ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇനി ഡിജിറ്റൽ രജിസ്റ്റർ സംവിധാനം
കോവിഡ് പ്രതിരോധത്തില്‍ പ്രധാനമായ കോൺടാക്ട് ട്രെയ്‌സിങ്ങിന് ഏറെ സഹായകമാകുന്ന ഡിജിറ്റൽ രജിസ്റ്റർ സംവിധാനം കോവിഡ്19 ജാഗ്രത പോർട്ടൽ വഴി ലഭ്യമാക്കി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എൻ.ഐ.സി). കോവിഡ്19 ജാഗ്രത പോർട്ടൽ വഴി നൽകുന്ന ഡിജിറ്റൽ രജിസ്റ്റർ സേവനം വഴി ഓഫീസുകളിലും, കടകളിലും, മറ്റ് സ്ഥാപനങ്ങളിലും എത്തുന്ന ഉപഭോക്താക്കളുടെ വിലാസവും സമയവും ഇനി സൗജന്യമായി ഇതിലൂടെ രേഖപ്പെടുത്താന്‍ കഴിയും.
കോവിഡ്19 ജാഗ്രത പോർട്ടലില്‍ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്ത് ആർക്കും ഈ സേവനം സൗജന്യമായി ഉപയോഗിക്കാം. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ലഭിക്കുന്ന ക്യുആർ കോഡ് പ്രിന്റ് ചെയ്തെടുത്ത് സ്ഥാപനങ്ങൾക്കും ഓഫീസുകള്‍ക്കും മുന്നിൽ പതിപ്പിക്കുന്നതോടെ ഡിജിറ്റൽ നടപടികൾ ആരംഭിക്കും. സ്ഥാപനങ്ങളിലേക്ക് എത്തുന്ന ഉപഭോക്താക്കൾക്ക് ഈ ക്യു ആർ കോഡ് സ്മാർട്ട്ഫോൺ വഴി സ്കാൻ ചെയ്ത് സ്വന്തം വിവരങ്ങൾ അതിൽ ലഭിക്കുന്ന ഫോമിൽ രേഖപ്പെടുത്താം. ഇതോടൊപ്പം ഉപഭോക്താക്കൾ എത്തുന്ന സ്ഥലവും സമയവും പോർട്ടലിൽ തനിയെ രജിസ്റ്റർ ആകും. ക്യു ആർ കോഡ് ഉപയോഗിച്ച് ഒരുപ്രാവശ്യം രജിസ്റ്റർ ചെയ്യുന്ന ഉപഭോക്താവ് ഇതേ സംവിധാനം ഉപയോഗിക്കുന്ന മറ്റ് സ്ഥാപനങ്ങളിൽ പോവുകയാണെങ്കിൽ ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ തന്നെ വിവരങ്ങൾ അതിൽ എഴുതി കാണിക്കും അത് സബ്മിറ്റ് ചെയ്താൽ മാത്രം മതിയാകും.
സ്മാർട്ട്ഫോൺ ഇല്ലാത്ത ഉപഭോക്താക്കളുടെ വിവരങ്ങൾ രേഖപ്പെടുത്താനും പോർട്ടലിൽ സംവിധാനമുണ്ട്. അതിനായി സ്ഥാപന ഉടമയ്ക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന പാസ്‌വേർഡും യൂസർ ഐഡിയും ഉപയോഗിച്ച് ന്യൂ എൻട്രി എന്ന ഓപ്ഷൻ വഴി ഉപഭോക്താവിന്റെ വിവരങ്ങൾ പോർട്ടലിൽ ചേർക്കാം.
കോവിഡ്19 ജാഗ്രത പോർട്ടൽ – ഡിജിറ്റൽ രജിസ്റ്റർ സംവിധാനം എങ്ങനെ ഉപയോഗിക്കാം
പോർട്ടലിൽ പ്രവേശിച്ചതിനു ശേഷം ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അതിൽ വരുന്ന വിസിറ്റേഴ്സ് രജിസ്റ്റർ സർവീസസ് എന്ന ലിങ്കിൽ കയറി മൊബൈൽ നമ്പർ കൊടുത്ത് രജിസ്റ്റർ ചെയ്യാം. പിന്നീട് ഡിജിറ്റൽ രജിസ്റ്റർ സേവനം ഉപയോഗപ്പെടുത്തേണ്ട സ്ഥാപനത്തിന്റെ വിവരങ്ങൾ നൽകി സേവ് ചെയ്യാം. ഒരു ക്യു ആർ കോഡ് ജനറേറ്റ് ആവും. ക്യു ആർ കോഡ് ഡൗൺലോഡ് ചെയ്തെടുത്ത് പ്രിന്റ് ചെയ്ത് സ്ഥാപനങ്ങൾക്ക് മുന്നിൽ പതിപ്പിക്കുന്നതാണ്. സ്ഥാപനങ്ങളിൽ എത്തുന്ന ഉപഭോക്താക്കളെ ക്യു ആർ കോഡ് സ്കാൻ ചെയ്ത് വിവരങ്ങൾ സബ്മിറ്റ് ചെയ്തതിനുശേഷം അകത്ത് പ്രവേശിക്കുന്നതോടെ സന്ദർശക വിവരങ്ങൾ ഒരു ഡിജിറ്റൽ രജിസ്റ്റർ ആയി ലഭ്യമാകും.
