സ്പൈഡർമാൻ കോമിക് പുസ്തകത്തിന്റെ ഒരു പേജ് വിറ്റത് 24 കോടി രൂപയ്ക്ക്
മുതിർന്നവരാകട്ടെ കുട്ടികളാവട്ടെ എല്ലാവരും ഒരേ പോലെ ഇഷ്ടപ്പെടുന്ന സൂപ്പർ ഹീറോയാണ് സ്പൈഡർമാൻ. മാർവൽ കോമിക്സിന്റെ അമാനുഷിക കഥാപാത്രം. ഇപ്പോഴിതാ 1984 ൽ പ്രസിദ്ധീകരിച്ച സ്പൈഡർമാൻ പുസ്തകത്തിലെ ഒരു പേജ് വിറ്റിരിക്കുന്നത് 3.36 മില്യൺ ഡോളറിന്. ഇന്ത്യൻ രൂപയിൽ ഏകദേശം 24 കോടി രൂപ.
മാർവൽ കോമിക്സിന്റെ സീക്രട്ട് വാർഡ് നമ്പർ 8 എന്ന പുസ്തകത്തിലെ ഇരുപത്തിയഞ്ചാം പേജാണ് ലേലത്തിൽ വിറ്റുപോയത്. ഹെറിറ്റേജ് ഓക്ഷൻസ് എന്ന സ്ഥാപനം ലേലത്തിൽ വെച്ച ഈ പേജ് ആരാണ് കോടികൾ മുടക്കി വാങ്ങിയത് എന്നീ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇക്കാലമത്രയും ഏറ്റവും വിലമതിക്കുന്ന കോമിക് പുസ്തകമെന്ന സ്ഥാനം സൂപ്പർമാൻ സീരിയസിനായിരുന്നു. അതാണ് സ്പൈഡർമാൻ തകർത്തത്.
സ്റ്റാൻലി, സ്റ്റീവ് ഡിറ്റ്കോ എന്നിവർ ചേർന്നാണ് ഈ കഥാപാത്രത്തെ നിർമ്മിച്ചത്. പീറ്റർ പാർക്കർ എന്നാണ് സ്പൈഡർമാന്റെ യഥാർത്ഥ പേര്. ഒരിക്കൽ അണു വിസരണമുള്ള ഒരു ചിലന്തിയുടെ കടിയേൽക്കുന്ന ഹൈസ്കൂൾ വിദ്യാർത്ഥിയായ പീറ്റർ പാർക്കിന് ചിലന്തിയുടെ സമാനമായ ചില അമാനുഷിക ശക്തികൾ ലഭിക്കുന്നു. പിന്നീട് അയാൾ സ്പൈഡർമാൻ എന്ന പേരിൽ ദുഷ്ട ശക്തികൾക്കെതിരെ പോരാടുന്നു. ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ജനപ്രിയ കഥാപാത്രവും വാണിജ്യപരമായി വിജയിച്ചതുമായ സൂപ്പർ ഹീറോകളിലൊന്നാണ് സ്പൈഡർമാൻ. നിരവധി ആനിമേറ്റഡ്, ലൈവ് ആക്ഷൻ ടെലിവിഷൻ പരമ്പരകൾ, സിൻഡിക്കേറ്റ് ന്യൂസ് പേപ്പർ കോമിക്സ് സ്ട്രിപ്പുകൾ തുടങ്ങി നിരവധി മാധ്യമങ്ങളിൽ ഈ സൂപ്പർ ഹീറോ പ്രത്യക്ഷപ്പെട്ടു.