ശശി കലിംഗ വിടവാങ്ങി

ചലച്ചിത്ര നടന്‍ ശശി കലിംഗ വിടവാങ്ങി. കോഴിക്കോട് സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. വി. ചന്ദ്രകുമാര്‍ എന്നാണ് ശരിയായ പേര്.

നാടകരംഗത്ത് ഏറെ ശ്രദ്ധേയനായിരുന്ന ശശി കലിംഗ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് സിനിമയില്‍ ശ്രദ്ധേയനായത്. നാടകത്തിന് പുറമെ നിരവധി ടെവിഷന്‍ സീരിയലുകളിലും മുന്‍ഷി പരമ്പരയിലും അഭിനയിച്ചിട്ടുണ്ട്.  കുറഞ്ഞ കാലയളവില്‍ സ്വതസിദ്ധമായ ഭാഷയിലൂടെയും അഭിനയശൈലിയിലൂടെയും തന്റേതായ സ്ഥാനം സിനിമാലോകത്ത് നേടിയെടുത്തു. പ്രാഞ്ചിയേട്ടന്‍ ആന്റ് ദ് സെയ്ന്റ്, പുലിമുരുകന്‍, കസബ, ആമേന്‍, അമര്‍ അക്ബര്‍ അന്തോണി, ഇന്ത്യന്‍ റുപ്പി എന്നീ സിനിമകളിലെ വേഷങ്ങള്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രത്തിലാണ്  അവസാനമായി അഭിനയിച്ചത്.

കോഴിക്കോട് കുന്നമംഗലത്ത് ചന്ദ്രശേഖരന്‍ നായരുടെയും സുകുമാരിയമ്മയുടെയും മകനായാണ് ജനനം. പ്രഭാവതിയാണ് ഭാര്യ.

Leave a Reply

Your email address will not be published. Required fields are marked *