മനസ്സും ശരീരവും റിഫ്രഷ് ചെയ്യാൻ യാത്രപോകാം ഉറവപാറയിലേക്ക്

സഞ്ചാരികളുടെ ഇഷ്ടഇടമാണ് ഇടുക്കി. ഇടുക്കിയുടെ മാസ്മരിക സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന പ്രദേശമായ ഉറവപാറയെ കുറിച്ച് കേട്ടുണ്ടോ…പ്രകൃതിയുടെ മറ്റൊരു ദൃശ്യാവിശ്കാരമാണ് ഉറവപ്പാറ.തൊടുപുഴക്കടുത്തുള്ള ഒളമറ്റമാണ് സ്ഥലം. തറ നിരപ്പല്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പാറക്കു മുകളിൽ മുരുക ക്ഷേത്രമുണ്ട്. അവിടെ നിന്നുള്ള താഴ് വാര കാഴ്ചയും ഭീമൻ ചവിട്ടിയ കാൽപ്പാടും അടുപ്പിൻ്റെ ആകൃതിയിലുള്ള പാറക്കല്ലുകളും മനോഹരമാണ്. ഭക്തിസാന്ദ്രമായ ഈ പ്രകൃതി വിസ്മയങ്ങൾക്ക് പിന്നിൽ നിരവധി ഐതിഹ്യങ്ങളുണ്ട്.

ഉറവപ്പാറയെ കുറിച്ച് കേട്ടപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല. കസിൻസ് കൂട്ടുപിടിച്ചു ഞങ്ങൾ അങ്ങോട്ടേക്ക് യാത്ര തിരിച്ചു.കാടും, മലകളും, കോടമഞ്ഞും ഞങ്ങളെ വരവേറ്റുകൊണ്ടിരുന്നു.തിരക്ക് കുറവായിരുന്നതിനാല്‍ റോഡ് സൈഡില്‍ വണ്ടി നിര്‍ത്തിയിട്ട് ഇറങ്ങി നടന്നു.കുറച്ച് അങ്ങ് നടന്നപ്പോൾ ചെറിയ ഇടവഴിക്കടുത്ത് മുട്ടം ഗവണ്‍മെന്റ് സ്‌കൂള്‍ എന്ന ബോർഡ് വച്ചിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് കാലങ്ങളായി അടച്ചിട്ടിരിക്കുന്ന എല്ലാ ലക്ഷണങ്ങളും സ്‌കൂള്‍ കെട്ടിടത്തില്‍ കാണാം. കുട്ടികള്‍ ഓടി കളിക്കേണ്ട ഗ്രൗണ്ടിൽ പുല്ലു നിറഞ്ഞിരിക്കുകയാണ്. സ്കൂളിന് നടുവിലൂടെയുള്ള വഴിയിൽനിന്ന് നോക്കിയപ്പോള്‍ ഒരു കൃഷ്ണ ക്ഷേത്രം ശ്രദ്ധയില്‍പ്പെട്ടു.

ശാന്ത സുന്ദരമായ അന്തരീക്ഷം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ഒരു ഗ്രാമ പ്രദേശമാണ് അത്. എനിക്കാ സ്ഥലം കണ്ടിട്ട് വളരെ കൗതുകവും ആശ്ചര്യവും തോന്നി. ആ കാഴ്ചയിൽ മുഴുകി നിന്നപ്പോഴാണ് ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള ബോധം വന്നത്. നാടിനെക്കുറിച്ചു കൂടുതൽ അറിയണം എന്ന് തോന്നി. അവിടുത്തു കാരോട് തന്നെ ഞങ്ങൾ തിരക്കി.ഉറവപ്പാറ എവിടെ എന്ന് അന്വേഷിച്ചു. ഉറവപ്പാറ അല്ല ‘ഒറവപ്പാറ’ ആണെന്ന് പറഞ്ഞ് അദ്ദേഹം ഞങ്ങളെ തിരുത്തി.അതെല്ലാം പറഞ്ഞ് ഞാൻ ബോറടിപ്പിക്കുന്നില്ല.

