ഓർക്കുക…നല്ലൊരു നാളെ നമുക്കായി കാത്തിരിപ്പുണ്ട്.
ജി.കണ്ണനുണ്ണി.
കോവിഡ് പ്രഭാതങ്ങൾ നമ്മുടെ മനസ്സുകളെ തെല്ലൊന്ന് ആശങ്കപ്പെടുത്താറുണ്ട്.ദിനവും കൂടി വരുന്ന കോവിഡ് കേസുകളുടെ എണ്ണവും കോവിഡ് ലോക വാർത്തകളും നമ്മളെ ചിന്തിപ്പിക്കാറുണ്ട്. ജോലി, ബിസിനസ്,ലോൺ, കുട്ടികൾ,മാതാപിതാക്കൾ, ഭാര്യ, കൂട്ടുകാർ എന്നിവരുടെ ആരോഗ്യം അങ്ങനെ പലവിധ ചിന്തകൾ മനസ്സിൽ പലപ്പോഴായി കടന്നുപോകുക സ്വാഭാവികം.
നമ്മുടെ മാനസിക ആരോഗ്യം ശാരീരിക ആരോഗ്യവുമായി ഏറെ ബന്ധപ്പെട്ടതാണ്. ശുഭാപ്തി വിശ്വാസത്തോടെ നമുക്ക് ഇന്നിന്റെ മോശം കാലത്തെ നേരിടേണ്ടതുണ്ട്. അവസാന ബോളിൽ സിക്സ് അടിച്ചു കളി ജയിക്കാൻ നിൽക്കുന്ന ധോണിയുടെ ആത്മധൈര്യത്തോടെ നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്.
ലോണുകൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ഒരു പരിധിവരെ നമുക്ക് ആശ്വാസം തന്നെയാണ്. കോവിഡ് കാലത്ത് അനാവശ്യ ചിലവുകൾ നമുക്ക് ജീവിതത്തിൽനിന്ന് പൂർണ്ണമായി ഒഴിവാക്കാം. പെട്രോൾ വില കുതിച്ചുയരുമ്പോൾ സൈക്കിൾ യാത്ര ശീലമാക്കാം.സൈക്കിൾ യാത്ര വ്യായാമം കൂടിയാണ്. സാമ്പത്തിക ലാഭത്തിനൊപ്പം ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യും സൈക്കിൾ യാത്ര.
ജോലി പോയാൽ നമ്മുടെ ജീവൻ പോയി എന്നർത്ഥമില്ല. മണ്ണിലിറങ്ങി പണിയെടുക്കാൻ നമ്മൾ തയ്യാറെങ്കിൽ പിന്നെ നമ്മളെ തോൽപ്പിക്കാൻ ആർക്കാണ് സാധിക്കുക. കേരളം ലക്ഷക്കണക്കിന് വരുന്ന അതിഥി തൊഴിലാളികളുടെ ഗൾഫായി മാറിയത് നമ്മുടെ വൈറ്റ് കോളർ ജോലി ഭ്രമത്തിന്റെ ഭാഗമായി തന്നെയല്ലേ?.
കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതിയിക്കുക.അവർക്ക് ഓൺലൈൻ ക്ലാസ്സുകൾ ഭംഗിയായി നടക്കുന്നുണ്ട്. അവരുടെ പഠന കാര്യത്തിൽ നമ്മുടെ ശ്രദ്ധ ഇപ്പോൾ ആവശ്യവുമാണ്. കോവിഡ് ആശങ്കകൾ പങ്കുവച്ച് കുട്ടികളുടെ മനസ്സ് തളർത്താൻ മാതാപിതാക്കൾ ഒരിക്കലും ശ്രമിക്കുന്നത്. അവർക്ക് ധൈര്യം നൽകേണ്ടത് നമ്മളാണ്. കോവിഡ് കാലത്ത് കുട്ടികളെ അനാവശ്യമായി പുറത്തുപോകാൻ അനുവദിക്കരുത്.പത്തു വയസ്സിൽ താഴെയുള്ള കുട്ടികളെ വീട്ടിൽ നിന്ന് പുറത്തിറക്കാതിരിക്കുക.
ദൈവത്തിന്റെ സുന്ദരമായ സൃഷ്ടിയാണ് മനുഷ്യൻ. ഇരുകൈകളും ഇല്ലാത്ത ഒരു ചേട്ടൻ വൈറ്റില ഹബ്ബിൽ ലോട്ടറി വിറ്റ് ഉപജീവനം കഴിക്കുന്നത് കൂട്ടുകാർ കണ്ടിട്ടുണ്ടോ… നമ്മുടെ അന്ധ സഹോദരങ്ങളും, അംഗവൈകല്യമുള്ള ഒട്ടേറെ സഹോദരങ്ങളും മനോഹരമായി ജോലി ചെയ്തു കുടുംബമായി ജീവിച്ചു കാണിക്കുന്ന സമൂഹമാണ് നമ്മുടേത്. അവരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുക. കോവിഡ് കാലത്തെ സഹന വഴിയിലൂടെ അതിജീവിക്കേണ്ടത് നമ്മുടെ കടമയാണ്. ഓർക്കുക നാളെയുടെ നല്ല പ്രഭാതങ്ങൾ നമുക്കായി കാത്തിരിപ്പുണ്ട്.