അമ്മയ്ക്കായ്
ധരണിതനുദരം പിളര്‍ന്നു
രുധിരം ചിതറി
അര്‍ക്കനാഗതനായ്
പ്രാണന്‍റെ കടയ്ക്കലിരുളുപാകും
പേറ്റുനോവിനിടയിലും
നിളതന്നോളം പോലാര്‍ദ്രമാകും
പൊക്കിള്‍ക്കൊടിപൊട്ടി
ഭൂമിതൊട്ടവന്‍റെ ആദ്യനാദം
ചോരക്ഷീരമായ് ചുണ്ടിലിറ്റിച്ചു
മാറിലെ ചൂടില്‍
നെഞ്ചകം താരാട്ടായി
അമ്മക്കിളിതനുമീര്‍-കുഴച്ചു
കുഞ്ഞികൊക്കുകളിലന്നംപകരെ
കാലം കേട്ടു
അമ്മയെന്‍റെയാണെന്‍റെയാണെന്‍റെയാണ്
കാലാന്തരെയയനമിരുളുപാകി
ചക്രം തിരിയവെ
ചുണ്ടിലമ്മിഞ്ഞവറ്റി
ഗ്രീഷ്മതാപം മാറിലെ ചൂടിന്‍
തുവലടര്‍ത്തിമാറ്റി
അന്നം കടയാന്‍ സ്വന്ദിനിവറ്റി
കാലം കേട്ടു
അമ്മ നിന്‍റെയാണ് നിന്‍റെയാണ് നിന്‍റെയാണ്
കാലത്തിന്‍ ആദിയുമന്തവുംകണ്ട്
ഉള്ളിലുറയുന്ന ധര്‍മ്മം ചോദിച്ചു
അമ്മ നിന്‍റെയോ അതോ എന്‍റെയോ
അതോ നിനക്കും എനിക്കുമായെരിഞ്ഞടങ്ങിയ
നെയ്യ്തിരിനാളമോ?
നിഷ റെജിമോന്‍