തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പോള്‍ മാനേജര്‍ ആപ്പ്
തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സുഗമമാക്കുന്നതിനായി പോള്‍ മാനേജര്‍ അടക്കമുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍.
വോട്ടെടുപ്പ് ദിനത്തിലും അതിന് മുന്‍പ് ഉള്ള ദിവസത്തിലുമാണ് പോള്‍ മാനേജര്‍ ആപ്പ് ഉപയോഗിക്കുക. വോട്ടിംഗ് യന്ത്രങ്ങള്‍ ഏറ്റുവാങ്ങുന്നത് മുതല്‍ വോട്ടെടുപ്പ് കഴിഞ്ഞ് തിരിച്ചേല്‍പ്പിക്കുന്നത് വരെയുള്ള വിവരങ്ങള്‍ ആപ്പില്‍ രേഖപ്പെടുത്തും.
വോട്ടിംഗ് ദിവസം ഓരോ ബൂത്തുകളില്‍ നിന്നുള്ള വോട്ടിംഗ് ശതമാനം കൃത്യമായ ഇടവേളകളില്‍ ഈ അപ്പിലൂടെ ഉദ്യോഗസ്ഥര്‍ നല്‍കും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ചെടുത്ത ഈ ആപ്പില്‍ മുന്‍കൂട്ടി നിശ്ചയിച്ച 21 ചോദ്യാവലികളാണ് ഉള്ളത്. കൂടാതെ പോളിങ് സ്റ്റേഷനിലേക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു തിരിച്ചെത്തുന്നത് വരെയുള്ള വിവരങ്ങള്‍ ആപ്പില്‍ രേഖപ്പെടുത്തും. പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് ആപ്പ് ഉപയോഗിക്കുവാന്‍ സാധിക്കുക. ഉദ്യോഗസ്ഥരുടെ ഫോണില്‍ ലഭ്യമാകുന്ന ഒ റ്റി പി നമ്പര്‍ ഉപയോഗിച്ചാണ് ആപ്പ് ഓപ്പണ്‍ ചെയ്യേണ്ടത് .ഉദ്യോഗസ്ഥര്‍ക്ക് നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുവാനുള്ള സംവിധാനം, തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ ലഭ്യമാക്കും.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിനായി ഇ-ഡ്രോപ്പ് സോഫ്റ്റ്വെയര്‍ സംവിധാനം സംബന്ധിച്ച പരിശീലനം എന്‍ ഐ സി ഇതിനുമുന്‍പ് പൂര്‍ത്തീകരിച്ചിരുന്നു. കൂടാതെ നാമനിര്‍ദ്ദേശ പത്രികകള്‍ കൈകാര്യം ചെയ്യുന്നതിനായി lsgelection.kerala.gov.in എന്ന വെബ് പോര്‍ട്ടലും ഉണ്ട്.