യുവതലമുറയ്ക്ക് മാതൃകയായി അഖില പ്രസാദ്
ജിഷ മരിയ
കേക്ക് ബേക്കിംങ്ങിലൂടെ സ്വയംപര്യാപ്തത നേടിയ അഖിലയാണ് ഇന്ന് കൂട്ടുകാരിയോട് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത്. പഠനത്തോടൊപ്പം ബിസിനസും ഒരുമിച്ചുകൊണ്ടുപോകാമെന്ന് യുവതലമുറയ്ക്ക് കാണിച്ചുകൊടുക്കുകയാണ് അഖില. ലോക്ഡൗണ്‍ സമയം വെറുതെ കളയാതെ ഹോംമെയ്ഡ് കേക്ക് ഉണ്ടാക്കി വരുമാനമാര്‍ഗമുണ്ടാക്കുകയാണ് തിരുവനന്തപുരം കണ്ണമൂല സ്വദേശിനി അഖില പ്രസാദ്. രണ്ടുവര്‍ഷം മുമ്പാണ് അഖില കേക്ക് നിര്‍മ്മാണത്തിലേക്ക് എത്തിയത്
ബ്ലാക്ക് ഫോറസ്റ്റ് കേക്കാണ് ആദ്യം ഉണ്ടാക്കി പരീക്ഷിച്ചത്.യൂട്യൂബിലെ വീഡിയോകള്‍ കണ്ട് ചില മാറ്റങ്ങള്‍ വരുത്തിയാണ് പരീക്ഷിച്ചത്. സഹോദരന്‍ അനന്ദുവിന്‍റെ ട്യൂഷന്‍ സാറിനാണ് ആദ്യമായി കേക്ക് നല്‍കിയത്. അനിയന്‍റെ കൂട്ടുകാരും അമ്മ ശാന്തിയും തന്‍റെ സുഹൃത്തുക്കളും സപ്പോര്‍ട്ട് നല്‍കിയതോടെ കേക്ക് ബേക്കിംങ്ങില്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയതായി അഖില . ‘തുടക്കം മുതല്‍ തന്‍റെ കൂട്ടുകാരി ആനിയും അവളുടെ അമ്മയും നല്‍കുന്ന പ്രോത്സാഹനം ചെറുതല്ല. കേക്കിലൂടെ ലഭിക്കുന്ന വരുമാനം പഠനാവശ്യത്താനായാണ് ഉപയോഗിക്കുന്നത്. ആഴ്ചയില്‍ മൂന്നും, നാലും കേക്കുകള്‍ വിറ്റുപോകാറുണ്ട്. ബന്ധുക്കളും, സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം എനിക്ക് നല്ല പിന്തുണയാണ് നല്‍കുന്നത്’. ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, ചോക്കോ വെല്‍വെറ്റ് എന്നിവയ്ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. കസ്റ്റമേഴ്സിന്‍റെ ഫ്‌ളേവേഴ്‌സ് അനുസരിച്ചാണ് അഖില കേക്ക് ഡിസൈന്‍ ചെയ്യുന്നത്.
ഒറ്റിജി ഓവന്‍, കേക്ക് ടിന്‍, ഡിസൈന്‍ ചെയ്യാനുള്ള സാമഗ്രികള്‍ എന്നിവയാണ് ആദ്യം വേണ്ടത്. ഇതിനോടകം തന്നെ നൂറുകണക്കിന് കേക്കുകള്‍ ചെയ്തു കഴിഞ്ഞു ഈ കൊച്ചു മിടുക്കി. വാങ്ങുന്നവര്‍ വീണ്ടും വീണ്ടും ഓര്‍ഡറുകള്‍ തരുന്നതും ഓര്‍ഡറുകള്‍ കിട്ടിതുടങ്ങിയതും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചതായും അഖില.
അമ്മ ശാന്തി ഫാര്‍മസിയിലാണ് ജോലി ചെയ്യുന്നത്.ഒഴിവ് സമയങ്ങളില്‍ അമ്മയും തന്നോടൊപ്പം കൂടുമെന്ന് അഖില പറയുന്നു. തിരുവനന്തപുരം ആള്‍ സെയ്ന്‍റ്സ് കോളേജില്‍ ധനശാസ്ത്രത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് അഖില.പ്രതിസന്ധികളെ തരണം ചെയ്ത് കേക്ക് ബിസിനസിനോടൊപ്പം ധനശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടാനും കുടുംബത്തിന് താങ്ങാകാനും കഴിയണമെന്നുമുള്ള പ്രതീക്ഷയിലാണ് അഖില