പാരഡികളുടെ തമ്പുരാന്‍ വിഡി രാജപ്പന്‍

പാരഡിഗാനങ്ങളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ വിഡി രാജപ്പന്‍ മണ്‍മറഞ്ഞിട്ട് ഇന്നേക്ക് ആറ് വര്‍ഷം.കഥാപ്രസംഗത്തെ ഹാസ്യരൂപത്തില്‍ ജനകീയമാക്കുന്നതില്‍ വി.ഡി രാജപ്പന്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.വീഡിയോ സി.ഡികള്‍ അരങ്ങ് വാഴും മുമ്പ് ചിരിയുടെ പര്യായമായിരുന്നു വി.ഡി രാജപ്പന്‍. പിതാവിന്റെ ജേഷ്ഠന്റെ ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് തുടങ്ങിയ പാരഡി ഗാനാലാപനം വളരെ പെട്ടെന്നാണ് കേരളമാകെ അലയടിച്ചത്.പിന്നീട് വി.ഡി രാജപ്പന്‍ യുഗമായിരുന്നു.

വേലിക്കുഴിയിൽ ദേവദാസ് രാജപ്പൻ 1950 ൽ കോട്ടയത്ത് ജനിച്ചു.പേരൂർ ആണ് സ്വദേശം.1981 ൽ പി ഗോപികുമാർ സംവിധാനം ചെയ്ത കാട്ടുപോത്ത് എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും റിലീസ് ആയില്ല.1982ൽ “കക്ക” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി. അറിയപ്പെടുന്ന ഹാസ്യകലാകാരനും കഥാപ്രാസംഗികനും ആയിരുന്നു. ഹാസ്യത്തിൽ തന്റേതായ ശൈലി പിന്തുടർന്നിരുന്നു എന്നതാണ് എടുത്തുപറയേണ്ട സവിശേഷത. 25-ഓളം കഥാപ്രസംഗങ്ങൾ എഴുതി അവതരിപ്പിച്ചിട്ടുണ്ട്.ഹാസ്യ വേഷങ്ങളിലൂടെ അഭിനയരംഗത്തെത്തി 82 സിനിമകളിൽ അഭിനയിച്ചു.

മൃഗങ്ങളുടേയും വാഹനങ്ങളുടെയും ശബ്ദവും ജീവിതവും പറഞ്ഞ് രാജപ്പന്‍ മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ചികയുന്ന സുന്ദരി, പോത്ത് പുത്രി, പ്രിയരേ എന്റെ കുര, എന്നെന്നും കുരങ്ങേട്ടന്റെ തുടങ്ങി നിരവധി കഥാപ്രസംഗങ്ങള്‍…പതുക്കെ വേദികളില്‍ നിന്ന് സിനിമയിലേക്ക് ചേക്കേറിയ രാജപ്പനെ തേടി എത്തിയത് നിരവധി കോമഡി വേഷങ്ങള്‍. രണ്ട് പതിറ്റാണ്ടോളം മലയാളസിനിമയിലും നിറഞ്ഞാടി.ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം പിന്നീട് കഥാപ്രസംഗ വേദിയില്‍ നിന്നും ചലച്ചിത്രരംഗത്ത് നിന്നും പിന്‍വാങ്ങി. വര്‍ഷങ്ങളോളം അസുഖങ്ങളോട് മല്ലടിച്ച് ആ അപൂര്‍വ്വ കലാപ്രതിഭ 2016 മാര്‍ച്ച് 24ന് വിടവാങ്ങി… ആറാം ചരമ വാർഷികം

കടപ്പാട് വിക്കിപീഡിയ

Leave a Reply

Your email address will not be published. Required fields are marked *