മലയാളത്തിന്‍റെ സ്വന്തം ഇതിഹാസകഥാകാരന്‍
ജിബി ദീപക്
അദ്ധ്യാപിക, എഴുത്തുകാരി
ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി. വിജയന്‍ മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റും, ചെറുകഥാകൃത്തും നോവലിസ്റ്റും, കോളമെഴുത്തുകാരനായ പത്രപ്രവര്‍ത്തകനും കൂടി ആയിരുന്നു.
1975 ല്‍ ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ നിശിതമായ വിമര്‍ശനം എഴുത്തിലൂടെയും, കാര്‍ട്ടൂണുകളിലൂടെയും ആവിഷ്‌കരിച്ച ഇന്ത്യന്‍ എഴുത്തുകാരില്‍ ഒരാള്‍ ഒ.വി. വിജയനാണ്. അദ്ദേഹത്തിന്‍റെ ‘ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം’ ഇതിനു തെളിവാണ്. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്ത ‘ധര്‍മ്മപുരാണം’ എന്ന നോവല്‍ വിജയനെ മലയാളത്തിലെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാക്കി മാറ്റി.
ഒ.വി. വിജയന്‍ എന്ന മലയാള സാഹിത്യകാരന്റെ മാസ്റ്റര്‍പീസ് നോവലാണ് ‘ഖസാക്കിന്റെ ഇതിഹാസം’. മലയാള നോവല്‍ സാഹിത്യ ചരിത്രത്തെ, ‘ഖസാക്ക് പൂര്‍വ്വകാലഘട്ടമെന്നും ഖസാക്കാനന്തര കാലഘട്ടമെന്നും നെടുകെ പകുത്ത കൃതി’ എന്ന് ഈ നോവല്‍ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയനെ മലയാളി ഇന്നും ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിന്റെ പേരിലാണ്. ഭാഷാപരവും, പ്രമേയപരവുമായ ഔന്നത്യംകൊണ്ട് മലയാളത്തില്‍ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ശ്രേഷ്ഠമായ കൃതികളില്‍ ഒന്നാണ് ഒ.വി. വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം.
1969 ല്‍ പ്രസിദ്ധീകൃതമായ ഈ നോവല്‍ അതുവരെയുണ്ടായിരുന്ന സാഹിത്യസങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചു. ഖസാക്കിന്‍റെ ഭാഷ അന്നുവരെ മലയാളി പരിചയിച്ചിട്ടില്ലാത്ത പുതിയൊരു ശൈലി കൈക്കൊണ്ട മലയാളമായിരുന്നു. ‘കരിമ്പനകളില്‍ കാറ്റ് പിടിക്കുമ്പോള്‍’, ‘ഈരച്ചൂട്ടുകള്‍ ബഹിരാകാശക്കപ്പലുകളിലെ സന്ദേശ വാഹകരെപ്പോലെ മിന്നിക്കടന്നുപോകുമ്പോള്‍’ എന്ന വരികള്‍ മലയാളി കൗതുകത്തോടെയും അമ്പരപ്പോടെയും ആസ്വദിച്ചു വായിച്ചനുഭവിച്ചു. അപരിചിതമായ വാക്കുകളും, ശൈലികളും ഖസാക്കില്‍ അവര്‍ കണ്ടു. പുതുമയും, പൂര്‍ണതയുമാര്‍ന്ന ബിംബങ്ങള്‍ ഖസാക്കിന്റെ മാത്രം മുഖമുദ്രയായിരുന്നു.
