പഞ്ചാരക്കൊല്ലി
വയനാടന്‍ ഗ്രാമീണഭംഗി ആവോളം ആസ്വദിക്കണമെങ്കില്‍ ഒരിക്കലെങ്കിലും പഞ്ചാരക്കൊല്ലിയില്‍ പോണം. ഹരിതാഭയാര്‍ന്ന പുല്‍മേടുകളും മാനം മുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന മുട്ട കുന്നുകളും പഞ്ചാരക്കൊല്ലിയുടെ മാത്രം പ്രത്യേകതയാണ്. ആദിവാസികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ആരംഭിച്ച തേയിലത്തോട്ടമാണ് പ്രീയദര്‍ശനി എസ്റ്റേറ്റ് . ഇന്ന് രാജ്യത്തിന്‍റെ ടൂറിസം പട്ടികയില്‍ ഇവിടം സ്ഥാനം പിടിച്ചിരിക്കുന്നു. പ്രീയദര്‍ശിനി ടി എന്‍വിറോണ്‍സ് എന്ന പേരിലുള്ള ടൂറിസം പാക്കേജുകളാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. രാജ്യാന്തര സൈക്ലിംഗ് മത്സരങ്ങള്‍ക്ക് രണ്ടുതവണ വേദിയായിട്ടുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.
1984 ല്‍ ആണ് ആദിവാസികള്‍ക്ക് ജീവിതമാര്‍ഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പഞ്ചാരക്കൊല്ലിയിലെ മൊട്ടകുന്നുകള്‍ തേയിലതോട്ടമായി ഒരുക്കിയെടുത്തത്. തേയില ഫാക്ടറിയും ഇവിടെ ഉയര്‍ന്നു. പ്രീയദര്‍ശിനി ചായപ്പൊടി വിപണിയിലെത്താനും അധികം സമയം വേണ്ടിവന്നില്ല. പിന്നീട് നഷ്ടത്തിലായ ചായത്തോട്ടത്തെ നവീകരിക്കാന്‍ സബ്കളക്ടര്‍മാര്‍ മുന്നോട്ടുവച്ച പദ്ധതിയാണ് ടീ എന്‍വിറോണ്‍സ്. തോട്ടം നടത്തിപ്പിനൊപ്പം ടൂറിസത്തിനുകൂടെ പ്രധാന്യം നല്‍കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. തോട്ടത്തെ ബാധിക്കാതെയുള്ള ടൂറിസത്തിന് ഇവിടം തുടക്കമായി. സഞ്ചാരികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ താമസിക്കാനും കാനനഭംഗി ആസ്വദിക്കാനും കഴിയുന്ന ഇടമായി മാറന്‍ അധികം കാലതാമസം വേണ്ടിവന്നില്ല.