കണക്ക്പുസ്തകം
ഒത്തുതീർപ്പാക്കാനുണ്ട്
പലതും..
അന്ന് നീ ഒടിച്ചുകളഞ്ഞ
പെൻസിലിന്റെ മുന.
തിരിച്ചുതരാമെന്ന്
പറഞ്ഞ് വാങ്ങിച്ച
ഒരു രൂപ.
കണക്ക് പരീക്ഷയിൽ
എന്നെക്കാൾ വാങ്ങിച്ച
ആ രണ്ട് മാർക്ക്.
നീ കൊടുത്ത ചൂരല് വാങ്ങി
ടീച്ചറടിച്ചതിന്റെ പാട്.
പെറ്റുപെരുകുമെന്ന് പറഞ്ഞ്
നീ തന്ന മയിൽപീലി
ഇന്നേവരെ പള്ള വീർപ്പിച്ചിട്ടില്ല.
നിന്റെ വാക്ക് കേട്ട്
ഞാൻ പൂവ് കൊടുത്തവരാരും
എന്നെ പ്രണയിച്ചതുമില്ല.
നീ
പറഞ്ഞതും ചെയ്തതും കള്ളം.
എന്നിട്ടും
എത്ര മനോഹരമായിട്ടാണ്
നീ എന്നെ നോക്കി ചിരിക്കുന്നത് !
നിസ നർഗീസ് പി സി