ഭാവപൂര്‍ണ്ണിമയുടെ മോഹനലാലസം

ശ്രീകുമാര്‍ ചേര്‍ത്തല

മോഹന്‍ലാലില്ലാത്ത മലയാളത്തേയും മലയാളസിനിമയേയും മലയാളിക്ക് സങ്കല്‍പിക്കാനാവുമോ? ഇല്ല തന്നെ. ആരാണ് കേരളീയന് മോഹന്‍ലാല്‍? കാമുകനായും ഭര്‍ത്താവായും മകനായും വീരപുരുഷനായും യുദ്ധവീരനായും പൗരുഷത്തിന്റെയും ഹാസ്യത്തിന്റെയും നാട്യമനോഹാരിതയുടെ അനുപമ നിദര്‍ശനമായി നമ്മുടെ കണ്‍മുന്നില്‍ വേഷപ്പകര്‍ച്ചയുടെ കുടമാറ്റവുമായി എത്തി അനായാസമായ (flexible) അഭിനയത്തിലൂടെ ഇടതു തോള്‍ ചരിച്ച് ഹൃദയത്തില്‍ കയറിപ്പറ്റിയിരിക്കുന്നു ലാല്‍ എന്ന നടനസാഗരം. വിശ്രമവേളകളില്‍ വീട്ടിലെ മിനിസ്ക്രീനിലും വിനോദത്തിനായി സിനിമാശാലയിലെ അഭ്രപാളികളിലും, വിരസ നിമിഷങ്ങളില്‍ മൊബൈലിലും രസിപ്പിക്കാനെത്തുന്നു ലാല്‍.
ലാലിന്റെ അഭിനയ കാലഘട്ടത്തെ വിവിധ തലങ്ങളായി തിരിക്കാമെന്നു തോന്നുന്നു. പൗരുഷത്തിന്റെയും ക്രൂരതയുടെയും പരിവേഷമുള്ള വില്ലനിസത്തില്‍ നിന്ന് സ്ത്രൈണതയുള്ള വില്ലനായി “മഞ്ഞില്‍ വിരിഞ്ഞ പൂക്കളി ”ലൂടെ നടത്തം തുടങ്ങി, ശാരീരിക മെയ് വഴക്കത്തിലൂടെ ഗാനരംഗങ്ങളിലൂടെയും സംഘട്ടന രംഗങ്ങളിലൂടെയും മര്‍മ്മരസപ്രധാനമായ വേഷങ്ങളിലൂടെയും ഭാവുകത്വപ്രധാനമായ ഗൗരവകഥാപാത്രങ്ങളിലൂടെയും കുതിച്ചുകയറി ഒരു മാസ്സ് എന്‍റര്‍ട്രെയിനറായി സ്റ്റാര്‍ഡം ഉറപ്പിച്ചു അദ്ദേഹം. തുടര്‍ച്ചയായ ഹിറ്റുകളിലൂടെയും ബ്ലോക്ക് ബസ്റ്ററുകളിലൂടെയും സൂപ്പര്‍സ്റ്റാര്‍ പദവി കയ്യടക്കി, പഴയകാല മലയാളസിനിമയില്‍ “പ്രേം നസീര്‍- സത്യന്‍” ദ്വന്ദദ്വയം പോലെ ” മോഹന്‍ ലാല്‍- മമ്മൂട്ടി” ദ്വയദ്വന്ദത്തിന്റെ പുരോഗമപരമായ മത്സരാധിഷ്ഠിത പ്രകടനപരതയിലൂടെ “മലയാളത്തിന്റെ മഹാനട”നായി ലോകത്തെവിടെയുമുള്ള മലയാളഭാഷയുടെ അഭിനയ വിഹായസ്സില്‍ ഉത്തരോത്തരം ഭാവഗരിമ പകര്‍ന്ന്, നായക സങ്കല്‍പത്തിന് “സമ്മോഹന”മായ ദൃശ്യചാരുതയരുളുന്നു ലാല്‍.

