ചർമ്മത്തിലെ പാടുകൾ മറക്കാനോ കണ്ണിന് താഴെയുള്ള ഭാഗം മനോഹരമാക്കാനോ തോന്നുന്നില്ല : നടി യാമി ഗൗതം
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമായ യാമി ഗൗതം അഭിമുഖത്തിനിടെ വീണ്ടും തന്റെ ചർമ്മ പ്രശ്നത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. തന്നെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്ന ചർമ്മ പ്രശ്നമായ കെരാറ്റോസിസ് പിലാരിസ് എന്ന രോഗത്തെക്കുറിച്ച് മുൻപും നടി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. ആദ്യമൊക്കെ തന്നെ ഇത് ഒരുപാട് തളർത്തിയെന്നും. കാലക്രമേണ സാഹചര്യങ്ങൾ മനസ്സിലാക്കി പൊരുത്തപ്പെടുവാനും, തന്റെ കുറവുകളെ സ്നേഹിക്കുവാനും സ്വീകരിക്കുവാനും വർഷങ്ങളുടെ പരിശ്രമത്തിലൂടെയാണ് തനിക്ക് കഴിഞ്ഞതെന്നും നടി വ്യക്തമാക്കുന്നു.
ചർമ്മത്തിൽ കൂടുതലായി കെരാറ്റിൻ ഉൽപ്പാദിപ്പിക്കപ്പെടുന്നതിനാൽ കുരുക്കളും പാടുകളും ചർമ്മത്തിലുണ്ടാകുന്ന അവസ്ഥയാണിത്. കൈകളിലും തുടകളിലുമാണ് കൂടുതലായും കാണപ്പെടുന്നത്.
പലപ്പോഴും പൊതുഇടങ്ങളിൽ ചെല്ലുമ്പോൾ ആളുകൾ തന്നെ ചർമ്മത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഒരിക്കൽ ഒരു ഫോട്ടോഷൂട്ടിന് ശേഷം തന്റെ ചിത്രങ്ങളിലെ പാടുകൾ മറക്കുന്ന കണ്ടതിനെ തുടർന്നാണ് തന്റെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തുവാൻ നടി തീരുമാനിച്ചത്. ” ചർമ്മത്തിലെ പാടുകൾ മറക്കാനോ കണ്ണിന് താഴെയുള്ള ഭാഗം മനോഹരമാക്കാനോ അരക്കെട്ട് പാകപ്പെടുത്തി അവതരിപ്പിക്കാനോ തോന്നുന്നില്ല. എന്നിട്ടും അവ സുന്ദരമായിരിക്കുന്നു.” എന്നായിരുന്നു നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അന്ന് ചർമ്മത്തെ കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങൾ ബുദ്ധിമുട്ടായിരുന്നില്ലെന്നും മറിച്ച് അത് സ്വാതന്ത്ര്യം പകരുന്നതാണെന്നും നടി പറയുന്നു.
തെലുങ്ക്, തമിഴ്, കന്നട, മലയാളം, പഞ്ചാബി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ ബ്രാൻഡുകളും മറ്റു ഉല്പന്നങ്ങളും പരിചയപ്പെടുത്തുന്ന പ്രമുഖ സെലിബ്രിറ്റി കൂടിയാണ് യാമി ഗൗതം.