ചേച്ചിയമ്മ
മിനിത സൈബു (അടൂർ പന്തളം)
എൻ ഓമനപ്പൊൻ കിടാവേ നീ കരയാതുറങ്ങൂ കൺമണിയേ, അമ്മയതില്ല നിൻ ചാരെയെങ്കിലും നിഴലായി ഞാനെന്നും കൂടെയുണ്ടാകും…
നിന്നെയെൻ കൈകളിലേല്പിച്ചു നമ്മുടെയമ്മ വിട വാങ്ങിയ നേരം, നിനക്കൊരു ഓർമ്മപ്പൊട്ടായി പോലും തെളിഞ്ഞില്ലയെങ്കിലും, ഞാനെന്നുമോർക്കും ആ പീടികത്തിണ്ണയിലൊരു മിഴി പെയ്തു തോർന്നങ്ങു പോയത്…
അച്ഛനില്ലാത്തവളെന്നു ഞാൻ, ഏറെ കേട്ടു തഴമ്പിച്ചു പോയെങ്കിലും, നിനക്കായ് മാത്രമായെന്റെ ഹൃദയനോവുകൾ അടർത്തി മാറ്റുന്നു ഞാൻ…
എനിക്കുണ്ട് അച്ഛൻ നിനക്കുമുണ്ടച്ഛൻ, അവർ ആരെന്നറിയാതെ തിരശീലയ്ക്കു പുറകിലായ് മുഖംകെട്ടി ആട്ടമാടുമ്പോൾ നമുക്കില്ലാതെ പോയത് അമ്മ തൻ സ്നേഹക്കരുതൽ മാത്രം…
മനസിന്റെ നിലയൊന്നു തെറ്റിയവളെങ്കിലും, നമ്മെയൂട്ടുവാൻ ഉറക്കുവാൻ ചേർത്തു പിടിച്ചൊരു മുത്തം നല്കുവാൻ മറന്നില്ലൊരു നാളിലും നമ്മുടെയമ്മ…
കൈനീട്ടി ഭിക്ഷ യാചിച്ചു വാങ്ങിയ അന്നം, നമുക്കായ് പകുത്തു നല്കുവാൻ മറന്നില്ലൊരിക്കലും നമ്മുടെയമ്മ…
ഇനിയില്ല കുഞ്ഞേ ആ അമ്മ തൻ സ്നേഹം, പകരമായ് ഈ നെഞ്ചിലെ ചൂടേറ്റു നീയുറങ്ങേണം, കൈനീട്ടി വാങ്ങാം ഞാൻ നിനക്കായ് ഒരു നേരത്തെ ആഹാരമെങ്കിലും അതിലൂടെ നിന്നുടെ വിശപ്പകറ്റാം…
കണ്ണു തുറക്കുവാൻ മടിയുള്ള ദൈവങ്ങൾ തൻ ലോകമാണിതെങ്കിലും, വരും നമുക്കു മുന്നിലായ് ഏതെങ്കിലുമൊരു മനുഷ്യ ദൈവം, അതിനായ് നമുക്കും കാത്തിരിക്കാം….