പ്രമേയപരമായും ഖസാക്ക് മലയാള സാഹിത്യത്തില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. പരസ്ത്രീഗമനം നടത്തുന്ന അഗമ്യഗമനം നടത്തുന്ന, ഇരുണ്ട ഇടങ്ങള്‍ ഹൃദയത്തിലൊളിപ്പിച്ച, നെഗറ്റീവ് ഇമേജുള്ള നായകന്മാര്‍ അതുവരേയ്ക്കും മലയാള സാഹിത്യത്തിന് അന്യമായിരുന്നു. അക്കാലമത്രയും ആദര്‍ശധീരരായ, നമ്മുടെ വിളനിലങ്ങളായ നായകന്മാരായിരുന്നു സാഹിത്യലോകത്തിനെന്നും പരിചയമായിരുന്നത്. ആ സാഹചര്യത്തിലേക്കാണ് രവിയെന്ന തോന്ന്യാസിയായ, അസന്മാര്‍ഗിയായ നായകന്‍ ധൈര്യപൂര്‍വം കയറിവരുന്നത്. പുതിയ സത്യങ്ങളെ, ശീലങ്ങളെ ഉള്‍ക്കൊള്ളാന്‍ മടിച്ച്, അന്നത്തെ യാഥാസ്ഥിതികരായ ചില പ്രമുഖര്‍ ഖസാക്കിനെതിരെ, രവിക്കെതിരെ, വിജയനെതിരെ വാളെടുത്തു.
ഖസാക്കിനെ ഉള്‍ക്കൊള്ളാന്‍ സാഹിത്യസമൂഹവും, വായനാസമൂഹവും അല്‍പം സമയമെടുത്തു. പക്ഷേ താമസിയാതെ തന്നെ മലയാളി ഖസാക്കിനെ ആവേശപൂര്‍വ്വം സ്വീകരിച്ചു, നെഞ്ചിലേറ്റി.
ബസ് ചെന്നു നിന്നപ്പോള്‍’ എന്ന് ആരംഭിക്കുകയും ‘ബസ് വരാനായി കാത്തുകിടന്നു’ എന്ന് അവസാനിക്കുകയും ചെയ്യുന്ന ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലില്‍ കൂമന്‍കാവും, ചെതലിമലയും, നെടുവരമ്പുകളും, തീവണ്ടി പാതകളും ഏകാദ്ധ്യാപക വിദ്യാലയത്തിന്റെ ചവിട്ടുപടികളും ഖസാക്കിലെ തോട്ടിലേക്ക് തുഴഞ്ഞുവരുന്ന ചുവന്ന പുള്ളിയും, നെറുകയില്‍ ചൂട്ടുമുള്ള പരല്‍ മീനിന്റെ പാതയുമൊക്കെ മലയാളി വായനയിലൂടെ മനസ്സില്‍ കണ്ടു. രവിയും നൈസാമലിയും, മൈമൂനയും, സെയ്യദ് മിയാന്‍ ശൈഖും അള്ളാപ്പിച്ചയുമൊക്കെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ചു.
ഖസാക്കിന്റെ ആധാരസ്ഥലമായ പാലക്കാടുള്ള ‘തസ്രാക്ക്’ ഇന്ന് ഒരു സാംസ്‌കാരിക തീര്‍ഥാടനസ്ഥാനമായാണ് അറിയപ്പെടുന്നത്.
മനുഷ്യജീവിതത്തിന്റെ വിപരീത സമസ്യയെ ആവിഷ്‌കരിക്കാനുള്ള ദാര്‍ശനിക യത്‌നങ്ങളാണ് ഒ.വി. വിജയന്റെ എല്ലാ രചനകളും. വൃദ്ധനും നിസ്സഹായനുമായ വെള്ളായിയപ്പന്റെ കഥ പറഞ്ഞ കടല്‍ത്തീരത്ത് ഇരുപത്തിയൊന്നാം നൂറ്റാണ്ട്- കാറ്റ് പറഞ്ഞ കഥ, അശാന്തി തുടങ്ങിയ കഥകളിലെല്ലാം തന്നെ മനുഷ്യജീവിതത്തിലെ എക്കാലത്തെയും സന്ദിഗ്ദ്ധതകളെ വിജയന്‍ മനോഹരമായി ചിത്രീകരിച്ചു.
വായനക്കാരുടെ ഹൃദയത്തില്‍ നേടിയ കടല്‍ത്തീരത്തെ വെള്ളായിയപ്പനേയും, ഖസാക്കിലെ രവിയേയും, ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിനായരേയും വായനാലോകം ഒരിക്കലും മറക്കില്ല. അതെഴുതിയ എഴുത്തുകാരനേയും.