ഏകദേശം 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഉറവപ്പാറ എത്തി. അവിടെ ഒരു സൈഡിലായി വണ്ടി ഒതുക്കി പാറ കയറി. കുറച്ച് മുന്നോട്ടു ചെന്നപ്പോഴേക്കും വ്യൂ കണ്ടു തുടങ്ങി. നല്ല തണുത്ത കാറ്റും വീശുന്നുണ്ടായിരുന്നു. പാറയുടെ വശങ്ങളിലായി വീടുകള്‍ കാണാം. ഇതുപോലുള്ള പ്രകൃതി വിസ്മയങ്ങൾ കാഴ്ചയിൽ കൗതുകമാണെങ്കിലും അവിടെ ജീവിക്കുന്നത് അത്ര രസകരമാവണമെന്നില്ല.

ഭീമ സേനന്റെ പാദം പതിഞ്ഞ ഇടം

ഉറവപ്പാറയിൽ നിന്നും ഏകദേശം കാല്‍ മണിക്കൂര്‍ യാത്ര കഴിഞ്ഞാണ് ഞങ്ങള്‍ അവിടെ എത്തിയതെന്ന്. സ്ഥലം കഴിഞ്ഞു ഇങ്ങ് പോന്നു. ഞങ്ങള്‍ക്ക് കുറച്ച് നിരാശ തോന്നി. മറ്റൊന്നും കൊണ്ടല്ല, ഇതുപോലുള്ള വ്യൂ പോയിന്റൊക്കെ അതി രാവിലെ സന്ദർശിക്കണം. കോട യും താഴ് വാര കാഴ്ചകളും ആസ്വദിക്കാൻ സാധിക്കൂ. പിന്നെ അവിടെ നിന്ന് സമയം കളയാതെ വണ്ടിയെടുത്ത് നേരെ ഉറവപ്പാറ ലക്ഷ്യമാക്കി മുന്നോട്ടുപോയി.

പാറയ്ക്കു മുകളിൽ എത്തി. അപ്പോൾ സമയം 8.45. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ച മഞ്ഞും തണുപ്പുമൊന്നും കണ്ടില്ല. വളരെ അധികം ക്ഷീണം ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു. ഉദ്ദേശിച്ച പോലെയായിരുന്നില്ല. കുറച്ച് പ്രയാസമുണ്ടായിരുന്നു കയറാന്‍. . സമയം വൈകിക്കാതെ ഞങ്ങൾ അകത്തു കയറി തൊഴുതു. വളരെ ഭംഗിയും വ്യത്യസ്തവുമായിട്ടാണ് ക്ഷേത്രത്തിൻറെ നിര്‍മ്മാണം. മൊത്തത്തിൽ ഒരു തമിഴ് ടച്ച്.

ഗർഭഗൃഹത്തിൽ ബാലമുരുകൻ്റെ പ്രതിഷ്ഠ നിലത്ത് പാറയിലാണ്. അതിനു പിന്നിൽ ഒരു കഥയുണ്ട്. പഞ്ചപാണ്ഡവർ വനവാസക്കാലത്ത് ഇവിടെ എത്തി. സന്ധ്യാസമയത്ത് എത്തിയ അവർക്ക് പിറ്റേന്ന് പുലർച്ചെ പോകേണ്ടതുണ്ട്. അതിനിടയിൽ പ്രാർത്ഥനയ്ക്കായി വളരെ പെട്ടെന്ന് ക്ഷേത്രം നിർമ്മിച്ചു. കരിങ്കല്ലുകൊണ്ട് ചുവരുകൾ മാത്രം കെട്ടി. തറക്കൽ ഒന്നും സ്ഥാപിച്ചില്ല അതുകൊണ്ട് ബാലമുരുകൻ്റെ വിഗ്രഹം പാറയിൽ പ്രതിഷ്ഠിച്ചു. കുറച്ചു സമയം ആ ശാന്തമായ അന്തരീക്ഷത്തിലൂടെ നടന്നു. പിന്നീട് പടികളിറങ്ങി ക്ഷേത്രത്തിൻറെ പിൻ വശത്തെത്തി. ആ കൂറ്റൻ പാറക്കു താഴെ നിറയെ കാടും റബര്‍ തോട്ടങ്ങളും. ദൂരെ മാറി മറ്റേതൊക്കെയോ മൊട്ട കുന്നുകൾ. കുറച്ച് താഴേക്ക് ചെന്നപ്പോൾ അടുപ്പിൻ്റെ ആകൃതിയിൽ വലിയ പാറക്കല്ലുകൾ കണ്ടു. പഞ്ചപാണ്ഡവർ രാത്രിയിൽ ഭക്ഷണം പാകം ചെയ്യാനായി നിർമ്മിച്ചതാണത്രേ ഈ അടുപ്പ്. അതിന് തൊട്ട് അരികിലായി കാല്‍ പാദത്തിന്റെ ആകൃതിയിൽ ഒരു കുളം. ഇത് ഭീമസേനൻ്റെ കാൽപാദം ആണെന്ന് ഭക്തർ വിശ്വസിക്കുന്നു. ഒന്നുരണ്ട് ആമ്പൽ പൂക്കളും അവിടെ മൊട്ടിട്ടു നിൽക്കുന്നു. പായൽ കുതിർന്ന പച്ചനിറമുള്ള ആ വെള്ളക്കെട്ടിന് നല്ല താഴ്ചയുണ്ട്. കുളം പവിത്രത കാത്തുസൂക്ഷിക്കാൻ വേണ്ട അധികാരികൾ ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്.

