ഉത്ര…മകളെ മാപ്പ്….സമൂഹമേ തല താഴ്ത്തു..
ഉത്ര…മകളെ മാപ്പ്….സമൂഹമേ തല താഴ്ത്തു..
പെണ്മക്കൾ ഭാരമാണെന്നു കരുതുന്ന കാലഘട്ടത്തിൽ ഉത്രമാരാകാനാണു പെണ്‍കുഞ്ഞുങ്ങള്‍ക്ക് വിധി. കുഞ്ഞു ജനിച്ചു വീഴുമ്പോൾ തന്നെ ആദ്യ ചോദ്യം ആണോ? പെണ്ണോ ? ഇവിടെ തുടങ്ങുന്നു വേർതിരിവ്. ആൺ കുട്ടി ആണെങ്കിൽ മനസറിഞ്ഞു സന്തോഷിക്കും. പെണ്ണ് ആണെങ്കിൽ കപട സദാചാരത്തെ കൂട്ടുപിടിച്ചു മനസ്സിൽ കരഞ്ഞുകൊണ്ട് മധുരം വിളമ്പും.. എന്നു തീരും ഈ കപടത.. ആണും പെണ്ണും സൃഷ്ടിക്ക് മാത്രം മതിയോ? മക്കളെ മാതാപിതാക്കൾ തന്നെ വേർതിരിച്ചു കാണുന്ന രീതി മാറ്റണം. അവിടെ തുടങ്ങണം പുരോഗമനം.
രക്ഷിതാക്കൾ രണ്ട് കണ്ണുകൾ പോലെ ഒന്നായി മക്കളെ കാണുമ്പോൾ അത്മവിശാസമുള്ളവരായി അവർ വളരും.വീട്ടുജോലി പെൺകുട്ടിക്ക്, പുറംജോലി ആൺകുട്ടിക്ക്. ആൺകുട്ടി ചൂൽ എടുക്കരുത്, പെൺകുട്ടി ഉദക ക്രിയ ചെയ്യരുത്, തുടങ്ങി ആവശ്യത്തിനും അനാവശ്യത്തിനും ഉടക്ക് സംബ്രദായം.ഇത്തരം ചട്ടക്കൂടിൽ വളരുന്ന മക്കൾ പ്രതികൂല സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കും
ഇവിടെ ഉത്രക്ക് സംഭവിച്ചത് മറ്റൊരു കുട്ടിക്കും നാളെ സംഭവിക്കാതിരിക്കട്ടെ. മാനസിക പ്രശ്നം നേരിടുന്ന മകൾക്ക് ഭാവിയിൽ കൂട്ടിനു ആരെന്ന ചോദ്യമാകാം ആ അച്ഛനെ അലട്ടിയിരുന്നത്.പരിഹാരമായി മുന്നിലെത്തിയത് ആട്ടിൻ തോലണിഞ്ഞ ചെന്നായും.ഇവിടെ മകൾക്ക് ഭർത്താവിനെ തിരഞ്ഞെടുത്തപ്പോൾ അച്ഛന് തെറ്റിയില്ലേ. മരുമകൻ തന്‍റെ സ്വത്തിനെ അമിതമായി ആഗ്രഹിക്കുന്നെടെന്നു അറിഞ്ഞു കൊണ്ടാണ് ഈ വിവാഹം നടന്നത്. ഇവിടെ സ്ത്രീധനം എന്ന ആചാരത്തെ പ്രോത്സാഹിപ്പിച്ചു
ഈ ലോക്ക്ഡൌണ്‍ കാലത്ത് ഏതൊക്കെ കാര്യങ്ങൾ നാം വേണ്ടാന്ന് വെച്ചു. ആർഭാടത്തിൽ മുങ്ങി പോകുന്ന കല്ല്യാണങ്ങൾ അൻപത് പേരിലേക്ക് ഒതുക്കി.ആഘോഷങ്ങൾ കുടുംബത്തിലെ ചടങ്ങായി.അതുകൊണ്ട് നഷ്ടങ്ങൾ ഒന്നുമില്ല. പകരം നല്ലൊരു സമ്പ്രദായം നമ്മൾ വാർത്തെടുത്തു.. ഇതുപോലെ തന്നെ എല്ലാ അനാചാരങ്ങളും ഒഴിവാക്കാവുന്നതേ ഉള്ളു. അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങൾ പെട്ടന്ന് പ്രതികരിക്കുകയും പൊടുന്നനെ കെട്ടടങ്ങുകയും ചെയ്യുന്ന ട്രെൻഡ് നിർത്തലാക്കാം. പകരം ശാശ്വത പരിഹാരമാണ് നല്ലത്. കാരണം തെറ്റുകുറ്റങ്ങൾ ആവർത്തിക്കാട്ടിരിക്കട്ടെ. ഇവിടെ ഉത്തരയുടെ ഭർത്താവ് സൂരജ് മാത്രമല്ല തെറ്റുകാരൻ. നാം ഓരോരുത്തരും അടങ്ങുന്ന സമൂഹമാണ്, നമ്മൾ വാർത്തെടുത്ത സംബ്രദായമാണ്.സൂരജ് എന്ന ചെറുപ്പക്കാരനിൽ സ്ത്രീധനം എന്ന വിഷവിത്ത് നട്ടു വളർത്തിയത് സമൂഹമാണ്. അതിനുള്ള കുറുക്ക് വഴി കണ്ടെത്തി എന്ന കുറ്റം അയാൾക്ക് നൽകാം, ഒപ്പം നമ്മുടെ നാട്ടാചാരകളെ ഓർത്തു ലജ്ജിച്ചു തല താഴ്ത്താം.
പെൺമക്കൾക്ക് ആവശ്യം ഒരു ആൺതുണ അല്ല. അവളുടെ ഭാവിക്കു വേണ്ട കരുതലാണ്.അവർക്കു നല്ല വിദ്യാഭ്യാസം, ജോലി എന്നിവ ഉറപ്പു വരുത്തുക. എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ നമ്മൾ പരിഹരിച്ചു കൊടുക്കുക. ഓർക്കുക, അച്ഛനുമമ്മക്കും പകരമാവില്ല മറ്റൊരാളും.ആണിന് ആവശ്യമില്ലാത്ത സ്ത്രീധന സംബ്രദായം പെണ്ണിന് ആവശ്യമുണ്ടോ.. ആണും പെണ്ണും ഒരു നാണയത്തിന്‍റെ ഇരുവശങ്ങൾ പോലെ വിളങ്ങട്ടെ.നമ്മുടെ അടുത്ത തലമുറ എങ്കിലും പരസ്പര വിശ്വാസത്തിലും സ്നേഹത്തിലും ദാമ്പത്യം സന്തോഷമാകട്ടെ.