പുരികക്കൊടിയുടെ ചലനത്തിലൂടെയോ (“അയാള്‍ കഥയെഴുതുകയാണ് “എന്ന ചിത്രത്തിലെ ” കുപ്പിവള കിലുകിലെ” എന്ന ഗാനരംഗത്തില്‍),ചുണ്ടുകളുടെ വക്രിക്കലിലൂടെയോ ( യോദ്ധ എന്ന ചിത്രത്തിലെ “പടകാളി ചണ്ഡിച്ചങ്കരി” എന്ന ഗാന രംഗത്തില്‍) തലകുത്തി മറിച്ചിലിലൂടെയോ (കാക്കക്കുയില്‍ എന്ന ചിത്രത്തിലെ “ആനാരേ ഗോവിന്ദാ” എന്ന ഗാനരംഗത്തില്‍) കണ്ണിറുക്കലിലൂടെയോ (ദേവാസുരം എന്ന ചിത്രത്തിലെ ” അംഗോപാംഗം സ്വരമുഖരം” എന്ന ഗാനരംഗത്തില്‍) കയ്യുടെ വിശാലമായി വിരിച്ചുള്ള ചലനത്തിലൂടെയോ ( ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ ” ഹരിമുരളീരവം” എന്ന ഗാനരംഗത്തില്‍), പൂര്‍ണ്ണമായ ശാരീരിക ഓട്ടത്തിലൂടെ (താളവട്ടം എന്ന ചിത്രത്തിലെ ” കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന” എന്ന ഗാനരംഗത്തില്‍ ), ഒരു ലാസ്യപ്രധാനമായ നൃത്തത്തിന്‍റെ സ്മരണയുണര്‍ത്തുകയോ ഭാവതലം നിമിഷാര്‍ധത്തിനു ള്ളില്‍ പ്രേക്ഷകമനസ്സില്‍ സൃഷ്ടിക്കുവാനോ പ്രാപ്തമാകുന്നു ലാലിന്‍റെ അഭിനയം .

ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍

“വാനപ്രസ്ഥം” എന്ന ചിത്രത്തിനു വേണ്ടി കഥകളിയും, “കമലദളം”, “ഭരതം” എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി ന‍ൃത്തവും, “വിഷ്ണുലോകം” എന്ന ചിത്രത്തിനു വേണ്ടി സര്‍ക്കസും, “ഉണ്ണികളേ ഒരു കഥ പറയാം” എന്ന ചിത്രത്തിനു വേണ്ടി മാജിക്കും “ഭരതം”, “ചിത്രം” എന്നീ ചിത്രങ്ങള്‍ക്കുവേണ്ടി സംഗീതവും അഭ്യസിക്കാനായി സ്വയം സമര്‍പ്പിക്കുന്നു അദ്ദേഹം. ശരീരഭാരം കുറച്ച് കഥാപാത്രത്തിനുവേണ്ടി ശാരീരിക ക്ലേശങ്ങള്‍ പോലും വകവയ്ക്കുന്നില്ല ലാലിലെ നടന്റെ ആത്മാര്‍ഥത ( ഒടിയന്‍, നരന്‍ , അങ്കിള്‍ ബണ്‍‍ എന്നീ ചിത്രങ്ങള്‍). അതോടൊപ്പം അദ്ദേഹം ആശാരിയായും (രസതന്ത്രം)കഥാകൃത്തായും(അയാള്‍ കഥയെഴുതുകയാണ്) കവിയായും ഗൂര്‍ഖയായും (ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്) ബിസിനസ് കാരനായും(ഹരിഹരന്‍ പിള്ള ഹാപ്പിയാണ്) പോലീസ് ഒാഫീസറായും(വന്ദനം) ഡിറ്റക്ടീവായും (പട്ടണപ്രവേശം) ഗൂണ്ടയായും(കിരീടം) അധോലോക രാജാവായും (ആര്യന്‍) സംഗീതജ്ഞനായും(ഭരതം) ഫോട്ടോഗ്രാഫറായും(ഫോട്ടോ ഗ്രാഫര്‍ , ചിത്രം)‍ കമ്പനിഗുമസ്തനായും (മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു) സ്വാതന്ത്ര്യ സമരസേനാനിയായും (കാലാപാനി) അഭ്യസ്തവിദ്യനായ തൊഴില്‍ രഹിതനായും (നാടോടിക്കാറ്റ്) അദ്ധ്യാപകനായും(ലൈഫ് ഈസ് ബ്യൂട്ടിഫുള്‍) വക്കീലായും(ഹരികൃഷ്ണ്ന്‍സ്) നിത്യജീവിതത്തിന്റെ വിവിധതുറകളിലെ വേഷങ്ങള്‍ തന്മയത്തത്തോടെ അവതരിപ്പിക്കുന്നു.