കാഴ്ചയിൽ മുഴുകി സമയം പോയത് അറിഞ്ഞില്ല. വെയില്‍ അരിച്ച് ഇറങ്ങാന്‍ തുടങ്ങി. ക്ഷേത്രവും അടച്ച് പ്രവേശനം നിയന്ത്രിച്ചു. 10 മണി ഒക്കെ കഴിയുമ്പോഴേക്കും വെയിൽ ഇറങ്ങി പാറ ചൂടാകും. പിന്നെ അവിടെ നിൽക്കുന്നത് പ്രയാസമാണ്. അതുകൊണ്ടുതന്നെ ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തുന്നത് അതിരാവിലെയാണ്. വളരെ പെട്ടെന്ന് ഞങ്ങളും താഴേക്കിറങ്ങി. ഭക്ഷണം ഒന്നും കൈയ്യില്‍ കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ അത്യാവശ്യം വൃത്തിയുള്ള ഒരു ചായക്കടയില്‍ കയറി ഭക്ഷണം കഴിച്ചു.

പാറയ്ക്ക് മുകളിൽ നിന്നുള്ള അസ്തമയം കാണാനായി സന്ധ്യവരെ അവിടെ ചെലവഴിച്ചു. ആ സമയം വണ്ടിയുമെടുത്ത് ഒന്ന് കറങ്ങി. ഒളമറ്റത്തിന്റെ ഗ്രാമീണതയിൽ. റബര്‍ തോട്ടങ്ങള്‍ക്കും വയലുകള്‍ക്കും നടുവിലൂടെ, ദൂരെ മാറി ഉയര്‍ന്ന നില്‍ക്കുന്ന ഏതൊക്കെയോ പേരറിയാത്ത മൊട്ട കുന്നുകളുടെ ഭംഗിയും ആസ്വദിച്ച് മുന്നോട്ട് നീങ്ങി. അങ്ങനെ വൈകിട്ട് 5.30 ആയപ്പോഴേക്കും ഞങ്ങള്‍ വീണ്ടും ഉറവപ്പാറക്ക് കീഴെ എത്തി. രാവിലെ തുടങ്ങിയ യാത്ര ആയതിനാൽ നന്നായി ക്ഷീണിച്ചു. അതുകൊണ്ട് പാറ നടന്നു കയറാൻ നിൽക്കാതെ, മറുവശത്തെ വാഹനം പോകുന്ന വഴിയിലൂടെ മുകളിലെത്തി. അടുപ്പ് കല്ലിൻറെ സമീപത്ത് പോയി നിന്ന് അസ്തമയവും കണ്ടു. ഓറഞ്ച് നിറത്തില്‍ സൂര്യന്‍ കത്തി ജ്വലിച്ചു നിന്നപ്പോഴേക്കും മഞ്ഞ് ഒഴുകിയെത്തി. ആ തണുപ്പ് പുതച്ച് പ്രകൃതിയെ നോക്കി കുറച്ചുസമയം അവിടെ നിന്നു. ഇരുട്ട് അരിച്ചിറങ്ങിയപ്പോഴാണ് ഞങ്ങൾ മടക്കയാത്രയെ കുറിച്ച് ഓർത്തത്. പക്ഷേ പ്രഭാത കാഴ്ചകൾ കാണാൻ കഴിയാത്തതിൽ ഞങ്ങൾക്ക് നിരാശ ഉണ്ടായിരുന്നു. അതിനായി വീണ്ടും വരണം എന്ന് തീരുമാനിച്ച് താഴേക്കിറങ്ങി.

പാർവതി

Leave a Reply

Your email address will not be published. Required fields are marked *