ഉറക്കത്തിൽ നിന്ന് ഉണർന്ന് നെവാഡോ ഡെൽ റൂയിസ്
ലാറ്റിൻ അമേരിക്കൻ രാജ്യം കൊളംബിയയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള നെവാഡോ ഡെൽ റൂയിസ് എന്ന അഗ്നിപർവ്വതം മൂന്നു പതിറ്റാണ്ടുകളുടെ ഉറക്കത്തിൽ നിന്നു ഉണർന്ന് തീ തുപ്പാൻ തുടങ്ങിയിരിക്കുന്നു. മുപ്പത്തിയാറ് വർഷം മുമ്പ് കാൽ ലക്ഷത്തോളം പേരുടെ മരണത്തിന് ഇടയാക്കുകയും അർമേറോ എന്ന പട്ടണത്തെ നാമാവശേഷമാക്കുകയും ചെയ്തു ഈ അഗ്നിപർവ്വതം. ഇതിൽ നിന്ന് വരുന്ന അതിതീവ്ര പുകയും ചാരവും പർവതത്തിന്റെ ശൃംഗങ്ങളെ പൊതിഞ്ഞു നിന്ന മഞ്ഞ് ഉരുകി ഒലിക്കാൻ കാരണമാകുന്നു.
പ്രസിദ്ധമായ റിങ് ഓഫ് ഫയർ ശൃംഖലയിൽ ഉൾപ്പെട്ട അഗ്നിപർവതമാണ് നെവാഡോ. കൊളംബിയ തലസ്ഥാനം ബൊഗോട്ടയിൽ നിന്നു 169 കിലോമീറ്റർ അകലെയാണ് ഇതു സ്ഥിതി ചെയ്യുന്നത്. 69 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് 1985 ൽ ഈ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മാരകമായ അഗ്നിപർവ്വത വിസ്ഫോടനങ്ങളിൽ ഒന്നായിരുന്നു ഇത്.
1985 നവംബർ പതിമൂന്നിന് അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് അർമേറോയിലേക്ക് അടുക്കുന്നത് സുഖ സുഷുപ്തിയിലായിരുന്ന അർമേറോ നിവാസികൾ അറിഞ്ഞിരുന്നില്ല. 23000 പേർ അന്ന് അൽമേറോയിൽ മാത്രം മരണപ്പെട്ടു. ദുരന്തത്തിന്റെ ഏറ്റവും വലിയ അടയാളമായി മാറിയത് ചെളിയിൽ കുടുങ്ങി കിടന്ന ഒമയ്റ സാഞ്ചസ് എന്ന പെൺകുട്ടിയുടെ ദയനീയ ചിത്രമാണ്. അൽമേറോയിലെ ദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്നതാണ് പിന്നീട് അവിടെ പഠനങ്ങൾ നടത്തിയവർ പറയുന്നത്. സ്ഫോടനം നടക്കാൻ സാധ്യത ഉണ്ടെന്നറിഞ്ഞിട്ടും കൊളംബിയൻ സർക്കാർ മെല്ലെപ്പോക്കു നയം സ്വീകരിച്ചതാണ് ദുരന്തത്തിന് ആക്കം കൂട്ടിയതെന്ന വിമർശനങ്ങൾ ധാരാളം ഉയർന്നു. ഇന്നു കൊളംബിയൻ സർക്കാർ നെവാഡോ അഗ്നിപർവ്വതത്തെ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.