ച ഈ ധീരതതന്നെയാണ് കക്കാടിന്റെ കവിതകളെയും അനശ്വരമാക്കിയത്. തന്റെ മൂല്യബോധത്തിന് പൊരുത്തപ്പെടാനാവാത്ത തരത്തിൽ മലയാളിയുടെ നഗരജീവിതവും, പൊതുജനജീവിതവും വഴിമാറിയപ്പോൾ കക്കാടിലെ കവി തീവ്രമായി പ്രതികരിച്ചു.

ആവയ്ക്ക് ഉദാഹരണങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഓരോ കവിതയും. ശലഭഗീതം, 1963, പാതാളത്തിന്റെ മുഴക്കം, കവിത, വജ്രകുണ്ഡലം, ഇതാ ആശ്രമമൃഗം കൊല്ല് കൊല്ല്, സഫലമീയാത്ര, പകലറുതിക്കുമുമ്പ്, നാടൻചിന്തുകൾ, കവിതയും പാരമ്പര്യവും, അവലോകനം തുടങ്ങിയവ പ്രധാനകൃതികളാണ്. വയലാർ അവാർഡ് ( സഫലമീ യാത്ര), കേരളസാഹിത്യ അക്കാദമി അവാർഡ്, ആശാൻ പുരസ്കാരം, ചെറുകാട് അവാർഡ്, ഓടക്കുഴൽ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1987 ജനുവരി 6 ന് കക്കാട് അന്തരിച്ചു.

courtesy വിവിധമാധ്യമങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *