ചക്രകസേരയിലെ ഫാഷൻ താരം അഞ്ജു
ആത്മവിശ്വാസിത്തിൻ്റെ ആൾ രൂപമാണ് അഞ്ജുറാണി .ശാരീരിക പരിമിതികളിൽ തളർന്നു പോകുന്ന മനസിനെ മാനസിക ധൈര്യം കൊണ്ട് മറികടന്നവൾ.ഉയരങ്ങളിലേക്കുള്ള ചവിട്ടുപടിയായി തൻ്റെ വൈകല്യങ്ങളെ കൂട്ടുപിടിച് ,മിന്നി തെളിയുന്ന ക്യാമറ ലൈറ്റുകളിലും കാണികളുടെ കണ്ണുകളിലും സന്തോഷത്തിൻ്റെ ദൃശ്യവിരുന്നൊരുക്കി അവൾ ഫാഷൻ റാമ്പുകളിൽ തൻ്റെ കറങ്ങുന്ന ചക്രകസേരയുമായി താരമാകുന്നു.
ഇത് ഇടുക്കി പൊന്മുടി സ്വദേശികളായ റിട്ടയർ അധ്യാപകൻ കെ ജി ജോയിയുടെയും ജെസ്സിയുടെയും മകളായ അഞ്ജുവിൻ്റെ വേറിട്ടൊരു കഥ.ജന്മനാ കാലിനു ചലനശേഷിയില്ലാത്തവൾ എന്ന വിശേഷണത്തിൽ തീരുമായിരുന്ന ജീവിതം റെക്കോർഡ് നേട്ടങ്ങൾ കൊണ്ട് മറികടന്നവൾ.” സ്പെഷ്യൽ പരിഗണന “വീട്ടിൽ കിട്ടാതിരുന്നത് കൊണ്ട് തന്നെസഹതാപത്തിൻ്റെ തീചൂളയിൽ അഞ്ജു വാടികരഞ്ഞില്ല. പകരം കരുത്താർന്ന സുന്ദരി പൂവായി അവൾ വിളങ്ങി. ആർസെൻസ് മീഡിയ സൊല്യൂഷൻസ് സംഘടിപ്പിച്ച റാമ്പിൽ ആദ്യമായി ചുവട് വെക്കുമ്പോൾ സിനിമയിലും നാടകത്തിലും അഭിനയിച്ച പരിചയം സഹായമായി.എങ്കിലും സെലിബ്രിറ്റി മോഡൽ എന്നഇമേജ് അല്പം ഭയപ്പെടുത്തിയെങ്കിലും യുട്യൂബിലോക്കെ സെർച്ച് ചെയ്ത് റാമ്പും അതിൻ്റെ പ്രത്യേകതയും മനസിലാക്കി. പതർച്ചയില്ലാതെ ആത്മവിശ്വാസത്തോടെ വീൽ ചെയറിൽ അഞ്ജുവിൻ്റെ ആദ്യ ചുവടുകൾ വിജയമായപ്പോൾ ഫാഷൻ ലോകത്തിനു പുതിയൊരു താരറാണിയെ ലഭിച്ചു. ആദ്യ ഷോ വിജയമായതോടെ ഈ – ഉന്നതി സംഘടിപ്പിച്ച ഫാഷൻ ഷോയിൽ ” ഷോ സ്റ്റോപ്പറായി” വീണ്ടുമെത്തി.ഫാഷൻ മേഖലയിൽ ” യൂണിവേഴ്സൽ റെക്കോർഡ് ഫോറം” ,”റെക്കോർഡ് സെക്ടർ” എന്നി അവാർഡുകൾ ഈ മിടുക്കി കരസ്ഥാമാക്കിയിട്ടുണ്ട്.ഒരു നല്ല കൂട്ടുകാരൻ ,ഇൻഷാ, ഇനി സിനിമകളിൽ അഞ്ജു അഭിനയിച്ചിട്ടുണ്ട് . അഭിനയവും ഫാഷൻനും ഒന്നിച്ചു കൊണ്ട് പോകാനാണ് അഞ്ജുവിനു ആഗ്രഹം . തള്ള വിരലും ചൂണ്ട് വിരലും ഉപയോഗിച്ചു ഒന്നര കിലോ ഭാരമുള്ള സ്‌ഫടിക ജാർ ഉയർത്തി റെകോഡ് തെളിയിച്ചിട്ടുണ്ട് അഞ്ജു .പ്ലാവില പ്ലസ് ടീവി മീഡിയ മാനേജർ,വീഡിയോ എഡിറ്റർ,മിറർ വർക്ക്,ഓൺലൈൻ കോസ്റ്റും ബോട്ടിക് ,ആഭര നിർമാതാവ് എന്നിങ്ങനെ നിരവധി മേഖലകളിൽ തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട് അഞ്ജു .
ഭിന്നശേഷിക്കാർക്ക് കഴിവുകൾ വികസിപ്പിക്കുന്നതനായി ബിസിനസ് യൂണിറ്റോടു കൂടിയ വീട് പണിയണം എന്നതാണ് അഞ്ജുവിൻ്റെ സ്വപ്‌നം.ജീവിത പ്രശ്നങ്ങളെ ചിരിച്ചു കൊണ്ട് നേരിടണമെന്നും,ജോലി ഭാരം കുറയ്ക്കാൻ കലാപരമായ നമ്മുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കണമെന്നുമാണ് അഞ്ജുവിൻ്റെ ഉപദേശം . ജീവിതം ആസ്വദിക്കണമെങ്കിൽ സന്തോഷം വേണം.അതിനുള്ള വഴികൾ കണ്ടത്തെത്തുകയാണ് നമ്മൾ ചെയ്യേണ്ടത്.ഗിന്നസ് റെക്കോർഡ് എന്ന ലക്‌ഷ്യം നേടുന്നതിനായി പരിശ്രമിക്കുന്ന അഞ്ജു റാണി തൻ്റെ ജീവിതം കൊണ്ടാണ് ഏവർക്കും മാതൃകയാകുന്നത്.
പ്രശോഭ കൃഷ്ണന്