കമല്‍ഹാസനെപ്പോലുള്ളവരുണ്ടെങ്കിലും, അതുവരെയുള്ള ചലച്ചിത്രങ്ങളിലെ നായകനടന്മാരില്‍ നിന്നു വ്യതിരിക്തമായി ഗാനരംഗങ്ങളില്‍ ആനിതരസാധാരണമായ നൃത്തഭംഗി കൊണ്ടുവന്നു ലാല്‍. പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ നിറപ്പകിട്ടാര്‍ന്ന ഗാനങ്ങള്‍ ഒാര്‍ക്കുക. നര്‍മ്മമുഹൂര്‍ത്തങ്ങള്‍ വളരെ തന്മയത്തത്തോടെ പൂര്‍‍ണ്ണതയില്‍ അവതരിപ്പിക്കുന്നു ലാല്‍. (പ്രിയദര്‍ശന്‍ , സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍), ഗൗരവതരമായ സാഹചര്യങ്ങള്‍ മനോഹരമാക്കുന്നു ലാല്‍ (ലോഹിതദാസ്, സിബി മലയില്‍ ചിത്രങ്ങള്‍), സംഘട്ടന രംഗങ്ങളില്‍ അസാധാരണമായ മെയ് വഴക്കത്തോടെ ശാരീരിക ക്ഷമത പ്രദര്‍ശിപ്പിക്കുന്നു ലാല്‍ (ഷാജികൈലാസ്, ര‍‍ഞ്ജിത് ചിത്രങ്ങള്‍). യഥാതഥമായ സാഹചര്യ (realistic situational )ഹാസ്യമുഹൂര്‍ത്തങ്ങളാണ് ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട് സിനിമകളിലെ മോഹന്‍ലാല്‍ വിദഗ്ദമായി അഭിനയിച്ചു ഫലിപ്പിക്കുന്നതെങ്കില്‍ അല്‍പം കൂടി ഭാവനാത്മകവും അതിശയോക്തിയുടെ പൊലിമ നിറഞ്ഞതുമായ ഹാസ്യമുഹൂര്‍ത്തങ്ങളാണ് പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ മോഹന്‍ലാല്‍ കയ്യടക്കത്തോടെ അവതരിപ്പിക്കുന്നത് .

മുന്‍കാല മലയാളചിത്രങ്ങളില്‍ പ്രേം നസീര്‍- അടൂര്‍ഭാസി ഹാസ്യകൂട്ടുകെട്ടു പോലെ പോലെ മോഹന്‍ലാലിന്റെ ഹാസ്യചിത്രങ്ങളില്ചില്‍ ലാല്‍-ജഗതി (കിലുക്കം, യോദ്ധ), ലാല്‍-ശ്രീനിവാസന്‍ (ചിത്രം, നാടോടിക്കാറ്റ്, അക്കരെയക്കരെ), ലാല്‍- ജഗദീഷ് (ബട്ടര്‍ഫ്ലൈസ്. മാന്ത്രികം) ലാല്‍- ഇന്നസെന്റ് (വിയറ്റ് നാം കോളനി, ചന്ദ്രലേഖ) കൂട്ടുകെട്ട് ദൃശ്യമാണെങ്കിലും ഗൗരവതരമായ പ്രമേയങ്ങളില്‍ ലാലിന്റെ സോളോ പ്രകടനപ്രതിഭാസമാണ് കാണുക. മോഹന്‍ലാല്‍- മമ്മൂട്ടി ദ്വന്ദങ്ങളില്‍ ഒരാള്‍ പൗരുഷപ്രധാനമായ പ്രണയരംഗങ്ങള്‍ പകര്‍ത്തിവയ്കുമ്പോള്‍, ഒരാള്‍ കുറേക്കൂടി ഇഴുകിച്ചേര്‍ന്നതും ശൃംഗാരരസപ്രധാനമായ പ്രണയരംഗങ്ങള്‍ മനോധര്‍മ്മമനുസരിച്ച് ചാലിച്ചു ഭംഗിയാക്കുന്നതായി കാണുന്നതും ഗൗരവപ്രായചമയ(make-up) പ്രാധാന്യം വേണ്ടിവരുന്ന ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ മാത്രമായ സ്വതസിദ്ധമായ ശാരീരികചേഷ്ടകള്‍ (mannerism) കുറച്ചുമാത്രം കടന്നുവരുമ്പോള്‍ സമാന ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ മാത്രമായ സ്വതസിദ്ധമായ ശാരീരികചേഷ്ടകള്‍ ( തോള്‍ ചെരിച്ച നടത്തം, നൃത്തഭാവം, സംസാരശൈലി തുടങ്ങിയവ) കൂടുതലായി കടന്നുവരുന്ന‍ സവിശേഷത, ദേവസങ്കല്‍പങ്ങളില്‍ പരമശിവനെ മമ്മൂട്ടിയോടും ശ്രീകൃഷ്ണനെ മോഹന്‍ലാലിനോടും ചേര്‍ത്തുവയ്കുന്നതിന് സമാനമാണ്

