മുതിർന്ന പൗരൻമാരുടെ ലോകം
ജി.കണ്ണനുണ്ണി.
കോവിഡ്കാലം ഏറ്റവും കൂടുതൽ വീട്ടിലിരുത്തിയത് മുതിർന്ന പൗരൻമാരെയും , കുട്ടികളെയുമാണ്. വിശാലമായ ലോകത്തിൽ നിന്ന് വീടിന്റെ ചുമരുകൾക്കുള്ളിൽ ഒതുങ്ങേണ്ടി വന്നവരാണ് വൃദ്ധ ജനങ്ങൾ.
കോവിഡ് കാലം അവസാനിക്കുന്നത് വരെ ശ്രദ്ധ തുടരുക തന്നെവേണം. വൃദ്ധ ജനങ്ങളിൽ ശ്വാസകോശ രോഗമുള്ളവർ, ഹൃദയ സംബന്ധവും, കരൾ,വൃക്ക സംബന്ധമായ അസുഖമുള്ളവർ,അർബുദ രോഗികൾ, തുടങ്ങിയവർ കൂടുതൽ ശ്രദ്ധ പാലിക്കുക. വീട്ടിൽ ഉള്ളവരോട് തന്നെ ആരോഗ്യകരമായ അകലം പാലിക്കുക. പക്ഷെ മാനസിക ഉല്ലാസത്തിന് ഒരു കുറവും വരുത്തുകയുമരുത്. നിങ്ങൾ ഒറ്റയ്ക്കല്ല…ഒരുപാട് ചെയ്യാനുണ്ട്
നഗരങ്ങളിലെ ഫ്ലാറ്റുകളിൽ ഒക്കെ കഴിയുന്ന മുതിർന്ന പൗരന്മാർ എപ്പോഴും മുറിയിൽ അടച്ചിരുന്നു വേണ്ടാത്ത ചിന്തകൾ മനസിലേക്ക് ക്ഷണിച്ചു വരുത്തരുത്. ഇടയ്ക്ക് ബാൽക്കണിയിൽ പോയി പുറം കാഴ്ചകൾ ആസ്വദിക്കാം. മൂളി പാട്ടുകൾ പാടാം. ഇഷ്ടമുള്ള ഗാനങ്ങൾ ആസ്വദിക്കാം.ചെറിയ രീതിയിലുള്ള വ്യായാമവും, യോഗയും ശീലിക്കാം.അങ്ങനെ ആരോഗ്യവും സംരക്ഷിക്കാം.
മാനസിക ഉല്ലാസത്തിനും, വിജ്ഞാനത്തിനുമുള്ള നല്ലൊരു ഉപാധിയാണ് വായന. പുസ്തകമില്ലാത്തവർക്ക് മൊബൈലിൽ ഇ-വായനയ്ക്കും അവസരമുണ്ട്. കൂട്ടുകാരുമായി ഫോണിൽ ഒരു നിശ്ചിത സമയത്ത് സംസാരിച്ച് സൗഹൃദം നിലനിർത്തുകയും, ഒപ്പം ഏകാന്തത അകറ്റുകയും ചെയ്യാം. വിഡിയോ കോൾ ചെയ്താൽ നേരിട്ട് കണ്ടു സംസാരിക്കുന്ന അതേ സന്തോഷം ലഭിക്കുകയും ചെയും.
ചെറിയ കൃഷിയൊക്കെ ചെയ്തും ആനന്ദം കണ്ടെത്താം. സ്വയമായി കൃഷിചെയ്യുന്ന വിഷരഹിത പച്ചക്കറികൾ കഴിച്ച് ആരോഗ്യം വർധിപ്പിക്കുകയും ചെയ്യാം. കോവിഡ് കാലം നമ്മൾ അതിജീവിക്കും. വീട്ടിലെ മുതിർന്ന പൗരന്മാർക്ക് കരുതൽ നൽകാനും കുടുംബാംഗങ്ങളും മറക്കരുത്..