പ്രകൃതിക്കും ജീവജാലങ്ങള്‍ക്കുമായി ഒരു യാത്ര; കുറിപ്പ്

യാത്ര എല്ലാവര്‍ക്കും ഇഷ്ടമാണ്. തിരക്കുകള്‍ക്ക് വിടനല്‍കി സ്ട്രെസില്‍നില്‍ നിന്ന് രക്ഷപ്പെടാനാണ് യാത്രചെയ്യുന്നത്. ബാംഗ്ലൂര്‍ മലയാളിയായ സുനില്‍ യാത്ര ചെയ്യുമ്പോള്‍ ഉണക്കി സൂക്ഷിച്ചിരിക്കുന്ന വിത്തുകള്‍ കൈയ്യില്‍ കരുതിയിരിക്കും.. യാത്രക്കിടയിൽ ഈ വിത്തുകൾ വനമേഖലകളിലും സമീപപ്രദേശങ്ങളിലും ഇടക്കിടെ ഇദ്ദേഹം എറിഞ്ഞിടും. മണ്ണിലെത്തുന്ന വിത്തുകൾ മഴയിൽ മുളച്ച് മരമായി പഴങ്ങളുണ്ടായി പക്ഷികൾക്കും മൃഗങ്ങൾക്കും ആഹാരം ലഭിക്കാനാണ് ഇദ്ദേഹത്തിന്റെ ഈ പ്രവൃത്തി. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് പ്രകൃതിയുടെ സന്തുലിനാവസ്ഥയെ തകിടം മറിക്കുന്നവര്‍ക്ക് പാഠമാവുകയാണ് സുനില്‍.

അരുണ്‍ കുമാര്‍ എന്ന വ്യക്തിയാണ് സുനിലിന്‍റെ നല്ലമനസ്സ് സമൂഹ മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പ് വായിക്കാം