ഭരതം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍

മോഹന്‍ലാലിന്‍റെ നൃത്തശേഷിയുടെ അനന്യതയും ഗാംഭീര്യവും പ്രൗഢിയും വിവിധ ചിത്രങ്ങളില്‍ കാണാന്‍ കഴിയും. ചിത്രം, ബട്ടര്‍ഫ്ലൈസ്, കാക്കക്കുയില്‍, തേന്മാവിന്‍ കൊമ്പത്ത്, ഹലോ തുടങ്ങിയവയിലെ ചടുലനൃത്തങ്ങളും ഭരതം, കമലദളം തുടങ്ങിയ ചിത്രങ്ങളിലെ ശാസ്ത്രീയ നൃത്തങ്ങളും താരതമ്യം ചെയ്തു നോക്കുക.
‍ കുറച്ചുമാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും വൃദ്ധവേഷങ്ങളിലെ വ്യത്യസ്തത മോഹന്‍ലാല്‍ അനുപമമാക്കിയിട്ടുണ്ട് പരദേശി, രാവണപ്രഭു, ഉടയോന്‍ എന്നീ ചിത്രങ്ങളില്‍.

“മഞ്ഞില്‍ വിരിഞ്ഞപൂക്കളു”മായി കടന്നു വന്ന്, “വാനപ്രസ്ഥ”വും താണ്ടി, ഭാവരസങ്ങള്‍ “കിലുക്കി”, വിനയപൂര്‍വ്വം അഭിനയകലയ്ക് “വന്ദന”മര്‍പ്പിച്ച്, താരാരാധനയുടെ ചക്രവ്യൂഹം ഭേദിക്കുന്ന “അഭിമന്യു”വായി, “ഇരുപതാം നൂറ്റാണ്ടി”ല്‍ “രാജാവിന്റെ മകനാ”യി, “ആറാം തമ്പുരാനാ”യി, “ദശരഥ”സഞ്ചാരരസങ്ങളുടെ “നരസിംഹ”മായി, അഭിനയകലയുടെ “കിരീട”വും “ചെങ്കോലും” ചാര്‍ത്തി, കലയുടെ “നാട്ടുരാജാവാ”യി, ഭാവതലങ്ങളുടെ “ഉടയോനാ”യി,നടനവിന്യാസത്തിന് “കിളിച്ചുണ്ടന്‍ മാമ്പഴ”ത്തിനൊത്ത മധുരിമ പകര്‍ന്ന് “ആട്ടക്കലാശ”ങ്ങളുടെ “ദേവദൂത”നായി, തിരശീലയില്‍ “വര്‍ണ്ണപ്പകിട്ടെ”ഴുതി, നാട്യ”ചിത്ര”ത്തിന് അപൂര്‍വ്വസുന്ദരമായ “സ്ഫടിക “ഭാഷ്യം രചിക്കുന്ന ലാല്‍ എന്ന നടനചാരുതക്ക് അദ്ദേഹത്തിന്റെ അറുപതാം പിറന്നാളിന് ആയുരാരോഗ്യസൗഖ്യങ്ങളോടെ മംഗളഭാവുകങ്ങള്‍ നേരുന്നു. അദ്വിതീയവും നവ്യഭാവുകത്വം നിറഞ്ഞതുമായ ഭാവപ്രകടനങ്ങള്‍ കൊണ്ട് അനുഗൃഹീതമായ അഭീനയനിമിഷങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *