അടുക്കളത്തോട്ടത്തില്‍ തക്കാളി കൃഷി

പാചകം ഇഷ്ടപ്പെടുന്നവർക്കും അല്ലാത്തവർക്കും ഒരുപോലെ പ്രിയങ്കരനാണ് തക്കാളിയെന്ന് പറയാം.
കേരളത്തിന്റെ മണ്ണും കാലാവസ്ഥയൊക്കെ തക്കാളിയ്ക്ക് താരതമ്യേന അനുയോജ്യമല്ല. എന്നാലും അടുക്കളത്തോട്ടത്തിലും പോളിഹൗസിലുമൊക്കെയായി തക്കാളി വളർത്തുന്നവരുമുണ്ട്. എങ്കിലും ഇന്ന് ഇന്ധനവിലയെയും കടത്തിവെട്ടിയാണ് തക്കാളി വില കുതിച്ചുയരുന്നത്.


നല്ല പരിചരണവും സമയവും ആവശ്യമായതിനാൽ തന്നെ വലിയ തോതിൽ തക്കാളി കൃഷി ചെയ്യാമെന്നത് കേരളത്തിനെ സംബന്ധിച്ച് കുറച്ച് ശ്രമകരമാണ്. എന്നിരുന്നാലും നമ്മുടെ അടുക്കളത്തോട്ടത്തില്‍ ആവശ്യത്തിന് തക്കാളി കൃഷി ചെയ്ത് നല്ല ആരോഗ്യമുള്ള തക്കാളികളെ വിളവെടുക്കാം. ഇങ്ങനെ എളുപ്പത്തില്‍ തക്കാളി കായ്ക്കാനുള്ള മാര്‍ഗങ്ങളാണ് ചുവടെ വിവരിക്കാൻ പോകുന്നത്.


ഗ്രോ ബാഗിൽ നട്ടുവളർത്തി, വിനാഗിരി പ്രയോഗിച്ച് രോഗപ്രതിരോധ ശേഷിയുള്ള നല്ലയിനം തക്കാളികളെ ഉൽപാദിപ്പിക്കാം. തക്കാളികളെ പ്രൂണിങ് നടത്തിയാണ് തൈ ഉൽപാദിപ്പിക്കേണ്ടത്.തക്കാളിച്ചെടിയിലെ അനാവശ്യമായ ഇലകളും കമ്പുമെല്ലാം പറിച്ചു കളയണം. ഇത് നന്നായി പൂക്കാനും കായ്ക്കാനും സഹായിക്കും. ഇതുപോലെ പറിച്ചു കളയുന്ന കമ്പുകള്‍ നട്ട് പുതിയ തൈകളുണ്ടാക്കാം.ഇതിനായി തക്കാളിച്ചെടിയിലെ നല്ല ആരോഗ്യത്തോടെ വളര്‍ന്നു പൊങ്ങിയ മൂത്ത കമ്പുകള്‍ കത്രികയോ ബ്ലേഡോ ഉപയോഗിച്ച് മുറിച്ചെടുക്കുക. മുറിക്കുന്ന സ്ഥലത്ത് ചതവ് വീഴാൻ പാടില്ല.

മുറിച്ചെടുത്ത കമ്പുകൾ മണ്ണു നിറച്ച ഗ്രോബാഗിലേക്ക് നടുക. മണ്ണിനൊപ്പം വളം ചേര്‍ക്കരുത്. പകരം കുറച്ച് ഡോളോമൈറ്റ് ചേര്‍ത്ത് ഇളക്കിയാല്‍ മാത്രം മതി. ഗ്രോ ബാഗിൽ നട്ട ശേഷം വെയിലും മഴയും തട്ടാതെ മാറ്റി വയ്ക്കുക. ഇതിൽ ഇടയ്ക്ക് അല്‍പ്പം വെള്ളം തളിച്ചു കൊടുക്കുന്നത് നല്ലതാണ്. എന്നാൽ ഇത് അമിതമാകാതെ ശ്രദ്ധിക്കുക. ഒരു മാസത്തിനുള്ളിൽ തന്നെ കമ്പുകളിൽ നിന്ന് ഇലകള്‍ മുളച്ചു തുടങ്ങുന്നത് കാണാം. വളര്‍ച്ചയായി തുടങ്ങിയാൽ വളപ്രയോഗങ്ങള്‍ ആകാം.
വിനാഗിരി പ്രയോഗിക്കാം


പൂക്കളും കായ്കളും കരുത്തോടെ വളരാന്‍ വിനാഗിരി ലായനി സഹായിക്കുന്നു. കമ്പുകൾ ഗ്രോ ബാഗിലേക്ക് മാറ്റി നട്ട് കൃത്യമായ പരിചരണം നൽകി വളർത്തിയാൽ ആരോഗ്യത്തോടെ വളരും. അതിനൊപ്പം വിനാഗിരി കൂടിയായാൽ വേഗത്തിൽ കായ്ക്കുന്നതിനും സാധിക്കും.


വിനാഗിരി ലായനി ഉണ്ടാക്കുമ്പോഴും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. അര ലിറ്റര്‍ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ എന്ന കണക്കിലാണ് വിനാഗിരി ചേര്‍ക്കേണ്ടത്. വിനാഗിരിയുടെ അളവ് അധികമായാൽ തൈകള്‍ നശിക്കാന്‍ സാധ്യതയുണ്ട്. ഗ്രോബാഗിലെ മണ്ണിളക്കി ചെടിക്ക് ചുറ്റും വിനാഗിരി വെള്ളം ഒഴിച്ചു കൊടുക്കുകയാണ് വേണ്ടത്.
പച്ചമുളക്, വഴുതനങ്ങ പോലുള്ള പച്ചക്കറികൾക്കും മെച്ചപ്പെട്ട വിളവ് ലഭിക്കണമെങ്കിൽ വിനാഗിരി ലായനി പ്രയോഗം നടത്താവുന്നതാണ്.


വിനാഗിരി ലായനി നൽകിയതിന് ശേഷം തക്കാളിയ്ക്ക് മറ്റ് വളങ്ങൾ നൽകുന്നതാണ് മികച്ച ഫലം തരുന്നത്. ചാണകപ്പൊടി, എല്ലുപൊടി, കടലപ്പിണ്ണാക്ക്, ചകിരിച്ചോറ് കമ്പോസ്റ്റ് തുടങ്ങിയ സാധാരണ വളപ്രയോഗം തക്കാളി കൃഷിയ്ക്ക് ഉചിതമാണ്.

കടപ്പാട് ഫാമിംഗ് വേള്‍ഡ് ഫൈസല്‍

Leave a Reply

Your email address will not be published. Required fields are marked *