ഫേസ്ബുക്ക് പോസ്റ്റ്

യാത്രകളിൽ വേറിട്ടൊരു ശീലം പുലർത്തുന്ന എന്റെ ഒരു സുഹൃത്തിനെപ്പറ്റിയാണ് ഈ കുറിപ്പ്.ആദ്ദേഹത്തിന്റെ പേര് സുനിൽ . ബാംഗ്ലൂർ മലയാളിയാണ്. ഇദ്ദേഹം തന്റെ ദീർഘയാത്രകളിൽ വിവിധ ഫലവൃക്ഷങ്ങളുടെ ഉണങ്ങിയ വിത്തുകൾ കയ്യിൽ കരുതിയിരിക്കും. യാത്രക്കിടയിൽ ഈ വിത്തുകൾ വനമേഖലകളിലും സമീപപ്രദേശങ്ങളിലും ഇടക്കിടെ ഇദ്ദേഹം എറിഞ്ഞിടും. മണ്ണിലെത്തുന്ന വിത്തുകൾ മഴയിൽ മുളച്ച് മരമായി പഴങ്ങളുണ്ടായി പക്ഷികൾക്കും മൃഗങ്ങൾക്കും ആഹാരം ലഭിക്കാനാണ് ഇദ്ദേഹത്തിന്റെ ഈ പ്രവൃത്തി. കഴിഞ്ഞ വർഷവും മഴക്കാലത്തിന് തൊട്ടു മുൻപ് സുനിലും ഞാനും ഒരു യാത്ര നടത്തിയിരുന്നു. അന്നദ്ദേഹം കയ്യിൽ കരുതിയിരുന്നത് ബാംഗളൂരിലെ വീട്ട് മുറ്റത്ത് നിന്ന് ശേഖരിച്ച് ഉണക്കി സൂക്ഷിച്ച നൂറിലധികം മാങ്ങാണ്ടിയായിരുന്നു. ഈ വർഷം അദ്ദേഹം യാത്രക്കെത്തിയപ്പോൾ കയ്യിൽ കരുതിയിരുന്നത് അരക്കിലോയിലധികം ഉണങ്ങിയ ഞാവൽ വിത്തുകളായിരുന്നു.സുനിലിന്റെ ഈ പ്രവർത്തികൾ എന്നെ ഏറെ ചിന്തിപ്പിച്ചു. പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കൽ പോലുള്ള ചെറിയ ചില കാര്യങ്ങൾ പാലിച്ചു കൊണ്ട് സ്വയം പ്രകൃതി സ്നേഹി എന്ന് വിശ്വാസിച്ചിരുന്ന എനിക്ക് തെറ്റി . ഞാൻ പ്രകൃതിയെ ദ്രോഹിക്കാതിരിക്കുന്നുണ്ടാകും പക്ഷെ സുനിലിനേപ്പോലുള്ളവരാണ് യഥാർത്ഥ പ്രകൃതി സ്നേഹികൾ . കാരണം മാവും ,പ്ലാവും ആഞ്ഞിലിയും, ഞാവലും പോലുള്ള തീറ്റ മരങ്ങളിൽ നിന്ന് പഴം തിന്ന് വിത്ത് വിസർജ്ജിച്ച് നാട്ടിലും കാട്ടിലും തൈകൾ മുളപ്പിച്ചിരുന്ന പല ജീവികളും ഇപ്പോൾ ഇല്ല. മനുഷ്യർ അവരെ ഇല്ലാതാക്കി. കാടകങ്ങളിലും നാട്ടിൻ പുറങ്ങളിലും പഴമരങ്ങൾ മുളക്കാതെയായി. ഇത്തരം പഴമരങ്ങളുടെ അഭാവം ജീവജാലങ്ങൾക്കിടയിൽ പല പ്രശ്നങ്ങളും പ്രകൃതിയിൽ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം ചില മനുഷ്യർ നമുക്കിടയിലുണ്ടെന്നത് ഒരു വലിയ തിരിച്ചറിവാണ്. ധാരാളം പേർക്ക് പ്രചോദനമാകുന്ന തിരിച്ചറിവ് .പഴമരങ്ങളുടെ വിത്തുകൾ കാട്ടോരങ്ങളിലും ഗ്രാമ വിജനതകളിലും വിതക്കുന്ന വേറെയും ചില കൂട്ടുകാർ സുനിലിന് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവർക്ക് യാത്രകൾ തീർത്ഥാടനംപോലെയാണ്; പലപ്പോഴായി ശേഖരിച്ച് ഉണക്കി സൂക്ഷിക്കുന്ന വിത്തുകൾ തീർത്ഥാടനത്തിലെ കാണിക്കയും.മുളച്ച് വളർന്ന് പഴമുണ്ടായി ജീവജാലങ്ങൾക്ക് ഗുണമാകട്ടെ എന്ന പ്രാർത്ഥനയോടെ അവരീപ്രവൃത്തി തുടരുന്നു. ഒരു എറിയുന്ന വിത്തുകളിൽ ഒരെണ്ണമെങ്കിലും വളർന്ന് മരമായി തീർന്ന് പഴം കായ്ച്ചാൽ പോലും ഈ യാത്ര സഫലമായി എന്നാണ് സുനിലിന്റെ വാദം.വീണ്ടുവിചാരമില്ലാതെ ഭൂരിപക്ഷ സമൂഹം ചെയ്യുന്ന പ്രവർത്തികൾക്ക് ഒരു പ്രായശ്ചിത്തം പോലെ ….ഇതെല്ലാം എനിക്കൊരു പുതിയ അറിവായിരുന്നു. കുറിപ്പ് വായിക്കുന്നവരിൽ ചിലർക്കെങ്കിലും ഇത്തരം യാത്രാ ശീലക്കാരെപ്പറ്റി അറിയാമായിരിക്കും. അറിയാത്തവർ അറിയട്ടെ . ചിലർക്കെങ്കിലും ഇത്തരം പ്രവർത്തികളിലെ അർത്ഥവും സന്തോഷവും കണ്ടെത്താൻ കഴിഞ്ഞേക്കും

Leave a Reply

Your email address will not be published. Required fields are marked *