കൊവിഡ് ആരിൽ നിന്നും ആരിലേക്കും പകരാവുന്ന ഈ ഘട്ടത്തിൽ ഇത്തരമൊരു ഡിജിറ്റൽ രജിസ്റ്റർ എല്ലാവരും ഉപയോഗിക്കുക വഴി കോവിഡ്19 പോസിറ്റീവ് ആകുന്ന വ്യക്തിയെയും അവർ സന്ദർശിച്ച സ്ഥലങ്ങളും സ്ഥാപനങ്ങളും ഓഫീസുകളും അധികൃതർക്ക് എളുപ്പം കണ്ടെത്താനും വേണ്ട നടപടികൾ സ്വീകരിക്കാനും സാധിക്കും. കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ആകുന്ന ഈ വിവരങ്ങൾ ബന്ധപ്പെട്ട അധികൃതർക്കും ലഭ്യമാകും.
കോവിഡ് ജാഗ്രത പോർട്ടൽ വഴി കോവിഡ് രോഗികൾക്ക് ആംബുലൻസും റെഡി
സംസ്ഥാന സർക്കാരിന്റെ കോവിഡ‌് 19 ജാഗ്രത പോർട്ടലിലൂടെയും മൊബൈൽ ആപ്പിലൂടെയും ആംബുലൻസ‌് സൗകര്യം ആവശ്യക്കാർക്ക് ലഭ്യമാക്കാനുള്ള സംവിധാനവും ഇപ്പോൾ ലഭ്യമാണ്. കോവിഡ് ജാഗ്രത പോർട്ടലിൽ ഉൾപ്പെടുത്തിയ ആംബുലൻസ‌് മെനുവിൽ ആവശ്യമുള്ള ആർക്കും റിക്വസ്‌റ്റ് നൽകാം. ഒപ്പം കൺട്രോൾ റൂമിൽ വിളിച്ച് ആവശ്യപ്പെടുന്നവർക്കും ആംബുലൻസ് സൗകര്യം ഈ സേവനം വഴി ലഭ്യമാകും.
ആംബുലൻസ‌് ഉടമകൾക്ക‌് കോവിഡ‌് ആവശ്യത്തിനായി രജിസ‌്റ്റർ ചെയ്യാനും ആംബുലൻസ് ഡ്രൈവർമാരുടെ വിവരങ്ങൾ ചേർക്കാനും ഇതേ മെനുവിൽ സാധിക്കും.
ഈ പോർട്ടൽ വഴി സംസ്ഥാനത്തിനകത്ത‌് എവിടെ നിന്നും ആംബുലൻസ‌് സേവനം ആവശ്യപ്പെടാം. മൊബൈൽ നമ്പർ നൽകിവേണം റിക്വസ്‌റ്റ് നൽകാൻ. ഈ വിവരം ആരോഗ്യവിഭാഗത്തിന‌് കൈമാറും. രജിസ‌്റ്റർ ചെയ്യുന്ന നമ്പറിലേക്ക‌് ബന്ധപ്പെട്ട അധികാരികൾ വിളിച്ച‌് രോഗിയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കി അനുയോജ്യമായ ആംബുലൻസ‌് വിട്ടുനൽകും. രോഗിയുടെ അടുത്തുള്ള ആംബുലൻസിൽ കുറഞ്ഞ സമയത്തിൽ ആശുപത്രിയിലെത്തിക്കാൻ കഴിയുമെന്നതാണ‌് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഒപ്പം ജാഗ്രത പോർട്ടൽ ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കുന്ന ആംബുലൻസ് ഡ്രൈവറുടെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങളും ഈ ആപ്പ് വഴി ലഭ്യമാകും. ഒരു ആംബുലൻസ‌് നോഡൽ ഓഫീസർ ഇക്കാര്യങ്ങൾ മോണിറ്റർ ചെയ്യാനുണ്ടാകും.